Indian Cooperator

തമിഴ്നാട്ടില്‍ സഹകരണബാങ്കിലെ കാര്‍ഷികവായ്പ എഴുതിതള്ളുന്നു

ഹകരണബാങ്കുകളില്‍നിന്നു കാര്‍ഷികവായ്പയെടുത്ത കര്‍ഷകര്‍ക്ക് ആശ്വാസവുമായി തമിഴ്‌നാട്ടിലെ ടി.വി.കെ.സര്‍ക്കാര്‍. 50,000 രൂപവരെ വായ്പയെടുത്ത നാമമാത്രകര്‍ഷകര്‍ക്കു ഇതു പൂര്‍ണമായും ഒഴിവാക്കിക്കൊടുക്കും. 2025 മെയ് ഒന്നിനും 2026 ഫെബ്രുവരി 28 നുമിടയില്‍ വിളവായ്പയെടുത്ത കര്‍ഷകര്‍ക്കാണ് ഈ ആനുകൂല്യം കിട്ടുക. സംസ്ഥാനത്തെ 14 ലക്ഷം കര്‍ഷകര്‍ക്ക് ( 14,22,555 പേര്‍ ) ഇതിന്റെ ഗുണം കിട്ടുമെന്നാണു കണക്കാക്കുന്നത്. അധികാരമേറ്റെടുത്ത് ആഴ്ചകള്‍ പിന്നിടുമ്പോഴാണു മുഖ്യമന്ത്രി സി. ജോസഫ് വിജയ് തിരഞ്ഞെടുപ്പുവേളയില്‍ നല്‍കിയ പ്രധാന വാഗ്ദാനങ്ങളിലൊന്നു നിറവേറ്റുന്നത്.

ഇപ്രകാരം കര്‍ഷകരുടെ കടം എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ 2,044.46 കോടി രൂപ ചെലവാക്കേണ്ടിവരും. വായ്പകളെ സ്ലാബായി തിരിച്ചാണ് ആനുകൂല്യം നല്‍കുക. കൂടുതല്‍ തുക വായ്പയെടുത്തവര്‍ക്കു ഭാഗികമായേ ഇളവ് കിട്ടുകയുള്ളു. 50,000 രൂപവരെ വായ്പയെടുത്ത ചെറുകിടകര്‍ഷകര്‍ക്ക് തുകയുടെ അമ്പതു ശതമാനം ഇളവു നല്‍കും. 50,000 ത്തിനും 60,000 ത്തിനുമിടയ്ക്കു വായ്പയെടുത്തവര്‍ക്കു 40,000 രൂപയും 60,000 ത്തിനും 70,000 ത്തിനുമിടയ്ക്കു വായ്പയെടുത്തവര്‍ക്കു 30,000 രൂപയും 70,000 ത്തിനും 80,000 ത്തിനുമിടയ്ക്കു വായ്പയെടുത്തവര്‍ക്ക് 20,000 രൂപയും ഒഴിവാക്കിക്കൊടുക്കും. 80,000 ത്തിനും ഒരു ലക്ഷത്തിനുമിടയ്ക്കു വായ്പയെടുത്ത നാമമാത്രകര്‍ഷകര്‍ക്കു10,000 രൂപ ഇളവു കിട്ടും. ഒരു ലക്ഷം രൂപയില്‍ക്കൂടുതല്‍ സഹകരണബാങ്ക് വായ്പയുള്ളവര്‍ക്ക് 5,000 രൂപയേ ഇളവു കിട്ടുകയുള്ളു.

അടുത്ത വിളയ്ക്കുള്ള വിത്തു വിതയ്ക്കുന്നതിനുമുമ്പേ പുതിയ കാര്‍ഷികവായ്പയ്ക്കു കര്‍ഷകരെ അര്‍ഹരാക്കാനാണ് ഈ നടപടിയിലൂടെ ശ്രമിക്കുന്നതെന്നു സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. നിലവിലുള്ള വായ്പ കുടിശ്ശികയായി നില്‍ക്കുന്നതുകൊണ്ട് ഒട്ടേറെ ചെറുകിട, നാമമാത്രകര്‍ഷകര്‍ക്കു സഹകരണബാങ്കുകളില്‍ പുതിയ ലോണിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടാവില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണു കാര്‍ഷികവായ്പാ ഇളവുസംബന്ധിച്ച തീരുമാനമുണ്ടായത്.

അതേസമയം, സര്‍ക്കാരിന്റെ പ്രഖ്യാപനത്തില്‍ കര്‍ഷകര്‍ തൃപ്തരല്ല. വായ്പാപരിധിയൊന്നും നോക്കാതെ എല്ലാ വായ്പകളും എഴുതിത്തള്ളണമെന്നാണു കര്‍ഷകരുടെ ആവശ്യം. തിരഞ്ഞെടുപ്പുവേളയില്‍ വിജയ് നല്‍കിയ വാഗ്ദാനത്തിനു വിരുദ്ധമാണു സര്‍ക്കാരിന്റെ പ്രഖ്യാപനമെന്നു തമിഴ്‌നാട് കര്‍ഷക അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സാമി നടരാജന്‍ കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ കുറഞ്ഞ താങ്ങുവില നിശ്ചയിക്കാത്തതിനാല്‍ സംസ്ഥാനത്തെ കര്‍ഷകരുടെ കടബാധ്യത വളരെ കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞു. അഞ്ച് ഏക്കറോ അതില്‍ത്താഴെയോ കൃഷിഭൂമിയുള്ള കര്‍ഷകരുടെ കാര്‍ഷികവായ്പ പൂര്‍ണമായും ഒഴിവാക്കണം. അഞ്ച് ഏക്കറില്‍ക്കൂടുതലുള്ളവരുടെ വായ്പ പകുതിയും ഒഴിവാക്കണം – അദ്ദേഹം ആവശ്യപ്പെട്ടു.

Related posts

പുണെയിലെ വായ്പാസംഘത്തില്‍നിന്നു 6.5 കോടി രൂപ കവര്‍ന്ന 25 ഡയറക്ടര്‍മാരടക്കം 36 പേര്‍ക്കെതിരെ കേസ്

Indian Cooperator

സഹകരണസംഘം പുതിയതീരുമാനമെടുത്തെന്നു പറഞ്ഞ്കാലാവധിയെത്തിയ നിക്ഷേപംതിരിച്ചുകൊടുക്കാതിരിക്കരുത്- ഓംബുഡ്‌സ്മാന്‍

Indian Cooperator

പുണെ നഗരത്തിലെഭവനനിര്‍മാണസംഘങ്ങളില്‍പാചകവാതകവിതരണംപി.എന്‍.ജി. വഴിയാക്കും

Indian Cooperator