Indian Cooperator

പുണെയിലെ വായ്പാസംഘത്തില്‍നിന്നു 6.5 കോടി രൂപ കവര്‍ന്ന 25 ഡയറക്ടര്‍മാരടക്കം 36 പേര്‍ക്കെതിരെ കേസ്

വഞ്ചിച്ചും വ്യാജരേഖകള്‍ ചമച്ചും ഒരു വായ്പാ സഹകരണസംഘത്തില്‍നിന്നു ആറരക്കോടിയിലേറൈ രൂപ തട്ടിയെടുത്തതിന് 36 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഈ 36 പേരില്‍ 25 പേര്‍ സംഘത്തിലെ ഡയറക്ടര്‍മാരാണ്. മഹാരാഷ്ട്ര പുണെയിലെ ഖേദ് താലൂക്കിലെ പിംപ്രി ചിഞ്ച്വാഡിലെ വായ്പാ സഹകരണസംഘത്തില്‍നിന്നും അക്കൗണ്ടുടമകളില്‍നിന്നുമാണു നാലു കൊല്ലംകൊണ്ട് 6.53 കോടി രൂപ ഇവര്‍ കവര്‍ന്നെടുത്തത്. 2014 നും 18 നുമിടയിലായിരുന്നു ഈ കവര്‍ച്ച.

2018 ല്‍ നടന്ന സര്‍ക്കാര്‍ഓഡിറ്റിലാണു തട്ടിപ്പ് പുറത്തുവന്നത്. അതോടെ, സംഭവത്തിലുള്‍പ്പെട്ടവര്‍ അറസ്റ്റ് ഒഴിവാക്കാനായി വിവിധ കോടതികളെ സമീപിച്ചു. ഒടുവില്‍, ബോംബെ ഹൈക്കോടതിയാണു സംഘത്തിന്റെ പണം ദുരുപയോഗം ചെയ്തതിനു 36 പേര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസിനു നിര്‍ദേശം നല്‍കിയത്. നിത്യപ്പിരിവുകാരായ പിഗ്മി ഏജന്റുമാരും സംഘം ഡയറക്ടര്‍മാര്‍ക്കുമെതിരെയാണു കേസുകളെടുത്തത്. വിശ്വാസലംഘനം, വഞ്ചന, വ്യാജരേഖയുണ്ടാക്കല്‍ എന്നിവയ്ക്കെതിരായ നിയമങ്ങള്‍പ്രകാരവും നിക്ഷേപകരുടെ താത്പര്യസംരക്ഷണത്തിനായി മഹാരാഷ്ട്രയില്‍ നിലവിലുള്ള നിയമത്തിലെ വ്യവസ്ഥകളനുസരിച്ചുമാണു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സ്വര്‍ണം, വാഹനം എന്നിവ വാങ്ങാനും വ്യക്തിഗതവായ്പകള്‍ക്കുമായി പ്രതികള്‍ വ്യാജരേഖകളുണ്ടാക്കിയാണു വായ്പാ സഹകരണസംഘത്തില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നത്. സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി എന്ന പേരില്‍ ഇവര്‍ ബാങ്കുകളില്‍നിന്നു പണം പിന്‍വലിച്ചിരുന്നുവെങ്കിലും അതൊന്നും സംഘത്തിന്റെ രജിസ്റ്ററുകളില്‍ ചേര്‍ക്കാതെ സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണുണ്ടായതെന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്ത നോര്‍ത്ത് ചകന്‍ പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഇതുകൂടാതെ, സംഘത്തിലെ അക്കൗണ്ടുടമകളുടെ കള്ളയൊപ്പുകളുണ്ടാക്കി അവരുടെ അക്കൗണ്ടുകളില്‍നിന്നും പണം അടിച്ചുമാറ്റി. സഹകരണസംഘത്തിലെ ഫണ്ട് തങ്ങള്‍ പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ യോജനയില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന പ്രതികളുടെ വാദവും പരിശോധനയില്‍ കള്ളമാണെന്നു തെളിഞ്ഞു.

Related posts

ക്രമക്കേട് കണ്ടെത്തി; മഹാരാഷ്ട്രയിലെ മള്‍ട്ടിസ്റ്റേറ്റ് സംഘത്തിനു നോട്ടീസ്

Indian Cooperator

മൂന്നു അര്‍ബന്‍ബാങ്കുകള്‍ക്ക്11.10 ലക്ഷം രൂപറിസര്‍വ് ബാങ്ക് പിഴയിട്ടു

Indian Cooperator

ആദര്‍ശ് മള്‍ട്ടി സ്‌റ്റേറ്റ് സംഘത്തിലെ നിക്ഷേപകര്‍ക്കാശ്വാസം; പണം തിരിച്ചുകൊടുക്കാന്‍ നടപടി തുടങ്ങുന്നു

Indian Cooperator
error: Content is protected !!