Indian Cooperator

സഹാറഗ്രൂപ്പ് സംഘങ്ങളിലെ നിക്ഷേപകന്റെ പണംപലിശയോടെ തിരിച്ചുനല്‍കണം -കേന്ദ്ര സഹകരണസംഘം രജിസ്ട്രാര്‍

സഹാറ ഗ്രൂപ്പ് സഹകരണസംഘങ്ങളില്‍നിന്നു ഒറീസ ഹൈക്കോടതിയുടെ വിധിപ്രകാരം ഒരു നിക്ഷേപകനു തിരിച്ചുകിട്ടേണ്ട തുക ഉടനെ പലിശസഹിതം നല്‍കണമെന്നു സഹകരണസംഘങ്ങളുടെ കേന്ദ്ര രജിസ്ട്രാര്‍ ( സി.ആര്‍.സി.എസ് ) നിര്‍ദേശിച്ചു. സഹാറഗ്രൂപ്പില്‍പ്പെട്ട ഹമാര ഇന്ത്യ വായ്പാ സഹകരണസംഘം, സഹാറ വായ്പാ സഹകരണസംഘം എന്നിവയില്‍ പണം നിക്ഷേപിച്ചിട്ടുള്ള കേദമത് പട്‌നായിക്കിന്റെ കാര്യത്തിലാണു കേന്ദ്ര സഹകരണസംഘം രജിസ്ട്രാര്‍ ഇടപെട്ടത്.

പട്‌നായിക്കിന് അനുകൂലമായി 2026 ജനുവരി 15 നാണ് ഒറീസ ഹൈക്കോടതിയുടെ വിധിവന്നത്. വിധിയുടെ പശ്ചാത്തലത്തില്‍, നിക്ഷേപം തിരിച്ചുചോദിച്ചുകൊണ്ട് സി.ആര്‍.സി.എസ്-സഹാറ റീഫണ്ട് പോര്‍ട്ടല്‍വഴി പട്‌നായിക് നല്‍കിയ അപേക്ഷ നേരത്തേ പരിഗണിക്കാന്‍ കഴിയാതിരുന്നതു ചില രേഖകളുടെ അഭാവം കാരണമായിരുന്നു എന്നു കേന്ദ്ര രജിസ്ട്രാര്‍ ചൂണ്ടിക്കാട്ടി. എന്തായാലും, അക്കാര്യം പറഞ്ഞു നിക്ഷേപകന്റെ പണം പിടിച്ചുവെക്കാനാവില്ലെന്നു ബന്ധപ്പെട്ട സഹകരണസംഘങ്ങളുടെ സി.ഇ.ഒ.മാരെയും ചെയര്‍പേഴ്‌സന്‍മാരെയും രജിസ്ട്രാര്‍ ഓര്‍മിപ്പിച്ചു. എത്രയും പെട്ടെന്നു നിര്‍ദിഷ്ട പലിശസഹിതം നിക്ഷേപം തിരിച്ചുകൊടുക്കണമെന്നു രജിസ്ട്രാര്‍ ആവശ്യപ്പെട്ടു. അതേസമയം, ഹര്‍ജിക്കാരന്റെ വീഴ്ചയെക്കുറിച്ചും രജിസ്ട്രാര്‍ സൂചിപ്പിച്ചു. ഹര്‍ജിക്കാരന്‍ ഉടനെത്തന്നെ പോര്‍ട്ടല്‍വഴി അപേക്ഷ വീണ്ടും സമര്‍പ്പിക്കണമെന്നു രജിസ്ട്രാര്‍ നിര്‍ദേശിച്ചു.

വര്‍ഷങ്ങള്‍ക്കു മുമ്പു പ്രവര്‍ത്തനം നിലച്ചുപോയ നാലു സഹാറഗ്രൂപ്പ് മള്‍ട്ടി സ്‌റ്റേറ്റ് സഹകരണസംഘങ്ങളിലെ നിക്ഷേപകര്‍ക്ക് സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ പണം തിരിച്ചുനല്‍കിക്കൊണ്ടിരിക്കുകയാണ്. നാലു കോടിയോളം വരുന്ന നിക്ഷേപകര്‍ക്കാണു പണം തിരിച്ചുകിട്ടാനുള്ളത്. ഇതില്‍ 40 ലക്ഷത്തിലധികം നിക്ഷേപകര്‍ക്കു 2026 ഫെബ്രുവരിവരെ 8,800 കോടി രൂപ തിരിച്ചുനല്‍കിയിട്ടുണ്ട്. 1.45 കോടി നിക്ഷേപകരാണു സി.ആര്‍.സി.എസ്-സഹാറ റീഫണ്ട് പോര്‍ട്ടലില്‍ പണം തിരിച്ചുകിട്ടാനായി അപേക്ഷ നല്‍കിയിരിക്കുന്നത്. ഓഹരിവിപണി നിയന്ത്രിക്കുന്ന സെബിയില്‍ സഹാറ ഗ്രൂപ്പ് നിക്ഷേപിച്ചിട്ടുള്ള 24,000 കോടി രൂപയുടെ ഫണ്ടില്‍നിന്നാണ് ഇതു കൊടുത്തുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഒരു നിക്ഷേപകനു അമ്പതിനായിരം രൂപവെച്ചാണു നല്‍കുന്നത്. നിക്ഷേപം തിരിച്ചുകൊടുക്കുന്നതു 2026 ഡിസംബര്‍വരെ തുടരാനാണു സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്.

