Indian Cooperator

റിസര്‍വ് ബാങ്കിന്റെ പുതിയ വ്യവസ്ഥകള്‍ചോദ്യം ചെയ്ത് കര്‍ണാടക അര്‍ബന്‍ബാങ്ക് ഫെഡറേഷന്‍ ഹൈക്കോടതിയില്‍

ഹകരണ അര്‍ബന്‍ബാങ്ക് ഡയറക്ടര്‍മാര്‍ക്കു തുടര്‍ച്ചയായ പത്തു വര്‍ഷത്തെ സേവനത്തിനുശേഷം മൂന്നു വര്‍ഷം ഇടവേള ( കൂള്‍ ഓഫ് പിരീഡ് ) നിര്‍ബന്ധമാക്കിക്കൊണ്ടുള്ളതുള്‍പ്പെടെ റിസര്‍വ് ബാങ്ക് ഈയിടെ നടപ്പാക്കിയ ഭേദഗതികളുടെ ഭരണഘടനാസാധുത ചോദ്യം ചെയ്തുകൊണ്ട് കര്‍ണാടക സംസ്ഥാന സഹകരണ അര്‍ബന്‍ബാങ്ക് ഫെഡറേഷന്‍ കര്‍ണാടക ഹൈക്കോടതിയുടെ ബംഗളൂരുബെഞ്ചില്‍ ഹര്‍ജി നല്‍കി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ജൂലായ് ഏഴിന് അടുത്ത വാദം കേള്‍ക്കാന്‍ തീരുമാനിച്ചു. സീനിയര്‍ സഹകരണബാങ്കറായ യെന്നെഗരെ ആര്‍ വെങ്കടരാമയ്യയും ചേര്‍ന്നാണു ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

അര്‍ബന്‍ബാങ്കുകളുടെ ഭരണനിര്‍വഹണം സംബന്ധിച്ച് റിസര്‍വ് ബാങ്ക് 2026 മെയ് 25 നു നടപ്പാക്കിയ അര്‍ബന്‍ സഹകരണബാങ്ക് ഗവേണന്‍സ് ഭേദഗതിനിര്‍ദേശങ്ങളുടെയും 2025 ലെ ബാങ്കിങ്‌നിയമ ഭേദഗതിയിലെ ചില വ്യവസ്ഥകളുടെയും ഭരണഘടനാസാധുതയാണു കര്‍ണാടക അര്‍ബന്‍ബാങ്ക് ഫെഡറേഷന്‍ ചോദ്യം ചെയ്തിരിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ അധികാരപരിധിയില്‍പ്പെടാത്തതും ഭരണഘടനയുടെ അധികാരപരിധി ലംഘിക്കുന്നതും അനുച്ഛേദം 14, 19 ( 1 ) ( സി ) അനുസരിച്ചു തങ്ങളുടെ അവകാശങ്ങള്‍ മറികടക്കുന്നതുമായ നിര്‍ദേശങ്ങള്‍ അസാധുവാക്കണമെന്നാണു ഹര്‍ജിക്കാരുടെ വാദം. 1949 ലെ ബാങ്കിങ്‌നിയന്ത്രണനിയമത്തിലെ സെക്ഷന്‍ 10എ ( 2എ ) ഭേദഗതി ചെയ്ത് ഡയറക്ടര്‍മാര്‍ക്കു കാലാവധിപരിധിയും മൂന്നു വര്‍ഷം ഇടവേളയും നിശ്ചയിച്ചതിനെയും ഹര്‍ജിക്കാര്‍ പ്രത്യേകം ചോദ്യം ചെയ്യുന്നുണ്ട്.

