Indian Cooperator

മുംബൈയിലെ സര്‍വോദയ അര്‍ബന്‍ബാങ്കിന്റെ ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി

മുംബൈ ആസ്ഥാനമായുള്ള സര്‍വോദയ അര്‍ബന്‍ സഹകരണബാങ്കിന്റെ ലൈസന്‍സ് റിസര്‍വ് ബാങ്ക് ചൊവ്വാഴ്ച റദ്ദാക്കി. മതിയായ മൂലധനമില്ലാത്തതും വരുമാനസാധ്യത അടഞ്ഞതുമാണു ലൈസന്‍സ് റദ്ദാക്കാന്‍ കാരണം. ചൊവ്വാഴ്ച വൈകിട്ട് ബാങ്ക്‌സമയം കഴിഞ്ഞയുടന്‍തന്നെ സര്‍വോദയബാങ്ക് ഔദ്യോഗികമായി പ്രവര്‍ത്തനം അവസാനിപ്പിച്ചു. ബാങ്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ച് ലിക്വിഡേറ്ററെ നിയമിക്കാന്‍ റിസര്‍വ് ബാങ്ക് മഹാരാഷ്ട്രയിലെ സഹകരണക്കമ്മീഷണറോടും രജിസ്ട്രാറോടും ആവശ്യപ്പെട്ടിട്ടുണ്ട്.

സര്‍വോദയ ബാങ്ക് ലിക്വിഡേറ്റ് ചെയ്യപ്പെട്ടാല്‍ നിക്ഷേപകര്‍ക്കു ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗാരന്റി കോര്‍പറേഷനില്‍ ( ഡി.ഐ.സി.ജി.സി ) നിന്നു പരമാവധി അഞ്ചു ലക്ഷം രൂപ വരെ തിരിച്ചുകിട്ടും. സര്‍വോദയ ബാങ്ക് സമര്‍പ്പിച്ച രേഖകള്‍പ്രകാരം 98.36 ശതമാനം നിക്ഷേപകര്‍ക്കും അവരുടെ പണം പൂര്‍ണമായി തിരിച്ചുകിട്ടും. 2026 മാര്‍ച്ച് 31 വരെ ഇന്‍ഷുര്‍ ചെയ്ത നിക്ഷേപകര്‍ക്കു ഡി.ഐ.സി.ജി.സി. 26.72 കോടി രൂപ തിരിച്ചുനല്‍കിയിട്ടുണ്ട്.

നിലവിലെ സാമ്പത്തികസ്ഥിതിയനുസരിച്ച് സര്‍വോദയബാങ്കിനു നിക്ഷേപകരുടെ പണം പൂര്‍ണമായി തിരിച്ചുനല്‍കാന്‍ കഴിയാത്തതിനാലാണു ലൈസന്‍സ് റദ്ദാക്കിയതെന്നു റിസര്‍വ് ബാങ്ക് അറിയിച്ചു. ബാങ്കിങ്‌നിയന്ത്രണ നിയമവുമായി ബന്ധപ്പെട്ട ഒട്ടേറെ വ്യവസ്ഥകള്‍ ലംഘിച്ച ബാങ്കിനു തുടര്‍ന്നും പ്രവര്‍ത്തനാനുമതി നല്‍കിയാല്‍ അതു പൊതുതാത്പര്യത്തെ പ്രതികൂലമായി ബാധിക്കുമെന്നു റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടി. ഇനി മേലില്‍ സര്‍വോദയ ബാങ്ക് നിക്ഷേപം സ്വീകരിക്കുന്നതും നിക്ഷേപം തിരിച്ചുകൊടുക്കുന്നതും റിസര്‍വ് ബാങ്ക് വിലക്കിയിട്ടുണ്ട്.

സാമ്പത്തികഭദ്രതയില്ലാത്ത അര്‍ബന്‍ബാങ്കുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുക എന്ന നയത്തിന്റെ ഭാഗമായാണു റിസര്‍വ് ബാങ്ക് സര്‍വോദയ ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കിയത്. മതിയായ മൂലധനമില്ലായ്മയും വരുമാനക്കുറവും ഭരണനിര്‍വഹണത്തിലെ വീഴ്ചകളും കാരണം കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ പല ബാങ്കുകള്‍ക്കും ലൈസന്‍സ് നഷ്ടമായിട്ടുണ്ട്. അജന്ത അര്‍ബന്‍ബാങ്ക്, ഇംപീരിയല്‍ അര്‍ബന്‍ബാങ്ക്, കാര്‍വാര്‍ അര്‍ബന്‍ബാങ്ക്, രാജസ്ഥാനിലെ സുമേര്‍പൂര്‍ മര്‍ക്കന്റൈല്‍ അര്‍ബന്‍ബാങ്ക്, ആസാമിലെ മഹാബൈരബ് അര്‍ബന്‍ബാങ്ക് എന്നിവ ലൈസന്‍സ് റദ്ദാക്കപ്പെട്ടവയില്‍പ്പെടും. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലെ ഒട്ടേറെ അര്‍ബന്‍ബാങ്കുകള്‍ക്ക് 2024 ല്‍ ലൈസന്‍സ് നഷ്ടമായിട്ടുണ്ട്. രാജ്യത്തു കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ 78 അര്‍ബന്‍ബാങ്കുകള്‍ക്കു ലൈസന്‍സ് നഷ്ടപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം അര്‍ബന്‍ബാങ്കുകള്‍ അടച്ചുപൂട്ടിയത്. പഞ്ചാബ് ആന്റ് മഹാരാഷ്ട്ര അര്‍ബന്‍ബാങ്ക്, സി.കെ.പി. സഹകരണബാങ്ക്, റുപ്പീ സഹകരണബാങ്ക്, കാപോള്‍ സഹകരണബാങ്ക് എന്നിവ ഒരു ദശകത്തിനുള്ളില്‍ അടച്ചുപൂട്ടിയവയില്‍പെടും.

Related posts

നിക്ഷേപിച്ച 30 കോടി രൂപജില്ലാബാങ്ക് തിരിച്ചുതരുന്നില്ലെന്ന പരാതിയുമായി സഹകരണസംഘം

Indian Cooperator

സഹകരണസംഘത്തിന് 200 കോടിയുടെ മൂലധനമുണ്ടെങ്കില്‍ അര്‍ബന്‍ബാങ്ക് പദവി ലഭിച്ചേക്കാം

Indian Cooperator

ഇന്ത്യയിലെ പാലും പാലുല്‍പന്നങ്ങളും ലോകരാജ്യങ്ങള്‍ക്ക് പ്രീയപ്പെട്ടതാകുന്നു; ഇസ്രയേലുമായും ധാരണയിലെത്തി

Indian Cooperator
error: Content is protected !!