Indian Cooperator

സഹകരണബാങ്ക് ഡയറക്ടര്‍മാരുടെ അയോഗ്യതാകാലത്തിനെതിരെ ബോംബൈ ഹൈക്കോടതിയില്‍ ഹര്‍ജി

ഹകരണബാങ്ക് ഡയറക്ടര്‍മാര്‍ തുടര്‍ച്ചയായി പത്തു വര്‍ഷത്തിലധികം കാലം തുടരരുതെന്ന ബാങ്കിങ് നിയന്ത്രണനിയമത്തിലെ വ്യവസ്ഥയുടെ ഭരണഘടനാസാധുതയെ ചോദ്യം ചെയ്തുകൊണ്ട് മഹാരാഷ്ട്ര അര്‍ബന്‍ സഹകരണബാങ്ക് ഫെഡറേഷനും ഏതാനും ഡയറക്ടര്‍മാരും ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ബാങ്കിങ് നിയന്ത്രണനിയമത്തില്‍ ഭേദഗതി വരുത്തി ഈയിടെയാണു സഹകരണബാങ്ക് ഡയറക്ടര്‍മാര്‍ക്കു മൂന്നു വര്‍ഷത്തെ വിട്ടുനില്‍ക്കല്‍ കാലാവധി ( കൂളിങ് ഓഫ് പിരീഡ് ) ഏര്‍പ്പെടുത്തിയത്. ഭരണഘടനയുടെ 226 -ാം അനുച്ഛേദമനുസരിച്ചു സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ 2020 ലെ ബാങ്കിങ് നിയന്ത്രണ ( ഭേദഗതി ) നിയമത്തിലും 2025 ലെ ബാങ്കിങ്നിയമ ( ഭേദഗതി ) ത്തിലും കൊണ്ടുവന്ന വ്യവസ്ഥകളെയാണു ചോദ്യം ചെയ്യുന്നത്.

പുതുതായി കൊണ്ടുവന്ന ഭേദഗതികള്‍പ്രകാരം ചെയര്‍പേഴ്സന്‍മാരും ആജീവനാന്ത ഡയറക്ടര്‍മാരും ഒഴികെയുള്ള എല്ലാ സഹകരണബാങ്ക് ഡയറക്ടര്‍മാരും തുടര്‍ച്ചയായി പത്തു വര്‍ഷം പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ മൂന്നു വര്‍ഷം മാറിനില്‍ക്കണം. അതായത്, വീണ്ടും അതേബാങ്കില്‍ ഡയറക്ടറാവണമെങ്കില്‍ മൂന്നു വര്‍ഷം കാത്തിരിക്കണമെന്നര്‍ഥം. സഹകരണസംഘങ്ങളുടെ ഘടനയും ഡയറക്ടര്‍മാരുടെ യോഗ്യതകളും ഭരണനിര്‍വഹണവുമെല്ലാം സംസ്ഥാനലിസ്റ്റിലെ എന്‍ട്രി 32 നു കീഴില്‍ വരുന്നതിനാല്‍ ഈയിടെ കൊണ്ടുവന്ന ഭേദഗതികളെല്ലാം ഭരണഘടനാവിരുദ്ധമാണെന്നു ഹര്‍ജിക്കാര്‍ വാദിക്കുന്നു. ഇത്തരം വ്യവസ്ഥകള്‍ യൂണിയന്‍ലിസ്റ്റിലെ 43-44 എന്‍ട്രികള്‍ക്കു കീഴില്‍ വരുന്ന ബാങ്കിങ്ങിന്റെ യഥാര്‍ഥസത്തയിലോ അടിസ്ഥാനപരമായ ഉള്ളടക്കത്തിലോ ( പിത്ത് ആന്റ് സബ്സ്റ്റന്‍സ് ) വരുന്നതല്ലെന്നും അതിനാല്‍ത്തന്നെ പാര്‍ലമെന്റിന്റെ നിയമനിര്‍മാണാധികാരത്തെ അതിലംഘിക്കുന്നതാണെന്നും ഹര്‍ജിക്കാര്‍ പറയുന്നു.

