Indian Cooperator

ഡിജിറ്റല്‍ അറസ്റ്റ്: 30 ലക്ഷത്തിന്റെ തട്ടിപ്പ് പൊളിച്ചടുക്കി സഹകരണബാങ്ക്

തട്ടിപ്പുകാരുടെ ഡിജിറ്റല്‍ അറസ്റ്റില്‍ പേടിച്ച് പണം പിന്‍വലിക്കാനെത്തിയ മുതിര്‍ന്ന പൗരനു രക്ഷാകവചമൊരുക്കി അര്‍ബന്‍ സഹകരണബാങ്ക്. 30 ലക്ഷം രൂപയാണു തട്ടിപ്പുകാര്‍ ഭീഷണിപ്പെടുത്തി കവര്‍ന്നെടുക്കാന്‍ ശ്രമിച്ചത്. ഈ തന്ത്രമാണു സമയോചിതമായ ഇടപെടലിലൂടെ സഹകരണബാങ്ക് ജീവനക്കാര്‍ പൊളിച്ചടുക്കിയത്.

അഹമ്മദാബാദിലെ ( ഗുജറാത്ത് ) എസ്.വി.എസ്. സഹകരണബാങ്ക്ശാഖയിലെ ജീവനക്കാരാണു മുതിര്‍ന്ന പൗരനെ ചേര്‍ത്തുപിടിച്ച് തട്ടിപ്പിന് അന്ത്യം കുറിച്ചത്. ഒരാഴ്ചയായി ഈ മുതിര്‍ന്ന പൗരന്‍ തട്ടിപ്പുകാരുടെ സമ്മര്‍ദത്തിലായിരുന്നുവെന്നു ഇക്കാര്യം വെളിപ്പെടുത്തിയ സഹകരണബാങ്ക് മാനേജിങ് ഡയറക്ടര്‍ രവീന്ദ്ര സിങ് അറിയിച്ചു. ബാങ്കിന്റെ മുംബൈ ശാഖയിലായിരുന്നു ഇടപാടുകാരന്റെ അക്കൗണ്ട്. ആര്‍.ടി.ജി.എസ്. വഴി അടിയന്തരമായി 30 ലക്ഷം രൂപ തനിക്ക് അയച്ചുതരണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം അഹമ്മദാബാദ്ശാഖയെ സമീപിച്ചത്. ഇടപാടുകാരന്റെ പെരുമാറ്റത്തിലെ അസ്വസ്ഥത ശ്രദ്ധിച്ച അസി. ശാഖാമാനേജര്‍ അദ്ദേഹവുമായി സംസാരിച്ചു. അപ്പോഴാണു താന്‍ ഡിജിറ്റല്‍ അറസ്റ്റിലാണെന്നു അദ്ദേഹം വെളിപ്പെടുത്തിയത്. വന്‍കിട പൊതുമേഖലാബാങ്കിലെ തന്റെ അക്കൗണ്ടില്‍നിന്നു മുതിര്‍ന്ന പൗരന്‍ അതിനകം നാലു ലക്ഷം രൂപ തട്ടിപ്പുകാര്‍ക്ക് അയച്ചുകൊടുത്തിരുന്നു. ബാക്കി 30 ലക്ഷത്തിനുവേണ്ടി അവര്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നു. തുടര്‍ന്നാണു പണത്തിനുവേണ്ടി അര്‍ബന്‍ബാങ്ക്ശാഖയെ സമീപിച്ചത്. ബാങ്ക്ജീവനക്കാരുടെ സഹായത്തോടെ ഇടപാടുകാരന്‍ പോലീസിലും സൈബര്‍ക്രൈം സെല്ലിലും പരാതി കൊടുത്തിരിക്കുകയാണ്.

ഒരു സഹകരണബാങ്ക് അതിന്റെ ഇടപാടുകാരെ എത്രമാത്രം ശ്രദ്ധിക്കുന്നു എന്നതിന്റെ തെളിവാണിതെന്നു സഹകരണബാങ്ക് മാനേജിങ് ഡയറക്ടര്‍ രവീന്ദ്ര സിങ് അഭിപ്രായപ്പെട്ടു. വെറുമൊരു ഇടപാടുകാരന്‍ എന്നതിനപ്പുറം ഇടപാടുകാരുമായി ബാങ്ക് പുലര്‍ത്തുന്ന ആത്മബന്ധംകൂടിയാണ് ഇതിലൂടെ വ്യക്തമാകുന്നത്. വര്‍ഷങ്ങളായുള്ള അടുപ്പംകാരണം ബാങ്ക്ജീവനക്കാര്‍ക്കു കൃത്യമായി അവരുടെ ഇടപാടുകാരന്റെ പശ്ചാത്തലവും ബാങ്കിടപാടുരീതിയുമെല്ലാം അറിയാം. അതില്‍നിന്നുള്ള വ്യതിയാനം സ്വാഭാവികമായും ജീവനക്കാരെ സംശയാലുക്കളാക്കും. കാര്യങ്ങള്‍ അത്ര പന്തിയാണോ എന്ന തോന്നല്‍ അവരിലുണ്ടാക്കും. സാങ്കേതികവിദ്യയുടെ വികാസത്തോടെ സഹകരണബാങ്കുകളിലും ഇടപാടുകള്‍ക്കു വേഗം കൂടിയിട്ടുണ്ട്. എങ്കിലും, വ്യക്തിപരമായ അടുപ്പം ഇടപാടുകള്‍ സുരക്ഷിതമാക്കാന്‍ സഹായിക്കുന്നുണ്ട് രവീന്ദ്ര സിങ് അഭിപ്രായപ്പെടുന്നു.

Related posts

800 കോടി രൂപയുടെ വികസനപദ്ധതിയുമായി അമുല്‍ ബംഗാളിലേക്കും ആസാമിലേക്കും

Indian Cooperator

പുണെ നഗരത്തിലെഭവനനിര്‍മാണസംഘങ്ങളില്‍പാചകവാതകവിതരണംപി.എന്‍.ജി. വഴിയാക്കും

Indian Cooperator

കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ ദേശീയ സഹകരണ യൂണിയനുമായി ധാരണയുണ്ടാക്കിയത് തൃശ്ശൂരിലെ മള്‍ട്ടിസ്റ്റേറ്റ് സംഘം

Indian Cooperator
error: Content is protected !!