Indian Cooperator

ഒടുവില്‍ അമിത്ഷാ പറയുന്നു-‘മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളില്‍ക്രമക്കേടുകള്‍ ഇല്ലാതാക്കിഭരണം മെച്ചപ്പെടുത്തും’

രാജ്യത്തെ മള്‍ട്ടി സ്‌റ്റേറ്റ് സഹകരണസംഘങ്ങളില്‍ സുതാര്യതയും ഉത്തരവാദിത്തവും ഭരണനിര്‍വഹണവും ശക്തിപ്പെടുത്താന്‍ ഒട്ടേറെ പരിഷ്‌കരണനടപടികള്‍ കൈക്കൊണ്ടുവരികയാണെന്നു കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ രാജ്യസഭയെ അറിയിച്ചു. 2023 ആഗസ്റ്റില്‍ പുറത്തുവന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം ( ഭേദഗതി ) നിയമവും ചട്ടങ്ങളും ഉപയോഗിച്ചു സഹകരണബാങ്കുകളിലുള്‍പ്പെടെയുള്ള സഹകരണസ്ഥാപനങ്ങളില്‍ സാമ്പത്തികക്രമക്കേടുകള്‍ തടഞ്ഞ് അവയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഘടനാപരമായ നടപടികള്‍ എടുത്തിട്ടുണ്ടെന്നു ഒരു ചോദ്യത്തിന് എഴുതിക്കൊടുത്ത മറുപടിയില്‍ മന്ത്രി വ്യക്തമാക്കി.

സഹകരണ തിരഞ്ഞടുപ്പ്അതോറിറ്റിയെ നിയമിച്ചിട്ടുള്ളതിനാല്‍ മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളിലെ തിരഞ്ഞെടുപ്പ് സ്വതന്ത്രമായും സമയബന്ധിതമായും നടത്താനാവും. സഹകരണഓംബുഡ്‌സ്മാന്‍ സംഘാംഗങ്ങളുടെ പരാതികള്‍ക്കു പരിഹാരം കണ്ടെത്തും. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെ നിയമിച്ചതും അപക്‌സ് സംഘങ്ങളുടെ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്തുവെക്കാന്‍ നിര്‍ദേശിച്ചതും മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളുടെ സുതാര്യത വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നടപടികളാണ് മന്ത്രി വിശദീകരിച്ചു. ഭരണനിര്‍വഹണം മെച്ചപ്പെടുത്താനായി എടുത്തിട്ടുള്ള പരിഷ്‌കാരങ്ങളെയും അദ്ദേഹം പരാമര്‍ശിച്ചു. സംഘംഡയറക്ടര്‍മാരുടെ പ്രവര്‍ത്തനങ്ങളില്‍ കൊണ്ടുവന്നിട്ടുള്ള കര്‍ശനമായ മാനദണ്ഡങ്ങള്‍, ഓഡിറ്റ്എത്തിക്‌സ് കമ്മിറ്റികളുടെ നിയമനം, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍മാരുടെ ( സി.ഇ.ഒ ) യോഗ്യതാമാനദണ്ഡങ്ങള്‍ നിശ്ചയിക്കല്‍ തുടങ്ങിയ നടപടികളെ അദ്ദേഹം എടുത്തുപറഞ്ഞു. സംഘങ്ങളുടെ പ്രവര്‍ത്തനത്തില്‍ ഏകീകൃതസ്വഭാവവും സാമ്പത്തിക അച്ചടക്കവും നിലനിര്‍ത്തുന്നതിന് അക്കൗണ്ടിങ്‌നിലവാരം, പ്രൂഡന്‍ഷ്യല്‍ മാനദണ്ഡങ്ങള്‍ എന്നിവ നിര്‍ണയിക്കുന്നതിനു കേന്ദ്രസര്‍ക്കാറിനെ അധികാരപ്പെടുത്തിയിട്ടുണ്ട് മന്ത്രി വ്യക്തമാക്കി.

മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളിലെ സാമ്പത്തികക്രമക്കേടുകള്‍ നേരത്തേ കണ്ടുപിടിച്ചു പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനു 500 കോടി രൂപയിലധികം നിക്ഷേപമോ വിറ്റുവരവോ ഉള്ള സംഘങ്ങളില്‍ കണ്‍കറന്റ് ഓഡിറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കര്‍ക്കശമായ ഓഡിറ്റിങ് നിര്‍വഹിക്കുന്നതിനു ഓഡിറ്റര്‍മാരുടെ പ്രത്യേകം പാനലുകളെത്തന്നെ നിയോഗിക്കുന്നുണ്ട്. 2002 ലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘംനിയമത്തിലെ സെക്ഷന്‍ 70 അനുസരിച്ച് ഓരോ സംഘവും ഓരോ വാര്‍ഷിക ജനറല്‍ബോഡി യോഗത്തിലും ഒരു ഓഡിറ്ററെ നിയമിക്കേണ്ടതുണ്ട്. കേന്ദ്ര സഹകരണരജിസ്ട്രാര്‍ അംഗീകരിച്ചിട്ടുള്ള പാനലില്‍നിന്നുള്ള ഓഡിറ്റര്‍മാരെമാത്രമേ ഇങ്ങനെ നിയമിക്കാന്‍ പാടുള്ളൂ. ഇവര്‍ നിയമത്തിലെ സെക്ഷന്‍ 72 അനുസരിച്ചു സാമ്പത്തികവര്‍ഷം അവസാനിച്ച് ആറു മാസത്തിനകം ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘത്തില്‍ ക്വാളിഫൈഡ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ മാത്രമേ ഓഡിറ്ററായി നിയമിക്കാന്‍ പാടുള്ളൂ മന്ത്രി പറഞ്ഞു.

ഒരു മള്‍ട്ടി സ്റ്റേറ്റ്‌സംഘത്തില്‍ വല്ല തട്ടിപ്പോ നിയമവിരുദ്ധപ്രവര്‍ത്തനമോ ഉണ്ടായാല്‍ പ്രാരംഭാന്വേഷണം നടത്താനും സംഘത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതടക്കം ആവശ്യമായ നടപടികളെടുക്കാനും കേന്ദ്ര സഹകരണസംഘം രജിസ്ട്രാര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. അംഗങ്ങളുടെ താത്പര്യസംരക്ഷണം ലക്ഷ്യമിട്ട്, 97 ാം ഭരണഘടനാഭേദഗതിയുടെ അന്തസ്സത്ത ഉള്‍ക്കൊണ്ട്, മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യവും ഉത്തരവാദിത്തപൂര്‍ണവും ജനാധിപത്യപരവുമാക്കാനാണ് ഈ പരിഷ്‌കാരങ്ങളിലൂടെ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത് മന്ത്രി വ്യക്തമാക്കി.

Related posts

മള്‍ട്ടി സ്റ്റേറ്റ് സംഘത്തിന്റെമോഹം പൊലിയുന്നുവിപുലീകരണത്തിനുഗോവസര്‍ക്കാരിന്റെ വിലക്ക്

Indian Cooperator

സാമ്പത്തികരംഗത്തുസഹകരണമേഖലയുടെപങ്ക് കണക്കാക്കാന്‍ദ്രുത സര്‍വേ വരുന്നു

Indian Cooperator

കേരളത്തിലെ 53 സംഘങ്ങളടക്കം1,059 മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ക്ക് നോട്ടീസ്

Indian Cooperator