Indian Cooperator

തമിഴ്‌നാട്ടില്‍ സംഘങ്ങളില്‍ നിന്നെടുത്ത എല്ലാ കാര്‍ഷികവായ്പകളും എഴുതിത്തള്ളണമെന്നു കര്‍ഷകര്‍

സഹകരണസംഘങ്ങളില്‍ നിന്നെടുത്ത എല്ലാ കാര്‍ഷികവായ്പകളും എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് കോയമ്പത്തൂരില്‍ കര്‍ഷകര്‍ ശനിയാഴ്ച പ്രതിഷേധസമരം നടത്തി. മുഖ്യമന്ത്രി ജോസഫ് വിജയ് കഴിഞ്ഞ ദിവസം സഹകരണബാങ്കുകളില്‍നിന്നുള്ള കാര്‍ഷികവായ്പമേല്‍ പ്രഖ്യാപിച്ച ഇളവ് പിന്‍വലിക്കണമെന്നു കര്‍ഷകര്‍ ആവശ്യപ്പെട്ടു. കച്ചി സര്‍വത്ര വിവസായികള്‍സംഘം എന്ന കര്‍ഷകസംഘടനയുടെ യൂത്ത് വിങ്ങായ യേര്‍മുനൈ ഇളൈഞ്ജര്‍ അണിയില്‍പ്പെട്ടവരാണു പ്രതിഷേധസമരം നടത്തിയത്.

സുലൂര്‍ എം.എല്‍.എ.യുടെ ഓഫീസിനു മുന്നില്‍ പ്രതിഷേധിക്കാനായിരുന്നു കര്‍ഷകരുടെ പരിപാടി. എന്നാല്‍, പോലീസ് അനുമതി നിഷേധിച്ചതോടെ പ്രതിഷേധസമരം സുലൂര്‍ ബസ്റ്റാന്റിലേക്കു മാറ്റി. പിന്നീട് എം.എല്‍.എ.യ്ക്ക് അവര്‍ തങ്ങളുടെ ആവശ്യങ്ങളുന്നയിച്ച് നിവേദനം കൊടുത്തു. കാലാവസ്ഥാവ്യതിയാനം, വിലക്കയറ്റം, ആവര്‍ത്തിച്ചുള്ള പ്രകൃതിക്ഷോഭങ്ങള്‍ എന്നിവ കാരണം കര്‍ഷകര്‍ കടുത്ത സാമ്പത്തികപ്രശ്‌നങ്ങളിലാണെന്നു യേര്‍മുനൈ ഇളൈഞ്ജര്‍ അണി സംസ്ഥാന വൈസ് പ്രസിഡന്റ് എം. സുരേഷ് പറഞ്ഞു. വിത്തിനും വളത്തിനും കീടനാശിനിയ്ക്കും കാര്‍ഷികോപകരണങ്ങള്‍ക്കും ചെലവ് വര്‍ധിക്കുന്നു. എന്നാല്‍, കര്‍ഷകനാവട്ടെ ഉത്പന്നങ്ങള്‍ക്കു മതിയായ വില കിട്ടുന്നുമില്ല – അദ്ദേഹം ചൂണ്ടിക്കാട്ടി.

