Indian Cooperator

സഹകരണപുനരുദ്ധാരണനിധി:തുക വകമാറ്റാനും ധനസഹായംനല്‍കാനും മാര്‍ഗനിര്‍ദേശങ്ങളായി

കേരള സഹകരണ പുനരുദ്ധാരണനിധി ( ഫണ്ട് ) യിലേക്കു തുക വകമാറ്റുന്നതും നിധിയില്‍നിന്നു സംഘങ്ങള്‍ക്കു ധനസഹായം നല്‍കുന്നതും സംബന്ധിച്ചു പാലിക്കേണ്ട നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുന്ന സര്‍ക്കുലര്‍ ( നമ്പര്‍ 12 / `26 ) സഹകരണസംഘം രജിസ്ട്രാര്‍ പുറപ്പെടുവിച്ചു. നിര്‍ദേശങ്ങള്‍ ഇനി പറയുന്നു:  

1. സഹകരണപുനരുദ്ധാരണനിധിയിലേക്കു വായ്പ നല്‍കുന്ന സഹകരണസംഘങ്ങള്‍ക്കു കേരളബാങ്ക് കാലാകാലങ്ങളില്‍ കരുതല്‍ധനത്തിനു നല്‍കുന്ന പലിശയേക്കാള്‍ 0.5 ശതമാനം അധികപ്പലിശ നല്‍കും.

2. ഇത്തരം സംഘങ്ങളുടെ വാര്‍ഷികഓഡിറ്റ് നടക്കുമ്പോള്‍ നിലവിലുള്ള കരുതല്‍ധനത്തിന്റെ ആകെ തുക കരുതല്‍ധന നിക്ഷേപം — രൂപ, സഹകരണപുനരുദ്ധാരണനിധി വായ്പ — രൂപ, ആകെ — രൂപ എന്നിങ്ങനെ രണ്ടായി വേര്‍തിരിച്ചു രേഖപ്പെടുത്തണം.

3. എല്ലാ സാമ്പത്തികവര്‍ഷവും ( ആദ്യ രണ്ടു വര്‍ഷം ഉള്‍പ്പെടെ ) മാര്‍ച്ച് പത്തിനു പലിശ കണക്കാക്കി സംഘങ്ങള്‍ക്ക് അറിയിപ്പ് നല്‍കും. സ്‌കീംപ്രകാരമുള്ള ഫണ്ടിന്റെ ഓഡിറ്റ് പൂര്‍ത്തിയാക്കി രണ്ടു മാസത്തിനുള്ളില്‍ സംഘങ്ങള്‍ക്കു പലിശ അനുവദിക്കും.

സഹകരണ പുനരുദ്ധാരണനിധിയില്‍നിന്നു വായ്പയെടുക്കുന്ന തുകയെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ ഇനി പറയുന്നു:  

1.  ഈ നിധിയില്‍നിന്നു വായ്പ സ്വീകരിക്കുന്ന സംഘങ്ങള്‍ വായ്പത്തുക കൈപ്പറ്റുന്നതിനു മുമ്പായി സഹകരണസംഘം രജിസ്ട്രാറും ബന്ധപ്പെട്ട സംഘവും തമ്മില്‍ വായ്പക്കരാര്‍ ഒപ്പിടണം. 500 രൂപയുടെ മുദ്രപ്പത്രത്തിലാണു കരാര്‍ തയ്യാറാക്കേണ്ടത്. പുനരുദ്ധാരണനിധി സ്‌കീമിലെ ഖണ്ഡിക 10 (4) വ്യവസ്ഥപ്രകാരം സഹകരണസംഘം രജിസ്ട്രാര്‍ക്കുവേണ്ടി അതതു ജില്ലാ പ്ലാനിങ് അസി. രജിസ്ട്രാറും സംഘം പ്രസിഡന്റ്, സെക്രട്ടറി, മറ്റു ഭരണസമിതിയംഗങ്ങള്‍ എന്നിവരും ഒപ്പിടണം.

