സര്ക്കാര്ഉത്തരവിലൂടെ അനുവദിക്കപ്പെട്ട സര്‍വീസ് ആനുകൂല്യം ഒരു സര്‍ക്കലറിലൂടെ തടയാന്‍ കഴിയില്ലെന്നു കേരള ഹൈക്കോടതി നിരീക്ഷിച്ചു. ജീവനക്കാരന്‍ റഗുലര്‍സര്‍വീസില്‍ പ്രവേശിച്ചതു മുതലുള്ള കാലയളവ് സര്‍വീസ് വെയിറ്റേജിനു പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കോടതിയുടെ ഉത്തരവനുസരിച്ച് ജീവനക്കാരന് അര്‍ഹമായ സര്‍വീസ്വെയിറ്റേജ് നല്‍കണമെന്നു സര്‍ക്കാര്‍ ഉത്തരവിട്ടു.
ഇടുക്കിജില്ലാ ടീച്ചേഴ്സ് ഹൗസിങ് സഹകരണസംഘം സെക്രട്ടറി ലിജോ മാത്യു സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണു ഹൈക്കോടതിയുടെ വിധിയുണ്ടായത്. 2005 ആഗസ്റ്റ് 23 മുതല്‍ സര്‍വീസുള്ള ഹര്‍ജിക്കാരന് അന്നുമുതലുള്ള സേവനകാലം സര്‍വീസ് വെയിറ്റേജ് അനുവദിക്കണമെന്നതായിരുന്നു ആവശ്യം. സര്‍ക്കാര്‍ ഈയാവശ്യം നിരസിച്ചതിനെത്തടര്‍ന്നാണു ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.
ലിജോ മാത്യുവിനു സര്‍വീസ് വെയിറ്റേജ് നിരസിച്ചുകൊണ്ട് സഹകരണസംഘം രജിസ്ട്രാര്‍ 2021 സെപ്റ്റംബര്‍ 18 നാണ് ( RCS/5951/2021/EM (2) ) ഉത്തരവിറക്കിയത്. ഇതിനെതിരെ ലിജോ മാത്യു സഹകരണനിയമം 87 വകുപ്പുപ്രകാരം റിവിഷന്‍ഹര്‍ജി സമര്‍പ്പിച്ചു. ഇതിന്മേല്‍ 2023 ആഗസ്റ്റ് രണ്ടിനു ഹിയറിങ് നടത്തി. നേര്‍ക്കാഴ്ചയില്‍ ഉന്നയിച്ച വാദത്തിന്റെയും വസ്തുതകളുടെയും സഹകരണസംഘം രജിസ്ട്രാ ( ജനറല്‍ ) റുടെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇക്കാര്യം പരിശോധിക്കുകയും 2024 ജനുവരി പത്തിനു റിവിഷന്‍ഹര്‍ജി നിരസിക്കുകയും ചെയ്തു. ഈ ഉത്തരവിനെതിരെയാണു ലിജോ മാത്യു ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ( WP (C) 7934/2024 ) സമര്‍പ്പിച്ചത്. തുടര്‍ന്നാണു കേസില്‍ 2025 ഒക്ടോബര്‍ ആറിനു ലിജോ മാത്യുവിനനുകൂലമായി വിധി വന്നത്. സര്‍ക്കാര്‍ഉത്തരവില്‍ അനുവദിക്കപ്പെട്ട സര്‍വീസ്വെയിറ്റേജ് ഒരു സര്‍ക്കുലര്‍മുഖേന തടയാന്‍ കഴിയില്ലെന്നും ഹര്‍ജിക്കാരനു സര്‍വീസ് വെയിറ്റേജിന് അര്‍ഹതയുണ്ടെന്നുമായിരുന്നു കോടതിവിധി. അപേക്ഷകന്റെ റിവിഷന്‍ഹര്‍ജി നിരസിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു. വിധിപ്പകര്‍പ്പു കിട്ടി മൂന്നു മാസത്തിനകം ഹര്‍ജിക്കാരനു സര്‍വീസ്വെയിറ്റേജ് അനുവദിച്ചുകൊണ്ട് പുതിയ ഉത്തരവ് പുറപ്പെടുവിക്കണമെന്നു കോടതി നിര്‍ദേശിക്കുകയുണ്ടായി.
