Indian Cooperator

300 കോടിരൂപ മൂലധനവും പത്തുവര്‍ഷമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സഹകരണ സംഘങ്ങള്‍ക്ക് ബാങ്കിങ് ലൈസന്‍സിന് അപേക്ഷിക്കാം

2025 മാര്‍ച്ച് 31 ലെ കണക്കനുസരിച്ചു രാജ്യത്തിപ്പോള്‍ 1,457 അര്‍ബന്‍ സഹകരണബാങ്കുകളാണുള്ളത്. ഇതില്‍ 838 ബാങ്കുകള്‍ ടയര്‍ – ഒന്നില്‍പെടുന്നു. അതായത് ആകെയുള്ളതിന്റെ 57.52 ശതമാനം. ടയര്‍-രണ്ട് വിഭാഗത്തില്‍ 535, ടയര്‍ – മൂന്നില്‍ 78, ടയര്‍- നാലില്‍ 06 എന്നിങ്ങനെയാണു കണക്ക്. അര്‍ബന്‍ബാങ്കുകളിലെ മൊത്തം നിക്ഷേപത്തിന്റെ 11.3 ശതമാനം മാത്രമാണു ടയര്‍-ഒന്നിലുള്ളത്. ടയര്‍-രണ്ടില്‍ 30.6, ടയര്‍-മൂന്നില്‍ 34.4, ടയര്‍-നാലില്‍ 23.8 എന്നിങ്ങനെയാണു നിക്ഷേപത്തിന്റെ ശതമാനക്കണക്ക്.

2025 സാമ്പത്തികവര്‍ഷത്തില്‍ 52 ശതമാനം അര്‍ബന്‍ബാങ്കുകളില്‍ 100 കോടി രൂപയില്‍ത്താഴെയാണു നിക്ഷേപം. ( മൊത്തം നിക്ഷേപത്തിന്റെ 5.6 ശതമാനം ). ഏഴു ശതമാനം അര്‍ബന്‍ബാങ്കുകളില്‍ മാത്രമാണ് 1000 കോടി രൂപയ്ക്കു മുകളില്‍ നിക്ഷേപമുള്ളത്. 2025 മാര്‍ച്ച് 31 ന് അര്‍ബന്‍ബാങ്കുകളുടെ മൊത്തം ആസ്തി 7.38 ലക്ഷം കോടി രൂപവരും. മൊത്തം നിക്ഷേപം 5.84 ലക്ഷം കോടി രൂപയും. 2015 ല്‍ ഇതു യഥാക്രമം 4.35 ലക്ഷം കോടി രൂപയും 3.55 ലക്ഷം കോടി രൂപയുമായിരുന്നു. നിലവില്‍, ദുര്‍ബലമായ 82 അര്‍ബന്‍ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടനിയന്ത്രണത്തിലാണു പ്രവര്‍ത്തിക്കുന്നത്. 2004 നുശേഷം പുതുതായി അര്‍ബന്‍ബാങ്ക്ലൈസന്‍സ് അനുവദിക്കുന്നതു റിസര്‍വ് ബാങ്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. പുതുതായി ലൈസന്‍സ് നേടിയ അര്‍ബന്‍ബാങ്കുകളില്‍ വലിയൊരു വിഭാഗം കുറഞ്ഞ കാലംകൊണ്ടുതന്നെ സാമ്പത്തികഞെരുക്കത്തില്‍ അമര്‍ന്നു എന്നു ബോധ്യമായതിനെത്തുടര്‍ന്നാണു പുതിയ ലൈസന്‍സുകള്‍ നിര്‍ത്തിവെച്ചത്.

പുതുതായി ലൈസന്‍സനുവദിക്കുന്നതു സംബന്ധിച്ച് പൊതുജനാഭിപ്രായം തേടാനായി റിസര്‍വ് ബാങ്ക് ഒരു ഡിസ്‌കഷന്‍ പേപ്പര്‍ പുറത്തിറക്കിയിട്ടുണ്ട്. ഫെബ്രുവരി 13 വരെ ഇക്കാര്യത്തില്‍ അഭിപ്രായങ്ങള്‍ അറിയിക്കാം. വിലാസം: rbi.org.in. കഴിഞ്ഞ രണ്ടു ദശകങ്ങള്‍ക്കിടയില്‍ ബാങ്കിങ്മേഖലയിലുണ്ടായ അനുകൂല സംഭവവികാസങ്ങളും സഹകരണമേഖലയില്‍നിന്നുള്ള ഡിമാന്റും പരിഗണിച്ച് പുതിയ അര്‍ബന്‍ബാങ്ക്ലൈസന്‍സ് അനുവദിക്കുന്നതിനെക്കുറിച്ച് അഭിപ്രായം തേടാന്‍ ഒരു ഡിസ്‌കഷന്‍ പേപ്പര്‍ പ്രസിദ്ധീകരിക്കുമെന്ന് ഇക്കഴിഞ്ഞ ഒക്ടോബറില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര അറിയിച്ചിരുന്നു. ജനുവരി പതിമൂന്നിനാണു ഡിസ്‌കഷന്‍ പേപ്പര്‍ പുറത്തുവിട്ടത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അര്‍ബന്‍ബാങ്കുകളെ തമ്മില്‍ ലയിപ്പിച്ചും മുന്നോട്ടുപോകാനാവാതെ പ്രവര്‍ത്തനം നിലച്ചുപോയ ബാങ്കുകളെ അടച്ചുപൂട്ടിയും ഈ മേഖലയെ ബലപ്പെടുത്തിനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ശ്രമിക്കുകയാണ്. ടയര്‍-1, ടയര്‍-3 വിഭാഗങ്ങളില്‍പ്പെട്ട 57 അര്‍ബന്‍ സഹകരണബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കുകയുണ്ടായി.

