Indian Cooperator

പി.എം.സി. ബാങ്കിനെ ലിക്വിഡേറ്റ് ചെയ്യുന്നതിന് പകരം ലയനം നടപ്പാക്കിയത് ഗുണം ചെയ്‌തെന്നു കോടതി

ഏഴു വര്‍ഷം മുമ്പു പ്രവര്‍ത്തനത്തിലെ കെടുകാര്യസ്ഥത മൂലം തകര്‍ന്നുപോയ പഞ്ചാബ് ആന്റ് മഹാരാഷ്ട്ര സഹകരണബാങ്കിനെ ( പി.എം.സി. ബാങ്ക് ) യൂനിറ്റി സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ ലയിപ്പിച്ച നടപടിയെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഒരു കൂട്ടം ഹര്‍ജികള്‍ ബോംബെ ഹൈക്കോടതി തള്ളി. 1949 ലെ ബാങ്കിങ് നിയന്ത്രണനിയമത്തിന്‍കീഴില്‍ റിസര്‍വ് ബാങ്ക് കൈക്കൊണ്ട ലയനതീരുമാനത്തില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ജസ്റ്റിസുമാരായ ഭാരതി ഡാംഗ്രെ, മഞ്ജുഷ ദേശ്പാണ്ഡെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണു 2022 ലെ പി.എം.സി. ബാങ്ക് ലയനപദ്ധതിയില്‍ ഇടപെടാന്‍ വിസമ്മതിച്ചത്. ഇതോടെ, പി.എം.സി. ബാങ്ക് പ്രതിസന്ധിയുമായി ബന്ധപ്പെട്ടു ദീര്‍ഘകാലമായി നടന്നുവരുന്ന നിയമനടപടികള്‍ക്ക് അവസാനമായി. ലയനപദ്ധതി തള്ളിക്കളയണമെന്നായിരുന്നു ഏഴു പേരടങ്ങിയ ഹര്‍ജിക്കാരുടെ ആവശ്യം. ലയനപദ്ധതി ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണെന്നും നിക്ഷേപകരുടെ തുക തിരിച്ചുനല്‍കാന്‍ പത്തു വര്‍ഷം വരെ നീളുന്ന സംവിധാനം ഏര്‍പ്പെടുത്തിയ നടപടി അന്യായവും അടിച്ചേല്‍പ്പിച്ചതുമാണെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം.

നിക്ഷേപകരുടെ പൊതുതാത്പര്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണു റിസര്‍വ് ബാങ്കിന്റെ നിയന്ത്രണനടപടികള്‍ ഉണ്ടായതെന്നു ചൂണ്ടിക്കാട്ടിയ ഹൈക്കോടതി തത്വത്തില്‍ അതിനെ അംഗീകരിച്ചു. പി.എം.സി. ബാങ്കില്‍ ഗുരുതരമായ സാമ്പത്തികക്രമക്കേടുകളും സാമ്പത്തികത്തകര്‍ച്ചയും കണ്ടെത്തിയതിനെത്തുടര്‍ന്നു ബാങ്കിങ്‌മേഖലയെ നിയന്ത്രിക്കുന്ന സ്ഥാപനം എന്ന നിലയിലും വിദഗ്ധസംവിധാനം എന്ന നിലയിലും റിസര്‍വ് ബാങ്ക് നിയമപരമായ അധികാരപരിധിക്കുള്ളില്‍നിന്നു കൊണ്ടാണു പ്രവര്‍ത്തിച്ചതെന്നു കോടതി വിലയിരുത്തി. 2019 ല്‍ പി.എം.സി. ബാങ്കില്‍ നടത്തിയ പരിശോധനകളില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ കോടതി രേഖപ്പെടുത്തി. പാപ്പരായ എച്ച്.ഡി.ഐ.എല്‍. ഗ്രൂപ്പിനെ വഴിവിട്ടു സഹായിച്ചതും അക്കൗണ്ടുകളില്‍ കൃത്രിമം കാണിച്ചതും നിഷ്‌ക്രിയ ആസ്തിസംബന്ധിച്ച വിവരം മൂടിവെച്ചതും നിക്ഷേപം വന്‍തോതില്‍ ചോര്‍ന്നുപോയതും കോടതി എടുത്തുപറഞ്ഞു. ഈ സാഹചര്യത്തില്‍ നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കാന്‍ റിസര്‍വ് ബാങ്ക് ഇടപെട്ടതു ന്യായീകരിക്കത്തക്കതാണെന്നു കോടതി അഭിപ്രായപ്പെട്ടു.