റിട്ട്ഹര്ജിയുടെ
പശ്ചാത്തലം
2021 ഫെബ്രുവരി 15 ന്റെ സ.ഉ.(സാധാ) നം. 32/2021/Co-op ഉത്തരവുപ്രകാരം സഹകരണസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കു ശമ്പളപരിഷ്‌കരണം അനുവദിച്ചിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സഹകരണസംഘം രജിസ്ട്രാര്‍ 2021 ഫെബ്രുവരി ഇരുപതിന് 14/2021 നമ്പറായി ഒരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സര്‍വീസ്വെയിറ്റേജ് അനുവദിക്കുന്നതിനു യോഗ്യസേവനകാലമായി പരിഗണിക്കേണ്ടത് ഇന്‍ക്രിമെന്റിനും ഹയര്‍ഗ്രേഡിനും അര്‍ഹതയുള്ള കാലയളവു മാത്രമായിരിക്കുമെന്നു സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. കൂടാതെ, ഇന്‍ക്രിമെന്റിന് അര്‍ഹതയുള്ള സേവനകാലവും മൊത്തവേതനവ്യവസ്ഥയിലുള്ള നിയമനത്തെത്തുടര്‍ന്ന് ശമ്പളസ്‌കെയില്‍ അനുവദിച്ചിട്ടുണ്ടെങ്കില്‍ മൊത്തസേവനവ്യവസ്ഥയിലുള്ള സര്‍വീസ് പരമാവധി ഒരു വര്‍ഷവും ഹയര്‍ഗ്രേഡിന് അര്‍ഹതയുള്ള സേവനകാലാവധിയായി പരിഗണിക്കാവുന്നതാണ് എന്നും സര്‍ക്കുലറില്‍ നിഷ്‌കര്‍ഷിച്ചിരുന്നു.
ലിജോ മാത്യു റഗുലര്‍സര്‍വീസില്‍ പ്രവേശിച്ച 2005 ആഗസ്റ്റ് 23 മുതല്‍ 2007 മെയ് 31 വരെ കണ്‍സോളിഡേറ്റഡ് പേയിലാണു ജോലി ചെയ്തിരുന്നത്. 2007 ജൂണ്‍ ഒന്നു മുതല്‍ 2008 മെയ് 31 വരെ അദ്ദേഹം ശമ്പളമില്ലാത്ത അവധിയില്‍ ജെ.ഡി.സി. ട്രെയിനിയായിരുന്നു. അതിനാല്‍, 2008 ജൂണ്‍ ഒന്നു മുതലാണു ലിജോ മാത്യുവിനു ശമ്പളസ്‌കെയില്‍ അനുവദിച്ചത്. ഒരു വര്‍ഷവും ഒമ്പതു മാസവും ഒമ്പതു ദിവസവും അദ്ദേഹം കണ്‍സോളിഡേറ്റഡ് പേയിലായിരുന്നു. ജീവനക്കാരുടെ ഗ്രേഡ്പ്രമോഷനു സര്‍വീസ്‌കാലയളവു കണക്കാക്കുമ്പോള്‍ കണ്‍സോളിഡേറ്റഡ് പേയില്‍ നിയമിക്കപ്പെടുന്ന ആദ്യവര്‍ഷവും പരിഗണിക്കാവുന്നതാണെന്നുള്ള 2007 ഫെബ്രുവരി അഞ്ചിന്റെ ഉത്തരവനുസരിച്ച് ( സ.ഉ.(സാധാ) നം. 87/07 ) കണ്‍സോളിഡേറ്റഡ് പേയില്‍ ജോലിചെയ്ത ഒരു വര്‍ഷം ലിജോ മാത്യുവിനെ പരിഗണിക്കുകയും അത് അനുവദിച്ചുകൊടുക്കുകയുമുണ്ടായി. എന്നാല്‍, ബാക്കിയുള്ള ഒമ്പതു മാസവും ഒമ്പതു ദിവസവുംകൂടി സര്‍വീസ് വെയിറ്റേജിനു പരിഗണിക്കണമെന്നായിരുന്നു ലിജോ മാത്യുവിന്റെ ആവശ്യം. നിലവില്‍ സഹകരണവകുപ്പില്‍ പാലിച്ചുവരുന്ന മാനദണ്ഡങ്ങള്‍പ്രകാരം ഇത് അംഗീകരിക്കത്തക്കതല്ല എന്നു ചൂണ്ടിക്കാണിച്ചാണു ഹര്‍ജി സഹകരണവകുപ്പ് നിരസിച്ചത്. ലിജോ മാത്യു റഗുലര്‍സര്‍വീസില്‍ പ്രവേശിച്ച 2005 ആഗസ്റ്റ് 23 മുതലുള്ള കാലയളവ് സര്‍വീസ്വെയിറ്റേജിനു പരിഗണിക്കണമെന്നാണു സര്‍ക്കാറിന്റെ പുതിയ ഉത്തരവില്‍ നിര്‍ദേശിക്കുന്നത്.
