എന്‍.സി.ഡി.സി ഭേദഗതി ബില്ലിന് പിന്നില്‍ കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള ഗൂഢ ലക്ഷ്യമാണെന്ന് സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍ പേഴ്‌സണ്‍ കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍ പറഞ്ഞു. ഭരണഘടനയുടെ ഫെഡറല്‍ തത്വങ്ങള്‍ക്കെതിരായ ഈ ബില്ല് പിന്‍വലിക്കാന്‍ കേന്ദ്രം തയ്യാറാവണം. കേരളത്തിലടക്കം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് തിരക്കിട്ട് ബില്‍ പാസാക്കിയത്. ബില്ലുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായോ രാജ്യത്തെ എട്ടുലക്ഷം സഹകരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായോ കൂടിയാലോചന നടത്തിയിട്ടില്ല. സഹകരണ വിരുദ്ധ നീക്കം ഇതില്‍ നിന്നും വ്യക്തമാണ്.
സഹകരണസ്ഥാപനങ്ങളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള മേല്‍നോട്ട മാര്‍ഗനിര്‍ദേശ അധികാരങ്ങള്‍ ഇല്ലാതാക്കു ന്നതാണ് എന്‍സിഡിസി ഭേദഗതി ബില്‍. എന്‍സിഡിസി സാമ്പത്തിക സഹായം നല്‍കിയിരുന്നത് സംസ്ഥാന സര്‍ക്കാരുകള്‍ മുഖാന്തിരമോ സഹകരണ ബാങ്കുകള്‍ വഴിയോ ആയിരുന്നു. പുതിയ ഭേദഗതിയിലൂടെ സാമ്പത്തികസഹായം എന്‍സിഡിസിക്ക് നേരിട്ട് സഹകരണ സൊസൈറ്റികള്‍ക്കോ മൂന്നാം കക്ഷികള്‍ക്കോ നല്‍കാം. ഇത് അധികാര കേന്ദ്രീകരണത്തിനും സ്വജനപക്ഷപാതത്തിനും വഴി വെയ്ക്കും. മാത്രമല്ല സഹകരണം സംസ്ഥാന വിഷയം ആണെന്നിരിക്കെ ഫെഡറല്‍ തത്വങ്ങള്‍ പോലും ഹനിക്കുന്ന നടപടിയാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നതെന്ന് കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍ കുറ്റപ്പെടുത്തി.
സഹകരണ സ്ഥാപനങ്ങള്‍ ബലമായി പിടിച്ചെടുക്കുന്നതിനുള്ള അജണ്ട ബില്ലിന് പിന്നിലുണ്ട്. കേരളത്തിലെ സഹകരണ മേഖലയില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ മുതല്‍ കേരള ബാങ്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ വരെ സംസ്ഥാനത്തിന്റെ സഹകരണ നിയമത്തിന്റെയും ജനാധിപത്യ നിയന്ത്രണത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ ഘടനയെ മറികടന്ന് കേന്ദ്രതലത്തില്‍ നേരിട്ടുള്ള സാമ്പത്തിക ഇടപെടലുകള്‍ വര്‍ധിക്കുന്നത് സഹകരണ സ്ഥാപനങ്ങളുടെ സ്വയംഭരണത്തെ അട്ടിമറിക്കാന്‍ ഇടയാക്കമെന്നും അദ്ദേഹം വ്യക്തമാക്കി .
ധനസഹായം ലഭ്യമാക്കുന്നതിന്റെ പേരില്‍ സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ കേന്ദ്ര ഇടപെടലിന് വഴിയൊരുക്കുന്നത് അംഗീകരിക്കാനാകില്ല. എന്‍.സി.ഡി.സി ഭേദഗതി നിയമം റദ്ദാക്കി സംസ്ഥാനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്രം തയ്യാറാവണം. കേരളത്തിലെ സഹകരണ മേഖലയെ കേന്ദ്ര നിയന്ത്രണത്തിലേക്ക് കൊണ്ടുവരാനുള്ള ഏത് നീക്കത്തെയും ശക്തമായി നേരിടും. സഹകരണ പ്രസ്ഥാനത്തിന്റെ സ്വയംഭരണവും ജനാധിപത്യ സ്വഭാവവും സംരക്ഷിക്കാന്‍ കേരളത്തിലെ സഹകാരി സമൂഹം കക്ഷി രാഷ്ട്രീയത്തിനതീതമായി ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍ പറഞ്ഞു.
