Indian Cooperator

സഹാറഗ്രൂപ്പിന്റെ സഹകരണസംഘങ്ങളിലെ നിക്ഷേപകര്‍ക്ക് 8,800 കോടി രൂപ തിരിച്ചുനല്‍കി

വര്‍ഷങ്ങള്‍ക്കു മുമ്പു പ്രവര്‍ത്തനം നിലച്ചുപോയ നാലു സഹാറഗ്രൂപ്പ് മള്‍ട്ടി സ്‌റ്റേറ്റ് സഹകരണസംഘങ്ങളിലെ 40 ലക്ഷത്തിലധികം നിക്ഷേപകര്‍ക്കു 2026 ഫെബ്രുവരിവരെ 8,800 കോടി രൂപ തിരിച്ചുനല്‍കി. നിക്ഷേപകര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനായി ആരംഭിച്ച സി.ആര്‍.സി.എസ്-സഹാറ റീഫണ്ട് പോര്‍ട്ടലില്‍ ( CRCS-Sahara Refund Portal ) ഫെബ്രുവരിവരെ രജിസ്റ്റര്‍ ചെയ്തതു 1.45 കോടി അപേക്ഷകരാണ്. ലോക്‌സഭയില്‍ ഒരു ചോദ്യത്തിന് എഴുതിക്കൊടുത്ത മറുപടിയില്‍ കേന്ദ്ര സഹകരണമന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്.

ഇതുവരെ നിക്ഷേപകര്‍ക്കു തിരിച്ചുകൊടുത്ത കൃത്യമായ സംഖ്യ 8,783.55 കോടി രൂപയാണ്. 40,33,448 നിക്ഷേപകര്‍ക്കാണ് ഇത്രയും സംഖ്യ കൊടുത്തത്. സുപ്രീംകോടതിയുടെ നിര്‍ദേശാനുസരണമാണു നിക്ഷേപകര്‍ക്കു പണം തിരിച്ചുകൊടുക്കുന്നത്. പോര്‍ട്ടലില്‍ കിട്ടുന്ന അപേക്ഷകള്‍ സുതാര്യമായി വിലയിരുത്തി യഥാര്‍ഥനിക്ഷേപകരുടെ ആധാര്‍നമ്പര്‍ ബന്ധിപ്പിച്ചിരിക്കുന്ന അക്കൗണ്ടുകളിലേക്കാണു പണം നേരിട്ട് നിക്ഷേപിക്കുന്നത് – മന്ത്രി അറിയിച്ചു. സഹാറഗ്രൂപ്പിലുണ്ടായിരുന്ന നാലു സഹകരണസംഘങ്ങളിലെ നിക്ഷേപകര്‍ക്കാണു പണം തിരിച്ചുകൊടുക്കുന്നത്. ഓരോരുത്തര്‍ക്കും ഇപ്പോള്‍ അമ്പതിനായിരം രൂപവരെയാണു നല്‍കുന്നത്. നിക്ഷേപകര്‍ക്കു തിരിച്ചുകൊടുക്കാനായി സഹാറ-സെബി റീഫണ്ട് അക്കൗണ്ടില്‍നിന്നു 5,000 കോടി രൂപകൂടി കേന്ദ്ര സഹകരണസംഘം രജിസ്ട്രാറുടെ അക്കൗണ്ടിലേക്ക് ഇടണമെന്നു സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. നിക്ഷേപകര്‍ക്കു പണം തിരിച്ചുനല്‍കുന്ന നടപടി ഇക്കൊല്ലം ഡിസംബര്‍ 31 വരെ തുടരാനും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. 2025 ഡിസംബര്‍വരെ 35,24,966 നിക്ഷേപകര്‍ക്കായി 6,841.86 കോടി രൂപയാണു തിരിച്ചുനല്‍കിയിരുന്നത്.  

