Indian Cooperator

ഭവനസംഘത്തിന്റെ പൊതുയോഗംവിളിച്ചില്ല; മൂന്നു ഭാരവാഹികള്‍ പുറത്ത്

2022-23, 2023-24 സാമ്പത്തികവര്‍ഷങ്ങളിലെ വാര്‍ഷിക പൊതുയോഗം നിശ്ചിതസമയത്തു വിളിച്ചുകൂട്ടുന്നതിലും നിയമപ്രകാരം ഓഡിറ്റര്‍മാരെ നിയമിക്കുന്നതിലും ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിലും വീഴ്ച വരുത്തിയ ഭവനനിര്‍മാണ സഹകരണസംഘം ഭാരവാഹികള്‍ പുറത്ത്. മഹാരാഷ്ട്രയിലെ ബോറിവാലി ജന്‍കല്യാണ്‍ ഭവനനിര്‍മാണ സഹകരണസംഘത്തിലെ മൂന്നു ഭാരവാഹികളെയാണു ആര്‍ നോര്‍ത്ത് ഡിവിഷന്റെ സഹകരണസംഘം രജിസ്ട്രാര്‍ അയോഗ്യത കല്‍പ്പിച്ചു സ്ഥാനത്തുനിന്നു നീക്കിയത്. സംഘത്തിന്റെ ബാക്കിയുള്ള കാലാവധിക്കിടയില്‍ ഭരണസമിതിയിലേക്കുണ്ടാവുന്ന തിരഞ്ഞെടുപ്പിലും കാലാവധിക്കുശേഷമുള്ള രണ്ടു വര്‍ഷങ്ങളിലും ഇവര്‍ക്കു മത്സരിക്കാനുമാവില്ല.

ദേവേന്ദ്ര ചിപ്ലുങ്കറിന്റെ നേതൃത്വത്തിലുള്ള ഏതാനും സംഘാംഗങ്ങളാണു സംഘത്തിനെതിരെ പരാതി ഉന്നയിച്ചത്. അനാസ്ഥ, ദുര്‍ഭരണം, വികസനവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ വൈകിക്കല്‍, സുതാര്യതയില്ലായ്മ തുടങ്ങിയ കുറ്റങ്ങളും പരാതിക്കാര്‍ ഭരണസമിതിക്കെതിരെ ഉന്നയിച്ചിട്ടുണ്ട്. 1960 ലെ മഹാരാഷ്ട്ര സഹകരണസംഘം നിയമത്തിലെ സെക്ഷന്‍ 75 (5) അനുസരിച്ചാണു ചെയര്‍മാന്‍ നമ്രത സാംഘെ, സെക്രട്ടറി സുധാകര്‍ ചവാന്‍, ഖജാന്‍ജി ലക്ഷ്മണ്‍ മലേക്കര്‍ എന്നിവരെ സഹകരണസംഘം രജിസ്ട്രാര്‍ അയോഗ്യരാക്കിയത്. നേരിട്ട് ഉത്തരവാദിത്തമില്ലെന്നു ബോധ്യപ്പെട്ടതിനെത്തുടര്‍ന്നു ഭരണസമിതിയിലെ മറ്റംഗങ്ങള്‍ക്കെതിരായ നടപടികള്‍ രജിസ്ട്രാര്‍ പിന്‍വലിച്ചിട്ടുമുണ്ട്.

തങ്ങള്‍ക്കു സൊസൈറ്റിരേഖകള്‍ തരാന്‍ വിസമ്മതിച്ച ഭരണസമിതി വിശേഷാല്‍ പൊതുയോഗത്തിലെടുത്ത തീരുമാനങ്ങളെ അവഗണിച്ചെന്നും പരാതികള്‍ പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്നും പരാതിക്കാര്‍ ആരോപിച്ചു. സംഘത്തിന് ഒരു പ്രോജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റിനെയും അഭിഭാഷകനെയും നിയമിക്കുന്നതുസംബന്ധിച്ച് എടുത്ത തീരുമാനം ഇവര്‍ നടപ്പാക്കിയില്ലെന്നും പരാതിക്കാര്‍ ആരോപിച്ചു. പരാതികളെല്ലാം അടിസ്ഥാനരഹിതമെന്നു പറഞ്ഞു ഭരണസമിതി തള്ളിയെങ്കിലും ആരോപണങ്ങളില്‍ പലതും രജിസ്ട്രാര്‍ ശരിവെക്കുകയാണുണ്ടായത്. വാര്‍ഷികപൊതുയോഗം യഥാസമയം വിളിക്കുന്നതിലും യോഗങ്ങള്‍ക്കു ശരിയായ നോട്ടീസ് കൊടുക്കുന്നതിലും രേഖകള്‍ സൂക്ഷിക്കുന്നതിലും ഓഡിറ്റര്‍മാരെ നിയമിക്കുന്നതിലും മറ്റും ഭരണസമിതിക്കു വീഴ്ച സംഭവിച്ചതായി രജിസ്ട്രാര്‍ കണ്ടെത്തി. നിയമപരമായ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ സഹകരണസംഘം ചെയര്‍മാനും സെക്രട്ടറിയും ഖജാന്‍ജിയും പരാജയപ്പെട്ടെന്നും രജിസ്ട്രാര്‍ നിരീക്ഷിച്ചു.

Related posts

സഹകരണസംഘങ്ങളുടെയുംസര്‍ക്കിള്‍ സഹകരണയൂണിയനുകളുടെയുംകാലാവധി മൂന്നു മാസം നീട്ടി

Indian Cooperator

മാര്‍ക്ക് ഫെഡ് വിവരാവകാശനിയമത്തിന്‍ കീഴില്‍ വരുമെന്ന് ഹൈക്കോടതി

Indian Cooperator

നബാര്‍ഡ് ഹരിതബോണ്ടും അടിസ്ഥാനസൗകര്യവികസനവും വഴി 10,000 കോടി സമാഹരിക്കും

Indian Cooperator
error: Content is protected !!