അതിനിടെ മറ്റൊരു സംഭവത്തില്‍ കേന്ദ്ര സഹകരണമന്ത്രാലയത്തിനു കീഴിലുള്ള സഹകരണ ഓംബുഡ്‌സ്മാനും നിക്ഷേപകന്റെ രക്ഷയ്‌ക്കെത്തി. മഹാരാഷ്ട്രയിലെ ബീഡിലുള്ള ഛത്രപതി മള്‍ട്ടി സ്റ്റേറ്റ് സഹകരണവായ്പാ സംഘത്തോടാണു പ്രതീക്ഷ് അനില്‍ ആഷര്‍ എന്ന നിക്ഷേപകന്റെ പണം പലിശസഹിതം തിരിച്ചുകൊടുക്കാന്‍ ഓംബുഡ്‌സ്മാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ആഷര്‍ 2020 ജൂലായില്‍ നാലു ലക്ഷം രൂപ സ്ഥിരനിക്ഷേപമായി സംഘത്തില്‍ ഇട്ടിരുന്നു. കാലാവധിയെത്തുംമുമ്പു 2025 ജൂണില്‍ ആഷര്‍ നിക്ഷേപം തിരികെച്ചോദിച്ചു. എന്നാല്‍, സംഘം പണം നല്‍കുകയോ കൃത്യമായൊരു മറുപടി കൊടുക്കുകയോ ചെയ്തില്ല. തുടര്‍ന്നാണു നിക്ഷേപകന്‍ ഓംബുഡ്‌സ്മാനെ സമീപിച്ചത്. പലിശ ഒഴിവാക്കി മുതല്‍ത്തുക മാത്രം നല്‍കിയാല്‍ മതിയെന്നു നിക്ഷേപകന്‍ സമ്മതിച്ചാലേ കാലാവധിക്കുമുമ്പുള്ള പിന്‍വലിക്കല്‍ അനുവദിക്കാനാവൂ എന്നായിരുന്നു സംഘത്തിന്റെ വാദം. എന്നാല്‍, നിക്ഷേപകന്‍ ഇതിനെ സംഘത്തിന്റെ രേഖകള്‍ ഹാജരാക്കിക്കൊണ്ടുതന്നെ ഖണ്ഡിച്ചു. രണ്ടു ശതമാനം പലിശ കുറച്ച് നിക്ഷേപം നേരത്തേ പിന്‍വലിക്കാമെന്ന സംഘത്തിന്റെ വ്യവസ്ഥയാണു നിക്ഷേപകന്‍ ഹാജരാക്കിയത്. ഛത്രപതി മള്‍ട്ടി സ്റ്റേറ്റ് സംഘം കരാറിലെ സ്വന്തം വ്യവസ്ഥകള്‍തന്നെ പാലിക്കുന്നതില്‍ പരാജയപ്പെട്ടതായി ഓംബുഡ്‌സ്മാന്‍ വിലയിരുത്തി. പണം തിരിച്ചുകൊടുത്തശേഷം അതുസംബന്ധിച്ച റിപ്പോര്‍ട്ട് സഹകരണസംഘം തങ്ങള്‍ക്കു സമര്‍പ്പിക്കണമെന്നു ഓംബുഡ്‌സ്മാന്‍ നിര്‍ദേശിച്ചു.

Related posts

ഒടുവില്‍ അമിത്ഷാ പറയുന്നു-‘മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളില്‍ക്രമക്കേടുകള്‍ ഇല്ലാതാക്കിഭരണം മെച്ചപ്പെടുത്തും’

Indian Cooperator

800 കോടി രൂപയുടെ വികസനപദ്ധതിയുമായി അമുല്‍ ബംഗാളിലേക്കും ആസാമിലേക്കും

Indian Cooperator

പത്തു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക്മൂന്നു വര്‍ഷം മാറിനിന്നാലേവീണ്ടും ഡയറക്ടറാവാനാകൂ

Indian Cooperator
error: Content is protected !!