മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ ( MSCS ) തങ്ങളുടെ സബ്‌സിഡറി സ്ഥാപനങ്ങളിലോ സംഘത്തെപ്പോലെ സമാനരീതിയില്‍ ബിസിനസ് നടത്തുന്ന സ്ഥാപനങ്ങളിലോ മാത്രമേ നിക്ഷേപം നടത്താന്‍ പാടുള്ളൂ എന്നും നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കണമെന്നും സുപ്രീംകോടതി വിധിച്ചു. സമാനരീതിയിലെ ബിസിനസ് എന്നതു നിയമത്തില്‍ നിര്‍വചിച്ചിട്ടില്ലെന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അതേസമയം, നിയമനിര്‍മാണത്തിന്റെ പശ്ചാത്തലവും സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ പരാമര്‍ശങ്ങളും പരിഗണിക്കുമ്പോള്‍ ഏതെങ്കിലും സ്ഥാപനത്തില്‍ നിക്ഷേപിക്കാം എന്ന നേരത്തേയുള്ള വ്യവസ്ഥ അനുവദിച്ചുകൊണ്ടുള്ള സാഹചര്യം ദുരുപയോഗം ചെയ്തതിലുള്ള ആശങ്കയാണു തങ്ങള്‍ പരിഗണിക്കുന്നതെന്നു കോടതി പറഞ്ഞു.
നിര്‍മല്‍ ഉജ്വല്‍ വായ്പാ സഹകരണസംഘവും രവി സേത്തിയയും മറ്റുള്ളവരും ഉള്‍പ്പെട്ട കേസില്‍ അപ്പീല്‍ പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിച്ചുകൊണ്ടാണു സുപ്രീംകോടതി മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളുടെ നിക്ഷേപത്തെക്കുറിച്ച് ഈ വ്യക്തത വരുത്തിയത്. അപ്പീല്‍ പിന്‍വലിക്കാനുള്ള ഹര്‍ജിക്കാരന്റെ അഭ്യര്‍ഥന കോടതി രേഖപ്പെടുത്തുകയും കേസ് വിധി പറയാനായി മാറ്റിവെക്കുകയും ചെയ്തു. കേസില്‍ ചില സംഭവവികാസങ്ങളുണ്ടായതിനാലാണ് അപ്പീല്‍ പിന്‍വലിക്കാന്‍ തങ്ങള്‍ അഭ്യര്‍ഥിക്കുന്നതെന്നു ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ബോധിപ്പിച്ചു. കേസിന്റെ മെറിറ്റിനെക്കുറിച്ച് ഒന്നും പറയാതെ കേസില്‍ നിയമം എവിടെ നില്‍ക്കുന്നു എന്നു വിശദീകരിക്കാനാണു ശ്രമിക്കുന്നതെന്നു കോടതി വ്യക്തമാക്കി. 2002 ലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘംനിയമത്തിലെ സെക്ഷന്‍ 64 ( ഡി ) ന്റെ വ്യാഖ്യാനത്തെക്കുറിച്ചാണു തര്‍ക്കമുയര്‍ന്നത്. ഈ സെക്ഷന്‍ അനുസരിച്ച് ഒരു മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘത്തിനു അതിന്റെ ഫണ്ട് ഒാഹരികളിലോ സെക്യൂരിറ്റികളിലോ സബ്‌സിഡറിസ്ഥാപനത്തിലോ അല്ലെങ്കില്‍ സമാനരീതിയില്‍ ബിസിനസ് നടത്തുന്ന മറ്റേതെങ്കിലും സ്ഥാപനത്തിലോ നിക്ഷേപിക്കാന്‍ അനുമതി നല്‍കുന്നുണ്ട്.
