Indian Cooperator

ജീവനക്കാരനു ശമ്പളം നിഷേധിക്കുന്നത് മൗലീകാവകാശലംഘനം – പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതി

രു ജീവനക്കാരന്റെ വേതനം / ശമ്പളം നിഷേധിക്കുന്നത് അന്തസ്സോടെ ജീവിക്കാന്‍ ഒരാള്‍ക്ക് അവകാശം നല്‍കുന്ന ഭരണഘടനയുടെ 21 -ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും നിര്‍ബന്ധമായി തൊഴില്‍ ചെയ്യിക്കുന്നതു നിരോധിച്ചുകൊണ്ടുള്ള അനുച്ഛേദം 23 ന് എതിരാണിതെന്നും പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതി അഭിപ്രായപ്പെട്ടു. ജോലി ചെയ്ത വകയില്‍ 30 കൊല്ലം മുമ്പ് ഒരു സഹകരണജീവനക്കാരനു നല്‍കാനുണ്ടായിരുന്ന ശമ്പളക്കുടിശ്ശിക പലിശസഹിതം തീര്‍ത്തുനല്‍കാനും ഒപ്പം രണ്ടു ലക്ഷം രൂപ പിഴയൊടുക്കാനും ഉത്തരവിട്ടുകൊണ്ടുള്ള വിധിയിലാണ് കോടതിയുടെ ഈ നിരീക്ഷണങ്ങള്‍. ഹരിയാന സ്റ്റേറ്റ് ഫെഡറേഷന്‍ ഓഫ് കണ്‍സ്യൂമര്‍ കോ-ഓപറേറ്റീവ് ഹോള്‍സെയില്‍ സ്റ്റോര്‍സ് ലിമിറ്റഡി ( CONFED ) നെതിരായാണു ഹൈക്കോടതി ഈ വിധി പുറപ്പെടുവിച്ചത്. ഫെഡറേഷന്റെ നടപടി നഗ്നമായ ചൂഷണമാണെന്നും മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഹര്‍ജിക്കാരന്റെ അവകാശങ്ങളെ നഗ്നമായി ലംഘിച്ചതിനാണു രണ്ടു ലക്ഷം രൂപ പിഴ വിധിച്ചത്. 1989 ഒക്ടോബറിനും 1996 ജൂലായിക്കുമിടയിലെ ശമ്പളക്കുടിശ്ശിക ആറു ശതമാനം പലിശയോടെ കോടതിയുടെ ഉത്തരവ് കൈപ്പറ്റി മൂന്നു മാസത്തിനകം നല്‍കാനാണു ജസ്റ്റിസ് ഹര്‍പ്രീത് സിങ് ബ്രാര്‍ ഉത്തരവിട്ടത്.

1979 ല്‍ സെയില്‍സ്മാനായി നിയമിതനായ ദുനി ചന്ദാണു പരാതിക്കാരന്‍. 1983 ല്‍ ദുനി ചന്ദിനെ മണ്ഡി ദാബ് വാലിയിലെ കേന്ദ്ര സഹകരണ ഉപഭോക്തൃസ്റ്റോറിലേക്കു മാറ്റി. 1989 സെപ്റ്റംബര്‍ മുതല്‍ ദുനി ചന്ദിന്റെ ശമ്പളം നിര്‍ത്തി. 1996 ജൂലായില്‍ ടെര്‍മിനേഷന്‍ ഉത്തരവില്ലാതെ സര്‍വീസില്‍നിന്നു ഒഴിവാക്കുകയും ചെയ്തു. 1989 സെപ്റ്റംബറിനും 1996 ജൂലായിക്കുമിടയിലെ ഏഴു വര്‍ഷത്തെ ശമ്പളക്കുടിശ്ശികയ്ക്കാണു ദുനി ചന്ദ് ഈ വര്‍ഷമാദ്യം നാലാം തവണ കോടതിയെ സമീപിച്ചത്. ടെര്‍മിനേഷന്‍ ഓര്‍ഡറൊന്നുമില്ലാതെയാണു തന്നെ ജോലിയില്‍നിന്ന് ഒഴിവാക്കിയതെന്നു പരാതിക്കാരന്‍ ആരോപിച്ചു. ഹര്‍ജിക്കാരന്‍ തങ്ങളുടെ ജീവനക്കാരനല്ലെന്നും പില്‍ക്കാലത്തു ലിക്വിഡേഷനിലായ ദാബ്‌വാലി സ്റ്റോറിലെ ജീവനക്കാരനായിരുന്നുവെന്നും അതിനാലാണു ശമ്പളം നിഷേധിച്ചതെന്നും ഫെഡറേഷന്‍ വാദിച്ചു. എന്നാല്‍, ഹൈക്കോടതി ഇതംഗീകരിച്ചില്ല. ഫെഡറേഷന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറാണു ഹര്‍ജിക്കാരന്റെ നിയമനം നടത്തിയതെന്നും ഫെഡറേഷന്റെ സ്റ്റാഫ് സര്‍വീസ് റൂള്‍സാണു ജോലിക്കാലത്ത് അദ്ദേഹത്തിനു ബാധകമാക്കിയതെന്നും കോടതി നിരീക്ഷിച്ചു.