കടുത്ത സമ്മര്‍ദത്തിലാണു കര്‍ഷകര്‍ സഹകരണസംഘങ്ങളില്‍നിന്നും സ്വകാര്യബാങ്കുകളില്‍നിന്നും മറ്റും വായ്പയെടുക്കുന്നത്. പലരും ജീവിക്കാന്‍ പാടുപെടുകയാണ്. ചെറുകിട, നാമമാത്ര കര്‍ഷകരുടെ വായ്പ പൂര്‍ണമായും വന്‍കിട കര്‍ഷകരുടെ വായ്പ അമ്പതു ശതമാനവും എഴുതിത്തള്ളുമെന്നു തിരഞ്ഞെടുപ്പുവേളയില്‍ ടി.വി.കെ. നേതാവ് ജോസഫ് വിജയ് വാഗ്ദാനം ചെയ്തതിനോട് പൊരുത്തപ്പെടുന്ന തീരുമാനമല്ല കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് – സുരേഷ് കുറ്റപ്പെടുത്തി. മുന്‍കാലങ്ങളില്‍ കാര്‍ഷികവായ്പ വന്‍തോതില്‍ എഴുതിത്തള്ളിയിരുന്നു. 2021 ല്‍ 12,000 കോടി രൂപയുടെയും ജയലളിതയുടെ കാലത്ത് 5,600 കോടി രൂപയുടെയും കരുണാനിധിയുടെ കാലത്ത് 6,000 കോടി രൂപയുടെയും കാര്‍ഷികവായ്പ എഴുതിത്തള്ളിയിരുന്ന സ്ഥാനത്ത് വിജയ് എഴുതിത്തള്ളിയത് വെറും 2,000 കോടി രൂപയുടെ വായ്പകളാണ് – അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ സഹകരണബാങ്കുകളില്‍നിന്നു 2025 മെയ് ഒന്നിനും 2026 ഫെബ്രുവരി 28 നുമിടയില്‍ വായ്പയെടുത്ത 14 ലക്ഷം കര്‍ഷകര്‍ക്ക് 2,044 കോടി രൂപയുടെ ഇളവനുവദിക്കുമെന്നാണു മുഖ്യമന്ത്രി ജോസഫ് വിജയ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. 50,000 രൂപവരെ വായ്പയെടുത്ത നാമമാത്രകര്‍ഷകര്‍ക്കു പൂര്‍ണമായും ഇളവനുവദിക്കാനായിരുന്നു തീരുമാനം. 50,000 രൂപവരെ വായ്പയെടുത്ത ചെറുകിടകര്‍ഷകര്‍ക്കു തുകയുടെ അമ്പതു ശതമാനവും 50,000 ത്തിനും 60,000 ത്തിനുമിടയ്ക്കു വായ്പയെടുത്തവര്‍ക്കു 40,000 രൂപയും 60,000 ത്തിനും 70,000 ത്തിനുമിടയ്ക്കു വായ്പയെടുത്തവര്‍ക്കു 30,000 രൂപയും 70,000 ത്തിനും 80,000 ത്തിനുമിടയ്ക്കു വായ്പയെടുത്തവര്‍ക്കു 20,000 രൂപയും ഒഴിവാക്കിക്കൊടുക്കും. എന്നാല്‍, 80,000 ത്തിനും ഒരു ലക്ഷത്തിനുമിടയ്ക്കു വായ്പയെടുത്ത നാമമാത്ര കര്‍ഷകര്‍ക്കു 10,000 രൂപയും ഒരു ലക്ഷം രൂപയില്‍ക്കൂടുതല്‍ വായ്പയെടുത്തവര്‍ക്കു 5,000 രൂപയും മാത്രമേ ഇളവായി അനുവദിക്കുകയുള്ളു. അടുത്ത വിളയ്ക്കുള്ള വിത്തു വിതയ്ക്കുന്നതിനുമുമ്പേ പുതിയ കാര്‍ഷികവായ്പയ്ക്കു കര്‍ഷകരെ അര്‍ഹരാക്കാനാണു നിലവിലുള്ള വായ്പകള്‍ എഴുതിത്തള്ളുന്നതെന്നു വിജയ്‌സര്‍ക്കാര്‍ അഭിപ്രായപ്പെട്ടിരുന്നു.

Related posts

നിക്ഷേപം തിരിച്ചു നൽകിയില്ല; 30 ദിവസത്തിനകം പലിശ സഹിതം നൽകണമെന്ന് ഓംബുഡ്സ്മാൻ്റെ ഉത്തരവ്

Indian Cooperator

പത്തു വര്‍ഷത്തെ കാലാവധിയും മൂന്നു വര്‍ഷത്തെ വിട്ടുനില്‍ക്കലും: സഹകരണരംഗത്ത് കണ്‍ഫ്യൂഷന്‍ തുടരുന്നു

Indian Cooperator

കര്‍ണാടകയില്‍ സംഘത്തില്‍നിന്നു 65 കോടി തട്ടി സ്വത്ത് വാങ്ങിക്കൂട്ടിയ പ്രസിഡന്റിനെയും ഭര്‍ത്താവിനെയും ഇ.ഡി. പൂട്ടി

Indian Cooperator
error: Content is protected !!