Indian Cooperator

സഹകരണ സംഘങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി എംപ്ലോയീസ് യൂണിയന്റെ ഇടപെടല്‍

പ്രാഥമിക സഹകരണ സംഘങ്ങളും ബാങ്കുകളും അതിലെ ജീവനക്കാരും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ അടിയന്തര ഇടപെടലാവശ്യപ്പെട്ട് കേരളാബാങ്ക് പ്രതിനിധികളുമായി ചര്‍ച്ച നടത്തി കേരളാ കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ നേതാക്കള്‍. കേരളാബാങ്കിന്റെ പലിശ നിര്‍ണയത്തിലെ പ്രശ്‌നങ്ങള്‍, സഹകരണ ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് വിഹിതത്തിന് കുറഞ്ഞ പലിശ നല്‍കുന്നത്, പ്രാഥമിക സഹകരണ ബാങ്കുകളുമായി മത്സരിക്കുന്ന കേരളാബാങ്കിന്റെ ബിസിനസ് രീതി എന്നിവയൊക്കെയാണ് നേതാക്കള്‍ ഉന്നയിച്ചത്. കേരളത്തിലെ സഹകരണ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ക്രിയാത്മകമായി ഇടപെടാന്‍ തയ്യാറാണെന്ന സമീപനമാണ് കേരളാബാങ്ക് മാനേജ്‌മെന്റ് ചര്‍ച്ചയില്‍ സ്വീകരിച്ചത്.

പ്രാഥമിക സഹകരണ സംഘങ്ങളും ബാങ്കുകളും നിക്ഷേപത്തിന് നല്‍കുന്ന പലിശയേക്കാള്‍ കുറഞ്ഞ നിരക്കാണ് ഈ സംഘങ്ങളുടെ നിക്ഷേപത്തിന് കേരളാബാങ്ക് നല്‍കുന്നത്. ഒരുശതമാനം പലിശ നഷ്ടം ഇതുവഴി സംഘങ്ങള്‍ക്ക് സംഭവിക്കുകയാണ്. ഈ രീതി തുടര്‍ന്നാല്‍, കേരളത്തിലെ പ്രാഥമിക സഹകരണ മേഖലയുടെ തകര്‍ച്ചയ്ക്ക് വഴിവെക്കുമെന്നാണ് യൂണിയന്‍ നേതാക്കള്‍ ആദ്യമായി ഉന്നയിച്ചത്. പ്രാഥമിക സംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കും നഷ്ടമില്ലാത്ത വിധത്തില്‍ നിക്ഷേപ പലിശ ഉയര്‍ത്തണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. ഇത് ഉള്‍ക്കൊള്ളുന്നുവെന്നും പലിശ നിരക്ക് ഉയര്‍ത്തുന്നകാര്യം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും കേരളാബാങ്ക് പ്രസിഡന്റ് പി.മോഹനന്‍ മാസ്റ്റര്‍ മറുപടിയായി പറഞ്ഞു. റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശമുള്ളതിനാലാണ് ഇത്തരമൊരു പലിശ നിര്‍ണയം വേണ്ടിവന്നതെന്ന് ബാങ്ക് സി.ഇ.ഒ. ജോര്‍ടി എം.ചാക്കോ വിശദീകരിച്ചു. സംഘങ്ങളുടെ നിക്ഷേപത്തിന് ഉയര്‍ന്ന പലിശയും വ്യക്തികളുടെ നിക്ഷേപത്തിന് കുറഞ്ഞ പലിശയും നല്‍കുന്ന രീതി റിസര്‍വ് ബാങ്ക് അംഗീകരിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. എന്നാല്‍, ഇക്കാര്യത്തില്‍ ചെയ്യാവുന്ന കാര്യം പരിശോധിച്ച് നടപ്പാക്കുമെന്ന് മോഹനന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

സഹകരണ ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് വിഹിതത്തിന് കുറഞ്ഞ പലിശ നല്‍കുന്നതാണ് മറ്റൊരു പ്രശ്‌നം. കേന്ദ്ര പി.എഫ്.ആക്ടിന് അനുസരിച്ച് പി.എഫ്. നിക്ഷേപത്തിന് ഉയര്‍ന്ന പലിശ നല്‍കണമെന്നാണ് വ്യവസ്ഥയെന്ന് യൂണിയന്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി. നേരത്തെ ജില്ലാ ബാങ്കുകളുണ്ടായിരുന്നപ്പോള്‍ ഇത് പാലിച്ചിരുന്നുവെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ.രാമചന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ പറഞ്ഞു. കേരളാബാങ്കിലെ ജീവനക്കാരുടെ പി.എഫ്. വിഹിതത്തിന് ഉയര്‍ന്ന പലിശ നല്‍കുന്നുണ്ടെന്ന കാര്യവും നേതാക്കള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു. സഹകരണ ജീവനക്കാര്‍ക്ക് വേണ്ടി പി.എഫ്. ട്രസ്റ്റ് രൂപവത്കരിച്ചാല്‍ മാത്രമേ ഇത്തരത്തില്‍ ഉയര്‍ന്ന പലിശ നിരക്ക് നല്‍കാനാകൂവെന്നതായിരുന്നു കേരളാബാങ്ക് ഉദ്യോഗസ്ഥരുടെ വാദം. പി.എഫ്. ട്രസ്റ്റ് രൂപവത്കരിക്കാന്‍ മുന്‍കൈ എടുക്കേണ്ടത് കേരളാബാങ്കാണെന്നും അത് ചെയ്യണമെന്ന് ഹൈക്കോടതി വിധി ഉണ്ടായിട്ടുണ്ടെന്നും യൂണിയന്‍ നേതാക്കളും പറഞ്ഞു. ഹൈക്കോടതി വിധിയും സര്‍ക്കാര്‍ ഉത്തരവുകളും പരിശോധിച്ച് ഇതില്‍ നടപടി സ്വീകരിക്കുമെന്ന് കേരളാബാങ്ക് പ്രസിഡന്റ് പി.മോഹനന്‍ മാസ്റ്റര്‍ ഉറപ്പുനല്‍കി.