1964 മുതല്‍ ബാങ്കിങ്നിയന്ത്രണ നിയമത്തില്‍ കൊണ്ടുവന്നിട്ടുള്ള ഭേദഗതികളില്‍ ഡയറക്ടര്‍മാരുടെ യോഗ്യതകള്‍ സംബന്ധിച്ച വ്യവസ്ഥകള്‍ ഭരണഘടനാപരിമിതികള്‍കാരണം സഹകരണസംഘങ്ങള്‍ക്കു ബാധകമാക്കിയിട്ടില്ല. ഈ നിലതന്നെയാണു 1968 ലും 1984 ലും ബാങ്കിങ്നിയന്ത്രണനിയമ ഭേദഗതികള്‍ കൊണ്ടുവന്നപ്പോഴും പാലിച്ചത്. 2020 ലെ ഭേദഗതിയില്‍ ഈ ആനുകൂല്യം എടുത്തുകളഞ്ഞപ്പോഴും 2025 ലെ ഭേദഗതിയില്‍ വിട്ടുനില്‍ക്കല്‍ കാലാവധി ( കൂളിങ് ഓഫ് പിരീഡ് ) പുതുതായി കൊണ്ടുവന്നപ്പോഴും സ്ഥിരമായ ചട്ടക്കൂടില്‍ / രൂപഘടനയില്‍നിന്നുള്ള നിര്‍ണായകമായ തിരിച്ചുപോക്കായിരുന്നു ഇത് – ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. പാണ്ഡുരംഗ് ഗണപതി ചൗഗുളെയും വിശ്വാസ്റാവു പാട്ടീല്‍ മുര്‍ഗുഡ് സഹകാരി ബാങ്കും തമ്മിലും യൂണിയന്‍ ഓഫ് ഇന്ത്യയും രാജേന്ദ്ര എന്‍ ഷായും തമ്മിലുമുണ്ടായ കേസുകളിലെ സുപ്രീംകോടതിവിധികളില്‍ ഊന്നിക്കൊണ്ട് ഒരൊറ്റ സംസ്ഥാനത്തു മാത്രം പ്രവര്‍ത്തിക്കുന്ന സഹകരണസംഘങ്ങള്‍ സംസ്ഥാനത്തിന്റെ നിയമപരിധിയിലും മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ പാര്‍ലമെന്റിന്റെ പരിധിയിലും പെടുമെന്നു ഹര്‍ജിക്കാര്‍ വാദിക്കുന്നു.

പുതിയ നിയന്ത്രണനിയമങ്ങളനുസരിച്ച് മഹാരാഷ്ട്രയിലെ ഏതാണ്ട് 80-85 ശതമാനം സഹകരണബാങ്ക് ഡയറക്ടര്‍മാരും സ്ഥാനമൊഴിയേണ്ടിവരുമെന്നു ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഇതു സഹകരണമേഖലയെ അസ്ഥിരപ്പെടുത്തും. ചെയര്‍പേഴ്സന്‍മാരെയും ആജീവനാന്ത ഡയറക്ടര്‍മാരെയും വിട്ടുനില്‍ക്കല്‍ പരിധിയില്‍നിന്നൊഴിവാക്കിയ നടപടി ഏകപക്ഷീയവും അനുച്ഛേദം 14 ന്റെ ലംഘനവുമാണ്. ഈ ഭേദഗതികള്‍ സഹകരണസ്ഥാപനങ്ങളുടെ ജനാധിപത്യഘടനയില്‍ ഇടപെടുന്നവിധത്തിലുള്ളതാണ്. അനുച്ഛേദം 19 ( 1 ) ( സി ) അനുസരിച്ച് അസോസിയേഷനുകള്‍ ഉണ്ടാക്കുന്നതിനുള്ള ഭരണഘടനാപരമായ അവകാശത്തിന്റെ ലംഘനമാണ്. വ്യവസ്ഥകള്‍ ഭാവിയിലേക്കു ബാധകമായിട്ടുള്ളവയാകണം, അല്ലാതെ കഴിഞ്ഞ കാലത്തെ ലക്ഷ്യമാക്കിയുള്ളതാവരുത്. നിര്‍ദിഷ്ട ഭേദഗതിവ്യവസ്ഥകള്‍ റദ്ദാക്കുകയോ അല്ലെങ്കില്‍ അവ മള്‍ട്ടി സ്റ്റേറ്റ് സഹകരണബാങ്കുകള്‍ക്കു മാത്രമായി പരിമിതപ്പെടുത്തുകയോ ചെയ്യണം – ഹര്‍ജിക്കാര്‍ വാദിക്കുന്നു.

Related posts

കേന്ദ്രനിയമത്തിലെ വ്യവസ്ഥ അംഗീകരിച്ചുള്ള ആദ്യ കോടതിവിധി; കേരളത്തിന്റെ ഹരജിയെ പോലും ബാധിച്ചേക്കും

Indian Cooperator

വിദേശപൗരനും സഹകരണ സംഘങ്ങളില്‍ അംഗമാകാമെന്ന് ഗുജറാത്ത് സര്‍ക്കാര്‍; രാജ്യമാകെ ഉറ്റുനോക്കുന്ന തര്‍ക്കം കോടതിയില്‍

Indian Cooperator

ആന്ധ്രയില്‍ പ്രാഥമിക വായ്പാസംഘങ്ങളിലെജീവനക്കാര്‍ക്ക് 20 ശതമാനം ശമ്പളവര്‍ധന

Indian Cooperator