2.  ജില്ലാ മോണിട്ടറിങ് കമ്മിറ്റി വായ്പ സ്വീകരിക്കുന്ന സംഘങ്ങളുടെ മോണിട്ടറിങ് നടത്തി റിപ്പോര്‍ട്ട് എല്ലാ മാസവും സഹകരണസംഘം രജിസ്ട്രാര്‍ നടത്തുന്ന ജില്ലാ ജോ. രജിസ്ട്രാര്‍ജനറല്‍മാരുടെ പ്രവൃത്തിയവലോകനയോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

3.  വായ്പാതിരിച്ചടവില്‍ വീഴ്ച വരുത്തുകയോ ദുരുപയോഗം നടത്തുകയോ ചെയ്താല്‍ കേരള സഹകരണനിയമത്തിലെ വകുപ്പ് 65,68 (1), 68 (2) വ്യവസ്ഥകള്‍പ്രകാരം ഭരണസമിതിയംഗങ്ങളില്‍നിന്നു തുക ഈടാക്കും.

4.  നിധിയില്‍നിന്നു വായ്പ സ്വീകരിക്കുന്ന സംഘങ്ങള്‍ ഈ തുക അംഗീകരിച്ച പദ്ധതിറിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച ആവശ്യങ്ങള്‍ക്കുമാത്രമേ ഉപയോഗിക്കുന്നുള്ളു എന്നു ജില്ലാ മോണിട്ടറിങ് കമ്മിറ്റി വിലയിരുത്തണം. വായ്പാഉപയോഗവുമായി ബന്ധപ്പെട്ട വേര്‍തിരിച്ച അക്കൗണ്ടുകള്‍ സംഘം സൂക്ഷിക്കേണ്ടതാണ്.

5.  നിധിയില്‍നിന്നു വായ്പ സ്വീകരിക്കുന്ന സഹകരണസംഘങ്ങള്‍ അവര്‍ എടുക്കുന്ന വായ്പയില്‍ ബാക്കിനില്‍ക്കുന്ന മുതല്‍ത്തകയ്ക്കു സഹകരണ പുനരുദ്ധാരണസ്‌കീമിലെ വ്യവസ്ഥയനുസരിച്ചു സര്‍ക്കാര്‍ കാലാകാലങ്ങളില്‍ ഇറക്കുന്ന ഉത്തരവുപ്രകാരമുള്ള പലിശ അതതു മാസം പത്തിനു മുമ്പായി സഹകരണസംഘം രജിസ്ട്രാറുടെ പേരില്‍ കേരളബാങ്കിലുള്ള അക്കൗണ്ടില്‍ അടയ്‌ക്കേണ്ടതാണ്.

കേരള സഹകരണസംഘംനിയമം വകുപ്പ് 57 ഇ പ്രകാരമാണു കേരള സഹകരണ പുനരുദ്ധാരണനിധി പദ്ധതി രൂപവത്കരിച്ചിട്ടുള്ളത്. സംഘങ്ങള്‍ കേരളബാങ്കില്‍ നിക്ഷേപിക്കുന്ന കരുതല്‍ധനത്തിന്റെയും കാര്‍ഷിക സ്റ്റെബിലൈസേഷന്‍ ഫണ്ടിന്റെയും അമ്പതു ശതമാനത്തില്‍ അധികരിക്കാത്ത തുകയാണു പുനരുദ്ധാരണനിധി. കേരള സഹകരണസംഘംനിയമം ചട്ടം 60 (2) പ്രകാരം സര്‍ക്കാരിന്റെയോ സഹകരണസംഘം രജിസ്ട്രാറുടെയോ അനുമതിയോടെ റിസര്‍വ്ഫണ്ടില്‍നിന്നുള്ള അമ്പതു ശതമാനത്തില്‍ അധികരിക്കാത്ത തുക സംഘത്തിന്റെ ബിസിനസ്ആവശ്യത്തിനോ സഹകരണ പുനരുദ്ധാരണനിധി സ്‌കീമിലേക്കു വായ്പയായി വിനിയോഗിക്കുന്നതിനോ വ്യവസ്ഥ ചെയ്യുന്നുണ്ട്.

Related posts

ഐ.സി.എ. മേഖലാസമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധിയായി പി.രാജേന്ദ്രന്‍ പങ്കെടുക്കും

Indian Cooperator

സാമ്പത്തിക സഹായത്തിന് അപേക്ഷനല്‍കിയത് 93 സഹകരണ സംഘങ്ങള്‍; അര്‍ഹരായി കണ്ടെത്തിയത് 12 സംഘങ്ങള്‍

Indian Cooperator

നെല്ലിന്റെ ഗുണനിലവാരം സപ്ലൈകോ പരിശോധിക്കും; കര്‍ഷകര്‍ക്ക് താങ്ങുവില നല്‍കേണ്ടത് സംഘങ്ങള്‍

Indian Cooperator