നിക്ഷേപകര്‍ക്കു കൂടുതല്‍ സാമ്പത്തികനഷ്ടവും അനിശ്ചിതത്വവും ഉണ്ടാക്കുന്ന സമാപ്തീകരണ ( ലിക്വിഡേഷന്‍ ) നടപടിയേക്കാള്‍ പ്രായോഗികമായ ബദലായിരുന്നു പി.എം.സി. ബാങ്കിന്റെ ലയനം എന്ന റിസര്‍വ് ബാങ്കിന്റെ വാദവും കോടതി അംഗീകരിച്ചു. ലിക്വിഡേറ്റ് ചെയ്തിരുന്നെങ്കില്‍ നിക്ഷേപകര്‍ക്ക്, എത്ര തുക നിക്ഷേപിച്ചിരുന്നാലും, ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗാരണ്ടി കോര്‍പറേഷന്റെ ഗാരണ്ടിത്തുകയായ അഞ്ചു ലക്ഷം രൂപവരെയേ കിട്ടുമായിരുന്നുള്ളു. ലയനത്തോടെ അംഗങ്ങളുടെ മുഴുവന്‍ നിക്ഷേപവും പത്തു കൊല്ലംകൊണ്ട് പൂര്‍ണമായും തിരിച്ചുകിട്ടും. 4,852 കോടി രൂപ വരുന്ന മുതല്‍സംഖ്യ പൂര്‍ണമായും നിക്ഷേപകര്‍ക്കു തിരിച്ചുകിട്ടും. ഈ ലയനപദ്ധതി യൂനിറ്റി ബാങ്കിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനായുള്ള മൂലധനം എത്തിക്കുകയും ഘടനാപരമായ ഒരു തിരിച്ചടവുസംവിധാനത്തിനു വഴിയൊരുക്കുകയും ചെയ്തതായി കോടതി വിലയിരുത്തി. നിക്ഷേപ ഇന്‍ഷുറന്‍സ് ഗാരണ്ടി കോര്‍പറേഷന്‍ വഴി അഞ്ചു ലക്ഷം രൂപ വരെയുള്ള നിക്ഷേപം തിരിച്ചുകിട്ടുമെന്നുറപ്പാക്കി. ബാക്കിയുള്ള തുക ഘട്ടംഘട്ടമായി തിരിച്ചുകിട്ടാനും സംവിധാനമുണ്ടാക്കി കോടതി വിലയിരുത്തി.

2019 ലാണു പഞ്ചാബ് ആന്റ് മഹാരാഷ്ട്ര സഹകരണബാങ്കിന്റെ തകര്‍ച്ചയുണ്ടായത്. ബാങ്ക് നല്‍കിയ 8,300 കോടി രൂപയുടെ വായ്പയില്‍ 70 ശതമാനവും പാപ്പരായ എച്ച്.ഡി.ഐ.എല്‍. എന്ന കെട്ടിടനിര്‍മാണക്കമ്പനിക്കാണു കൊടുത്തത്. ആയിരക്കണക്കിനു വ്യാജ അക്കൗണ്ടുകളിലൂടെയാണ് ഈ പണം ചോര്‍ത്തിയത്. 2019 സെപ്റ്റംബറില്‍ ബാങ്കിങ് നിയന്ത്രണനിയമത്തിലെ സെക്ഷന്‍ 35 എ പ്രകാരം റിസര്‍വ് ബാങ്ക് പി.എം.സി. ബാങ്കില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി. പത്തു ലക്ഷം നിക്ഷേപകര്‍ ജീവിതകാലമത്രയും സമ്പാദിച്ച പണമാണു ബാങ്കില്‍ കുടുങ്ങിപ്പോയത്. 2022 ല്‍ പി.എം.സി. ബാങ്കിനെ യൂനിറ്റി സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ ലയിപ്പിച്ചു. അഞ്ചു ലക്ഷം രൂപയിലധികം നിക്ഷേപമുള്ളവരുടെ നിക്ഷേപത്തുക പത്തു കൊല്ലംകൊണ്ട് മുഴുവനായും കൊടുത്തുതീര്‍ക്കാനാണു ധാരണയായത്.

രാജ്യത്തെ പന്ത്രണ്ടാമത്തെ ചെറുകിട ധനകാര്യ ബാങ്കായ യൂനിറ്റി സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 2021 നവംബറിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. 2024 മാര്‍ച്ച് 31 ന്റെ കണക്കനുസരിച്ചു ബാങ്കിനു 23 ലക്ഷത്തിലധികം ഇടപാടുകാരുണ്ട്.

Related posts

ക്ഷീരസംഘങ്ങളിലെ ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിക്ക് ഈ മാസം മുതല്‍ അംഗീകാരം; പുതിയ ചട്ടം വിജ്ഞാപനം ചെയ്തു

Indian Cooperator

കേന്ദ്രനിയമത്തിലെ വ്യവസ്ഥ അംഗീകരിച്ചുള്ള ആദ്യ കോടതിവിധി; കേരളത്തിന്റെ ഹരജിയെ പോലും ബാധിച്ചേക്കും

Indian Cooperator

സഹാറഗ്രൂപ്പിന്റെ സഹകരണസംഘങ്ങളിലെ നിക്ഷേപകര്‍ക്ക് 8,800 കോടി രൂപ തിരിച്ചുനല്‍കി

Indian Cooperator