അര്‍ബന്‍ബാങ്കുകള്‍ക്കു വീണ്ടും ലൈസന്‍സുകള്‍ അനുവദിക്കുന്ന കാര്യങ്ങളെക്കുറിച്ചു പഠിക്കാനായി റിസര്‍വ് ബാങ്ക് ഒട്ടേറെ ഉന്നതതലസമിതികള്‍ രൂപവത്കരിച്ചതായി ഡിസ്‌കഷന്‍ പേപ്പറില്‍ പറയുന്നു. ഈ സമിതികള്‍ പല നിര്‍ദേശങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്. ഡിസ്‌കഷന്‍ പേപ്പറില്‍ പ്രധാനമായും രണ്ടു ചോദ്യങ്ങളാണു മുന്നോട്ടുവെക്കുന്നത്. അര്‍ബന്‍ബാങ്കുകള്‍ക്കു ലൈസന്‍സ് പുനരാരംഭിക്കുന്നതിനുള്ള ശരിയായ സമയമാണോ ഇത് എന്നതാണ് ഒന്നാമത്തെ ചോദ്യം. അഥവാ ലൈസന്‍സ് പുനരാരംഭിക്കുകയാണെങ്കില്‍ അര്‍ഹതയ്ക്കുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാവണം എന്നതാണു രണ്ടാമത്തെ ചോദ്യം.

തകര്‍ന്ന അര്‍ബന്‍ബാങ്കുകളിലേറെയും ചെറുകിടയാണെന്നിരിക്കെ, ലൈസന്‍സ് പുനരാരംഭിക്കുകയാണെങ്കില്‍ വന്‍കിട വായ്പാ സഹകരണസംഘങ്ങള്‍ക്കുമാത്രം ലൈസന്‍സ് കൊടുക്കുന്നതാവും ഉചിതമെന്നു ഡിസ്‌കഷന്‍ പേപ്പറില്‍ ചൂണ്ടിക്കാട്ടുന്നു. ദീര്‍ഘകാലറെക്കോഡുള്ള ഒരു വന്‍കിട വായ്പാ സഹകരണസംഘം അതിന്റെ നടത്തിപ്പില്‍ കഴിവു തെളിയിച്ചിട്ടുണ്ടാവും. അതുകൊണ്ടുതന്നെ, ലൈസന്‍സ് പുനരാരംഭിക്കുമ്പോള്‍ ഉണ്ടാകാനിടയുള്ളതായി ചൂണ്ടിക്കാട്ടിയിട്ടുള്ള ഒട്ടേറെ അപകടസാധ്യതകള്‍ ഇത്തരം വന്‍കിടസംഘങ്ങള്‍ക്കു കുറയ്ക്കാനാവും.

അര്‍ബന്‍ബാങ്കുകള്‍ക്കു വീണ്ടും ലൈസന്‍സ് അനുവദിക്കുന്ന കാര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ വര്‍ക്കിങ്ഗ്രൂപ്പടക്കം ഒട്ടേറെ പാനലുകള്‍ നല്‍കിയിട്ടുള്ള ശുപാര്‍ശകളും ഡിസ്‌കഷന്‍ പേപ്പറില്‍ കൊടുത്തിട്ടുണ്ട്. ലൈസന്‍സിനപേക്ഷിക്കാന്‍ സഹകരണസംഘത്തിനുവേണ്ട കുറഞ്ഞ മൂലധനം മുന്‍ സാമ്പത്തികവര്‍ഷത്തിലെ മാര്‍ച്ച് 31 നു 300 കോടി രൂപയായിരിക്കണമെന്നതാണ് ഒരു ശുപാര്‍ശ. പത്തു വര്‍ഷമെങ്കിലും സംഘത്തിനു പ്രവര്‍ത്തനപരിചയമുണ്ടായിരിക്കണം. ഇതില്‍ അഞ്ചു വര്‍ഷമെങ്കിലും സംഘം നല്ല സാമ്പത്തികക്കരുത്തോടെ മികച്ച പ്രകടനം നടത്തിയിരിക്കണം. ഒരു ബാങ്കിന്റെ സാമ്പത്തികശക്തി അളക്കുന്ന പ്രധാന അനുപാതമായ മൂലധന പര്യാപ്തതാ അനുപാതം (CRAR) 12 ശതമാനത്തില്‍ കുറവായിരിക്കരുത്. അതുപോലെ, നിഷ്‌ക്രിയ ആസ്തിയുടെ അനുപാതം ലൈസന്‍സനുവദിക്കുന്ന സമയത്തു മൂന്നു ശതമാനത്തില്‍ കൂടുതലാവരുത്.

Related posts

സാമ്പത്തികരംഗത്തുസഹകരണമേഖലയുടെപങ്ക് കണക്കാക്കാന്‍ദ്രുത സര്‍വേ വരുന്നു

Indian Cooperator

ഒരു ലിറ്റര്‍ പാലിന് ഒരു രൂപഓഫറുമായി ഇ-കൊമേഴ്‌സ് ഭീമന്‍;കര്‍ണാടകയില്‍ വന്‍പ്രതിഷേധം

Indian Cooperator

മൂന്നു അര്‍ബന്‍ബാങ്കുകള്‍ക്ക്11.10 ലക്ഷം രൂപറിസര്‍വ് ബാങ്ക് പിഴയിട്ടു

Indian Cooperator