Indian Cooperator

സഹകരണ മേഖലയിൽ ബോണസ് പ്രഖ്യാപിച്ചു; പരമാവധി 20 ശതമാനം

  • 8.33% അടിസ്ഥാന ബോണസ്, യോഗ്യതയുള്ള സംഘങ്ങൾക്ക് 20% വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ ഉത്പാദന മേഖലയുമായി ബന്ധപ്പെടാത്ത സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ബോണസ് വിതരണം ചെയ്യുന്നതിനുള്ള സമഗ്ര മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ലാഭനഷ്ടം നോക്കാതെ എല്ലാ സഹകരണ സംഘങ്ങളും ജീവനക്കാർക്ക് 2025-26 വർഷത്തെ മൊത്തം വാർഷിക വേതനത്തിന്റെ 8.33 ശതമാനം ബോണസായി നൽകണം. മാസവേതനം പരമാവധി 7,000 രൂപ എന്ന തോതിലായിരിക്കും ഇത് കണക്കാക്കുക. 2025-26 വർഷത്തെ കണക്കനുസരിച്ച് മതിയായ വിഭജിക്കാവുന്ന മിച്ചമുള്ള സംഘങ്ങൾക്ക് 7,000 രൂപ വരെ മാസവേതനമുള്ള ജീവനക്കാർക്ക് വാർഷിക വേതനത്തിന്റെ പരമാവധി 20% വരെ ബോണസ് നൽകാം. മാസവേതനം 7,000 രൂപയ്ക്ക് മുകളിലുള്ളവർക്കും 7,000 രൂപ അടിസ്ഥാനമാക്കി 20% വരെ അനുവദിക്കാം.

സഹകരണ വകുപ്പിന്റെ ഭരണനിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങൾ, ശമ്പള സ്കെയിലിലുള്ള പാർട്ട്-ടൈം/കണ്ടിജന്റ് ജീവനക്കാർ, നീതി സ്റ്റോർ, നീതി മെഡിക്കൽ സ്റ്റോർ എന്നിവിടങ്ങളിലെ റഗുലർ തസ്തികകളിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാർ എന്നിവർക്കെല്ലാം ഈ ബോണസ് നിബന്ധനകൾ ബാധകമായിരിക്കും.

വിഭജിക്കാവുന്ന മിച്ചമില്ലാത്തതും എന്നാൽ റിസർവുകൾ വകയിരുത്തിയ ശേഷം അറ്റലാഭമുള്ളതുമായ സംഘങ്ങൾക്ക്, അറ്റലാഭത്തിന്റെ 40% കവിയാത്ത വിധം ജീവനക്കാരുടെ ശമ്പളം ക്രമീകരിച്ച് ബോണസ് നൽകാം. നിക്ഷേപ/വായ്പാ കളക്ഷൻ ഏജന്റുമാർക്കും കമ്മീഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന അപ്രൈസർമാർക്കും പ്രതിമാസ ശമ്പള പരിധി 5,000 രൂപയായി നിശ്ചയിച്ച് ആനുപാതികമായി ബോണസ് അനുവദിക്കും.

നിയമപരമായി മാറ്റിവെയ്ക്കേണ്ട കരുതൽ ധനം വകയിരുത്താതെ കൃത്രിമമായി ലാഭം കാണിച്ച് അധിക ബോണസ് നൽകിയാൽ കർശന നടപടിയുണ്ടാകും. അധികമായി നൽകിയ തുക ജീവനക്കാരിൽ നിന്ന് തിരികെ ഈടാക്കും. ജീവനക്കാരിൽ നിന്ന് തുക തിരികെ ഈടാക്കാൻ സാധിക്കാത്ത പക്ഷം ബന്ധപ്പെട്ട ഭരണസമിതിക്കെതിരെ സർചാർജ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും ഇതിന്റെ ഉത്തരവാദിത്തം ഭരണസമിതിക്കും ചീഫ് എക്സിക്യൂട്ടീവിനുമായിരിക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. ഓഡിറ്റർമാരുടെ പരിശോധനയ്ക്ക് ശേഷമേ ബോണസ് വിതരണം ചെയ്യാവൂ. അനുവദനീയമായ നിരക്കിൽ കൂടുതൽ ബോണസോ മറ്റ് പേര് പറഞ്ഞ് തുകയോ നൽകാൻ പാടില്ലെന്നും സർക്കുലറിലുണ്ട്.

Related posts

ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്തതിനുള്ള ഇന്‍സെന്റീവ് കുടിശ്ശിക തീര്‍ത്ത് സംഘങ്ങള്‍ നല്‍കാന്‍ നിര്‍ദ്ദേശം

Indian Cooperator

പത്ത് ജില്ലകളില്‍ സഹകരണ മേധാവികളെ മാറ്റി; 45 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം

Indian Cooperator

കേരളബാങ്കിന് പുതിയ ഭരണസമിതി; ഇടതുപക്ഷത്തിന് പൂര്‍ണവിജയം

Indian Cooperator
error: Content is protected !!