ശമ്പളക്കുടിശ്ശികക്കേസുമായി മുന്നോട്ടുപോകുന്നതില്‍ ഹര്‍ജിക്കാരന്‍ നേരിടേണ്ടിവന്ന ദുരിതപൂര്‍ണമായ നടപടികള്‍ ഞെട്ടിക്കുന്നതാണെന്നു ഹൈക്കോടതി നിരീക്ഷിച്ചു. 1991 ഏപ്രിലില്‍ത്തന്നെ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചതാണ്. മൂന്നു മാസത്തിനുള്ളില്‍ ശമ്പളം കൊടുക്കണമെന്നു കോടതി നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍, ഫെഡറേഷന്‍ അതനുസരിച്ചില്ല. 1999 ല്‍ കോടതിയലക്ഷ്യക്കുറ്റത്തിനു ഹര്‍ജി നല്‍കി. ഫണ്ട് കിട്ടുന്ന മുറയ്ക്കു പണം നല്‍കാമെന്ന ഫെഡറേഷന്റെ ഉറപ്പില്‍ 2000 ല്‍ ഈ ഹര്‍ജിയില്‍ തീര്‍പ്പുണ്ടായി. അതും അനുസരിച്ചില്ല. 2006 ല്‍ മൂന്നാമതും പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചു. നിശ്ചിതസമയത്തിനുള്ളില്‍ തീര്‍പ്പു കല്‍പിച്ചുകൊണ്ടുള്ള / തീരുമാനമറിയിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയെങ്കിലും അതും അനുസരിച്ചില്ല. തുടര്‍ന്നാണ് ഇക്കൊല്ലം വീണ്ടും ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഈ കോടതി പുറപ്പെടുവിച്ച ഉത്തരവുകളെ തികഞ്ഞ ഭരണപരമായ പക്ഷപാതത്തോടെ ഫെഡറേഷന്‍ ആവര്‍ത്തിച്ച് വകവെക്കാതിരിക്കുന്നതും ഏഴു കൊല്ലം ശമ്പളമില്ലാതെ ജോലിചെയ്ത ഒരാളോട് കാണിക്കുന്ന കടുത്ത ഉദാസീനതയും വളരെ കുറഞ്ഞ പരിഗണനയും കോടതിയുടെ നീതിബോധത്തെ ഞെട്ടിക്കുന്നു. തങ്ങളുടെ ഒരു ജീവനക്കാരനോടുള്ള അധികൃതരുടെ അമാന്യമായ ഈ പെരുമാറ്റം ഒരുതരത്തിലും അംഗീകരിക്കാനാവില്ല. മനുഷ്യാന്തസ്സോടെ ജീവിക്കാനുള്ള അവകാശവും ചൂഷണത്തില്‍നിന്നുള്ള മോചനവും ഭരണഘടനയുടെ 21 -ാം അനുച്ഛേദത്തില്‍ സംരക്ഷിച്ചിട്ടുണ്ട്. ഈ ആശയം നിര്‍ദേശകതത്വങ്ങളുടെ അനുച്ഛേദം 39 (ഇ), (എഫ്) എന്നിവയിലും 41, 42 അനുച്ഛേദങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. ഈയവകാശം മനുഷ്യാന്തസ്സിന്റെ അടിസ്ഥാനപ്രമാണങ്ങളെ സംരക്ഷിക്കുന്നുണ്ട്. ജീവസന്ധാരണത്തിനായി ഒരാള്‍ക്കു വേതനത്തെയോ ശമ്പളത്തെയോ ആശ്രയിക്കേണ്ടിവരുന്നതു മനുഷ്യാവകാശത്തില്‍പ്പെടും. ഒരു ജീവനക്കാരന്റെ നിയമപരമായ വേതനം വീണ്ടും വീണ്ടും കവര്‍ന്നെടുക്കാന്‍ ഒരു തൊഴിലുടമയെയും അനുവദിച്ചുകൂടാ. ഫെഡറേഷന്‍ നടത്തിയ ചൂഷണത്തിന്റെ പേരില്‍ പരാതിക്കാരനു രണ്ടു ലക്ഷം രൂപ നല്‍കണം – ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കി.