സംഘത്തിന്റെ ബിസിനസ്പരിധിക്കുള്ളില്‍ വരുന്ന സ്ഥാപനങ്ങളില്‍മാത്രമായി നിക്ഷേപം പരിമിതപ്പെടുത്തുന്നത് ഒരു ബന്ധവുമില്ലാത്തതോ അപകടസാധ്യതയുള്ളതോ ആയ സ്ഥാപനങ്ങളിലേക്കു ഫണ്ടുകള്‍ പോകുന്നതു തടയുക എന്ന ഉദ്ദേശ്യത്തിലാണ്. അതുവഴി മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘത്തിന്റെ സാമ്പത്തികഅച്ചടക്കം ഉറപ്പാക്കുകയും സംഘാംഗങ്ങളുടെ നിക്ഷേപം സംരക്ഷിക്കുകയും ചെയ്യുക എന്നതാണു ലക്ഷ്യമിടുന്നത്. ഒരു മള്‍ട്ടി സ്റ്റേറ്റ് സംഘത്തിന്റെ രീതിയിലുള്ള ബിസിനസ് എന്നതു പ്രാഥമികമായി നിര്‍ണയിക്കപ്പെടുന്നത് അതിന്റെ നിയമാവലിവഴിയാണ്. അതുകൊണ്ട് സംഘം നടത്തുന്ന ഏതു നിക്ഷേപവും സംഘത്തിന്റെ നിയമാവലിക്കു കീഴിലുള്ള ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും അനുവദിക്കുന്നതരത്തിലുള്ളതാവണം- കോടതി ചൂണ്ടിക്കാട്ടി.
2016 ലെ ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്‌റപ്റ്റ്‌സി കോഡിന്റെ ( കടം തിരിച്ചടയ്ക്കാന്‍ മതിയായ പണമില്ലാത്ത പാപ്പരത്ത അവസ്ഥയോ പാപ്പരത്തം സ്ഥിരീകരിക്കുന്ന കോടതിയുടെയോ നിയമപരമായോ ഉള്ള അവസ്ഥയോ ) സെക്ഷന്‍ 30 ( 2 ) ( ഇ ) ല്‍ നിലവിലുള്ള നിയമത്തിനു വിരുദ്ധമായുള്ള ഒരു റെസലൂഷന്‍ പ്ലാനും പാടില്ല എന്നു പറയുന്നുണ്ടെന്നു കോടതി വ്യക്തമാക്കി. അതുപോലെ, മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം ഏതെങ്കിലും സ്ഥാപനത്തില്‍ നിക്ഷേപിക്കാന്‍ അനുമതി തേടുമ്പോഴോ ഘടനാപരമായ പദ്ധതിയായ റെസല്യൂഷന്‍ പ്ലാന്‍ സമര്‍പ്പിക്കാനുദ്ദേശിക്കുമ്പോഴോ മള്‍ട്ടി സ്റ്റേറ്റ് സംഘംനിയമത്തിലെ സെക്ഷന്‍ 64 പാലിക്കണം. ഏതെങ്കിലും തരത്തിലുള്ള നിക്ഷേപം നടത്തുംമുമ്പു ആ സ്ഥാപനം ഒന്നുകില്‍ തങ്ങളുടെ സബ്‌സിഡറിസ്ഥാപനമോ അല്ലെങ്കില്‍ തങ്ങളെപ്പോലെ സമാനരീതിയില്‍ ബിസിനസ് നടത്തുന്ന സ്ഥാപനമോ ആണെന്നു തെളിയിക്കപ്പെടണം.
സംഘങ്ങളുടെ നിയമാവലിക്കു രൂപം നല്‍കാനോ നിയമാവലി ഭേദഗതി ചെയ്യാനോ സംഘങ്ങള്‍ക്കു സ്വയംഭരണാവകാശമുണ്ട്. എന്നാല്‍, ഈ സ്വയംഭരണാവകാശം പ്രവര്‍ത്തിക്കുന്നതു മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളുടെ സെക്ഷന്‍ 64 നു കീഴില്‍ വരുന്ന നിയന്ത്രണങ്ങളുള്‍പ്പെടെയുള്ള നിയമപരമായ ചട്ടക്കൂടിനുള്ളിലാണ്- സുപ്രീം കോടതി ഓര്‍മിപ്പിച്ചു.