കേരളാബാങ്കും പ്രാഥമിക സഹകരണ ബാങ്കുകളും ചിലയിടങ്ങളില്‍ പരസ്പരം മത്സരിക്കേണ്ട സാഹചര്യമുണ്ടാകുന്നുണ്ടെന്നതായിരുന്നു അടുത്തതായി ചൂണ്ടിക്കാട്ടിയത്. ചില പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് തൊട്ടടുത്തായി കേരളാബാങ്കിന്റെ ശാഖകളുണ്ട്. ഇവതമ്മില്‍ മത്സരിക്കേണ്ടിവരുന്നത് ഗുണകരമല്ലാത്ത സാഹചര്യമാണ് സഹകരണ മേഖലയില്‍ ഉണ്ടാക്കുന്നതെന്നും യൂണിയന്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി. കേരളാബാങ്കിന്റെ ശാഖകളിലൂടെ നല്‍കുന്ന വായ്പകളുടെ തോത് കൂട്ടുന്ന കാര്യം പരിഗണിക്കാമെന്നായിരുന്നു ഇതിന് മോഹനന്‍ മാസ്റ്റര്‍ നല്‍കിയ മറുപടി. കേരളാബാങ്ക് പത്തുലക്ഷത്തിന് മുകളിലുള്ള വായ്പകള്‍ മാത്രം നല്‍കുന്നത് പരിഗണിക്കുമെന്നാണ് മാനേജ്‌മെന്റ് അറിയിച്ചിട്ടുള്ളത്.

സഹകരണ മേഖലയിലെ പ്രശ്‌നങ്ങള്‍ കേരളാബാങ്കിന്റെ നേതൃത്വത്തില്‍തന്നെ ചര്‍ച്ചചെയ്ത് കൂട്ടായി പരിഹരിക്കാനുള്ള ശ്രമങ്ങളുണ്ടാകുമെന്നാണ് ചര്‍ച്ചയിലുണ്ടായ പൊതുധാരണ. പ്രതിസന്ധിയിലാകുന്ന സഹകരണ സംഘങ്ങളെ സഹായിക്കാന്‍ കേരളാബാങ്ക് അടിയന്തരമായി ഇടപെടണമെന്ന ആവശ്യത്തിലും അനുകൂല നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ സഹകരണ മേഖലയിലെ ജീവനക്കാരുടെ സംഘടനകളുടെ പ്രതിനിധികളെയും പ്രാഥമിക സഹകരണ ബാങ്ക് പ്രതിനിധികളെയും പങ്കെടുപ്പിച്ച് യോഗം വിളിക്കാനും ധാരണയായിട്ടുണ്ട്.

കേരളാബാങ്കിനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ടി.വി.രാജേഷ്, ഭരണസമിതി അംഗം ഗഗാറിന്‍ എന്നിവരും കെ.സി.ഇ.യു.വിനെ പ്രതിനിധീകരിച്ച് സംസ്ഥാന ട്രഷറര്‍ പി.എസ്. ജയചന്ദ്രന്‍ , സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ബിന്ദു, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.എന്‍.വിനോദ് കുമാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

കേരളാബാങ്ക് പ്രതിനിധികളുമായി കേരള എംപ്ലോയീസ് യൂണിയന്‍ നടത്തിയ ചര്‍ച്ച. ബാങ്ക് പ്രസിഡന്റ് പി.മോഹനന്‍ മാസ്റ്റര്‍, വൈ: പ്രസിഡന്റ് ടി.വി. രാജേഷ്, ഭരണസമിതി അംഗം ഗഗാറിന്‍, കെ.സി.ഇ.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ.രാമചന്ദ്രന്‍, സംസ്ഥാന ട്രഷറര്‍ പി.എസ്.ജയചന്ദ്രന്‍, വൈസ് പ്രസിഡന്‍് ബിന്ദു, തിരുവനന്തപുരം ജില്ലാസെക്രട്ടറി വിനോദ് തുടങ്ങിയവര്‍.

Related posts

സംഭരിച്ച നെല്ല് മില്ലുകാര്‍ ഏറ്റെടുക്കും; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം സര്‍ക്കാരുമായി കരാര്‍ ഒപ്പിടുമെന്ന് മില്ലുടമകള്‍

Indian Cooperator

ഊരാളുങ്കലിന്റെ പുതിയ പദ്ധതിക്ക് 75.85 കോടിരൂപ ചെലവ്; എന്‍.സി.ഡി.സി. നല്‍കുന്നത് 66.46 കോടി

Indian Cooperator

മൂന്നുജില്ലകളിലായി 12 സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍വരും; ആദ്യഘട്ടത്തിനുള്ള പണം സര്‍ക്കാര്‍ നല്‍കി

Indian Cooperator
error: Content is protected !!