സിര്‍സയിലെ സ്റ്റോറില്‍ ജീവനക്കാരനെ നിയമിച്ചതും പിന്നീട് മാണ്ഡി ദാബ്‌വാലിയിലേക്കു മാറ്റിയതും ഫെഡറേഷനാണെന്നിരിക്കെ എങ്ങനെയാണു ഹര്‍ജിക്കാരന്‍ തങ്ങളുടെ ജീവനക്കാരനല്ലെന്നു ഫെഡറേഷനു പറയാനാവുക എന്നു കോടതി ചോദിച്ചു. ദാബ്‌വാലിയിലേക്കു മാറ്റിയതു ഡെപ്യൂട്ടേഷനിലാണ്. അതുകൊണ്ട് ഫെഡറേഷനുമായുള്ള ഹര്‍ജിക്കാരന്റെ ബന്ധം മാറുന്നില്ല. ഇത്തരം സ്റ്റോറുകളിലെ ജീവനക്കാരുടെമേല്‍ ഫെഡറേഷനു സമഗ്രമായ നിയന്ത്രണവും അധികാരവുമുണ്ടെന്നും നിയന്ത്രണം ഉറപ്പിക്കുന്ന തരത്തില്‍ ചട്ടങ്ങള്‍ പുറപ്പെടുവിക്കുകയും തൊഴിലുടമയാണെന്ന പദവി നിഷേധിക്കുകയും ചെയ്യുന്നത് ഒരേസമയം ഒരു കാര്യത്തിന്റെ നേട്ടങ്ങള്‍ എടുക്കുകയും ബാധ്യതകള്‍ നിഷേധിക്കുകയും ( Approbate and repprobate ) ചെയ്യുന്നതുപോലെയാണെന്നും ഡെപ്യൂട്ടേഷന്‍സംബന്ധിച്ചു ഭേദഗതി ചെയ്ത ചട്ടങ്ങളും സുപ്രീംകോടതി കീഴ്‌വഴക്കങ്ങളും ഉദ്ധരിച്ചുകൊണ്ട് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

Related posts

മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്കിന് 2025-26 ല്‍ 702 കോടിരൂപ അറ്റാദായം

Indian Cooperator

കോടതി വിധിക്ക് കാത്തുനില്‍ക്കാതെ നിയമഭേദഗതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍; ഭരണസമതി അംഗങ്ങളുടെ അയോഗ്യത പ്രാബല്യത്തിലാക്കി

Indian Cooperator

മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ സബ്‌സിഡറി സ്ഥാപനങ്ങളിലോ സമാനരീതിയില്‍ ബിസിനസ്നടത്തുന്ന സംഘങ്ങളിലോ മാത്രമേനിക്ഷേപം നടത്താവൂ – സുപ്രീം കോടതി

Indian Cooperator
error: Content is protected !!