സഹകരണസംഘങ്ങള്‍ ഭരണഘടനയുടെ എന്‍ട്രി 32 ലിസ്റ്റനുസരിച്ച് സംസ്ഥാനങ്ങളുടെ നിയമപരിധിയില്‍പ്പെടുന്ന സ്ഥാപനങ്ങളാണെന്നും 1959 ലെ കര്‍ണാടക സഹകരണസംഘം നിയമത്തിനു കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സഹകരണബാങ്കുകളുടെ ഡയറക്ടര്‍മാര്‍ക്കുമേല്‍ പാര്‍ലമെന്റിന് ഇത്തരം നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കാനാവില്ലെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു. ഹര്‍ജിയില്‍ തീര്‍പ്പാകുന്നതുവരെ റിസര്‍വ് ബാങ്കിന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് ഇടക്കാലഉത്തരവിലൂടെ തടയണമെന്നു ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു. ജസ്റ്റിസ് സൂരജ് ഗോവിന്ദരാജിന്റെ മുമ്പാകെ ജൂണ്‍ 12 ന് എത്തിയ ഹര്‍ജിയില്‍ ജൂലായ് ഏഴിനു തുടര്‍വാദം കേള്‍ക്കും. ഹര്‍ജിയില്‍ ഇടക്കാലഉത്തരവ് പുറപ്പെടുവിക്കുംമുമ്പ് തങ്ങളുടെ വാദവുംകൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ട് റിസര്‍വ് ബാങ്ക് കേവിയറ്റ് ഫയല്‍ ചെയ്തിട്ടുണ്ട്. കര്‍ണാടക സംസ്ഥാന സഹകരണ അര്‍ബന്‍ബാങ്കുകളുടെ ഫെഡറേഷന്‍ ഭേദഗതിയില്‍ ചില വ്യക്തത വേണമെന്നാവശ്യപ്പെട്ട് ദിവസങ്ങള്‍ക്കുമുമ്പു റിസര്‍വ് ബാങ്കിനു കത്തെഴുതിയിരുന്നു.

അര്‍ബന്‍ബാങ്കുകളുടെ ഡയറക്ടര്‍മാര്‍ക്കു തുടര്‍ച്ചയായ പത്തു വര്‍ഷത്തിനുശേഷം മൂന്നു വര്‍ഷം ഇടവേള നിര്‍ബന്ധമാക്കിക്കൊണ്ട് റിസര്‍വ് ബാങ്ക് ഉത്തരവിട്ടത് നാലു മാസത്തെ ചര്‍ച്ചകള്‍ക്കു ശേഷമാണ്. സഹകരണമേഖലയുമായി ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങള്‍ തേടിക്കൊണ്ട് ഇതുസംബന്ധിച്ച കരടുനിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്ക് 2026 ജനുവരി എട്ടിനു പുറത്തുവിട്ടിരുന്നു. 1949 ലെ ബാങ്കിങ്നിയന്ത്രണ നിയമത്തിലെ സെക്ഷന്‍ 10 എ ( 2 എ ) യില്‍ പറയുന്ന കാര്യങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നത് ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണു റിസര്‍വ് ബാങ്ക് ഈ ഭേദഗതി കൊണ്ടുവന്നത്. നിയമം മറികടക്കാന്‍ ചില ഡയറക്ടര്‍മാര്‍ പത്തു വര്‍ഷം തികയുന്നതിനു തൊട്ടുമുമ്പു രാജിവെച്ച് വീണ്ടും തിരഞ്ഞെടുക്കപ്പെടുകയോ നോമിനേറ്റ് ചെയ്യപ്പെടുകയോ ചെയ്തിട്ടുള്ള സംഭവങ്ങള്‍ റിസര്‍വ് ബാങ്കിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ പ്രവണത തടയുകയായിരുന്നു ലക്ഷ്യം. പുതിയ നിബന്ധനയനുസരിച്ചു പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ ഡയറക്ടര്‍ക്ക് അതേബാങ്കില്‍ വീണ്ടും ഡയറക്ടറാകണമെങ്കില്‍ മൂന്നു വര്‍ഷം വിട്ടുനില്‍ക്കണം. അതേസമയം, യോഗ്യതയുള്ളപക്ഷം മറ്റു ബാങ്കുകളില്‍ ഡയറക്ടറാവാന്‍ അവര്‍ക്കു തടസ്സമൊന്നുമില്ല.

Related posts

മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ സബ്‌സിഡറി സ്ഥാപനങ്ങളിലോ സമാനരീതിയില്‍ ബിസിനസ്നടത്തുന്ന സംഘങ്ങളിലോ മാത്രമേനിക്ഷേപം നടത്താവൂ – സുപ്രീം കോടതി

Indian Cooperator

തമിഴ്‌നാട്ടില്‍ സംഘങ്ങളില്‍ നിന്നെടുത്ത എല്ലാ കാര്‍ഷികവായ്പകളും എഴുതിത്തള്ളണമെന്നു കര്‍ഷകര്‍

Indian Cooperator

മള്‍ട്ടിസ്റ്റേറ്റ് സഹകരണ സംഘങ്ങളിലെ തട്ടിപ്പുകളെ കുറിച്ച് സംസ്ഥാനം നല്‍കിയ റിപ്പോര്‍ട്ടും അന്വേഷണത്തിന് കാരണമായി

Indian Cooperator
error: Content is protected !!