ലഖ്‌നോവിലെ സഹാറ ക്രെഡിറ്റ് സഹകരണസംഘം, ഭോപ്പാലിലെ സഹാറിന്‍ യൂണിവേഴ്‌സല്‍ മള്‍ട്ടി പര്‍പ്പസ് സൊസൈറ്റി, കൊല്‍ക്കത്തയിലെ ഹമാരാ ഇന്ത്യ വായ്പാ സഹകരണസംഘം, ഹൈദരാബാദിലെ സ്റ്റാര്‍സ് മള്‍ട്ടി പര്‍പ്പസ് സഹകരണസംഘം എന്നിവയിലെ നിക്ഷേപകര്‍ക്കാണു നിക്ഷേപത്തുക തിരിച്ചുനല്‍കുന്നത്. ഒന്നിലധികം സംസ്ഥാനങ്ങള്‍ പ്രവര്‍ത്തനപരിധിയായുള്ള മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളായാണ് 2010 നും 2014 നുമിടയില്‍ ഈ നാലു സംഘങ്ങളും രജിസ്റ്റര്‍ ചെയ്തിരുന്നത്. സുപ്രീംകോടതിയുടെ വിധിപ്രകാരം മുന്‍ സുപ്രീംകോടതി ജഡ്ജി ആര്‍. സുഭാഷ് റെഡ്ഡിയുടെ മേല്‍നോട്ടത്തിലാണു തുക വിതരണം ചെയ്യുന്നത്. ആകെയുള്ള നാലു കോടി നിക്ഷേപകര്‍ 1,13,504 കോടി രൂപയാണു ക്ലെയിം ചെയ്തിരുന്നത്. അര്‍ഹതപ്പെട്ട നിക്ഷേപകര്‍ക്കു മുഴുവന്‍ തുകയ്ക്കു പകരം ഇപ്പോള്‍ അമ്പതിനായിരം രൂപയാണു തിരിച്ചുനല്‍കുന്നത്. നേരത്തേ ഇത് ഇരുപതിനായിരം രൂപയായിരുന്നു. ഓഹരിവിപണി നിയന്ത്രിക്കുന്ന സെബിയില്‍ സഹാറ ഗ്രൂപ്പ് നിക്ഷേപിച്ചിട്ടുള്ള 24,000 കോടി രൂപയില്‍നിന്നാണു പണം തിരിച്ചുകൊടുത്തുകൊണ്ടിരിക്കുന്നത്.

സഹാറയുടെ നാലു സഹകരണസംഘങ്ങളും ചേര്‍ന്നു നാലു കോടി നിക്ഷേപകരില്‍നിന്നു 86,673 കോടി രൂപയാണു സമാഹരിച്ചിരുന്നത്. വായ്പാ സഹകരണസംഘങ്ങളുടെ അടിസ്ഥാനതത്വങ്ങള്‍ മറികടന്ന് ഇതില്‍ 62,643 കോടി രൂപ സഹാറ ഗ്രൂപ്പിന്റെതന്നെ റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ നിക്ഷേപിച്ചു എന്നു പരാതി ഉയര്‍ന്നിരുന്നു. തങ്ങള്‍ നിക്ഷേപിച്ച പണം തിരിച്ചുകിട്ടുന്നില്ലെന്നു രാജ്യത്തെങ്ങുനിന്നും പരാതി വന്നതിനെത്തുടര്‍ന്നു കേന്ദ്ര സഹകരണസംഘം രജിസ്ട്രാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. പക്ഷേ, സംഘങ്ങള്‍ അനുസരിച്ചില്ല. ഇതോടെ, കേന്ദ്ര സഹകരണമന്ത്രി നേരിട്ടിടപെട്ടതിനെത്തുടര്‍ന്നു സഹകരണമന്ത്രാലയംതന്നെ സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയാണുണ്ടായത്.

Related posts

കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ കോമണ്‍ സോഫ്റ്റ് വെയര്‍ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

Indian Cooperator

ഒരു ലക്ഷം കോടിയിലധികംരൂപയുടെ ബിസിനസുമായിസാരസ്വത് അര്‍ബന്‍ബാങ്ക്കുതിക്കുന്നു

Indian Cooperator

സ്വയംസഹായ സംഘങ്ങളെ സഹകരണ സംഘങ്ങളുടെ ഭാഗമാക്കും; പരിശീലനത്തിന് കേന്ദ്രസഹകരണ സര്‍വകലാശാല

Indian Cooperator
error: Content is protected !!