- കേന്ദ്രവ്യവസ്ഥ സഹകരണത്തിലെ സംസ്ഥാന അധികാരം മറികടക്കുന്നതെന്ന വാദം തള്ളി
- ഫെഡറല്‍ സംവിധാനം മറികടന്ന് കേന്ദ്രം സഹകരണ മേഖലയില്‍ നിയമനിര്‍മ്മാണമടക്കം നടത്തുന്നുവെന്നത് കേരളത്തിന്റെയും വാദം
- കേരളത്തിന്റെ ഹരജി സുപ്രീംകോടതിയുടെ പരിഗണനയില്‍
- ബി.ആര്. ആക്ടിലെ വ്യവസ്ഥകള്‍ക്കെതിരെ ഭൂരിഭാഗം കേസുകളും പരിഗണിക്കുന്നത് മദ്രാസ് ഹൈക്കോടതി
കേരളം അടക്കം ശക്തമായ എതിര്‍പ്പുയര്‍ത്തുന്ന കേന്ദ്ര വ്യവസ്ഥകള്‍ക്ക് ആദ്യം അംഗീകാരം ലഭിക്കുന്ന ഹൈക്കോടതി വിധി വന്നു. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളുടെ ഭരണസമിതി അംഗങ്ങളുടെ കാലാവധി പത്തുവര്‍ഷമാക്കിയ വ്യവസ്ഥയ്ക്കാണ് കല്‍ക്കത്ത ഹൈക്കോടതി അംഗീകാരം നല്‍കിയത്. സഹകരണ ബാങ്കുകളുടെ ബാങ്കിങ് പ്രവര്‍ത്തനം മാത്രമാണ് റിസര്‍വ് ബാങ്കിന്റെയും കേന്ദ്രനിയമത്തിന്റെയും വ്യവസ്ഥകള്‍ക്ക് ബാധകമാകുക എന്നവാദമാണ് കോടതി തള്ളിയത്. ഭരണപരമായ കാര്യങ്ങള്‍ സംസ്ഥാനത്തിന്റെ പരിധിയിലുള്‍പ്പെട്ടതാണെന്ന് കോടതി അംഗീകരിച്ചില്ല. കേരളം അടക്കം ഉന്നയിക്കുന്ന മാറ്റ് വാദങ്ങള്‍ക്ക് ഈ വിധി തിരിച്ചടിയാകുമോയെന്ന ആശങ്കയുണ്ട്.
ബംഗാളിലെ ഹൗറയിലുള്ള സാന്ദ്രഗച്ചി സഹകരണബാങ്കിന്റെ ഡയറക്ടര്‍ബോര്‍ഡ് തിരഞ്ഞെടുപ്പിലേക്കുള്ള നോമിനേഷന്‍ പത്രികയില്‍ ഡയറക്ടര്‍മാര്‍ക്കു സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയാണ് കല്‍ക്കത്ത ഹൈക്കോടതിയിലെത്തിയത്. തുടര്‍ച്ചയായി രണ്ടു തവണയോ തുടര്‍ച്ചയായി പത്തു വര്‍ഷമോ ഡയറക്ടര്‍മാരായിട്ടുള്ളവരെ മത്സരിക്കുന്നതില്‍നിന്നു അയോഗ്യരാക്കുന്ന വ്യവസ്ഥയെയാണു ഹര്‍ജിയില്‍ ചോദ്യം ചെയ്തിരുന്നത്.
1949 ലെ ബാങ്കിങ്നിയന്ത്രണനിയമത്തിലെ സെക്ഷന്‍ 10 എ ( 2 എ ) ( ഐ ) പ്രകാരം ഉള്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു സഹകരണസംഘത്തിനു ബാധകമല്ലെന്നും ആയതിനാല്‍ ഈ നടപടി ഏകപക്ഷീയമാണെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍, കോടതി ഈ വാദം അംഗീകരിച്ചില്ല. ബാങ്കിങ് നിയന്ത്രണനിയമത്തില്‍ 2020 ലും 2025 ലും കൊണ്ടുവന്നിട്ടുള്ള ഭേദഗതികള്‍പ്രകാരം സെക്ഷന്‍ 10 എ സഹകരണബാങ്കുകള്‍ക്കു ബാധകമാക്കിയിട്ടുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. ഈ വ്യവസ്ഥയനുസരിച്ച് ഒരാള്‍ക്കും തുടര്‍ച്ചയായി പത്തു വര്‍ഷത്തിലധികം കാലം ഡയറക്ടറാവാന്‍ കഴിയില്ല. തുടര്‍ച്ചയായി രണ്ടു തവണ അഞ്ചു വര്‍ഷത്തെ കാലാവധിയില്‍ സ്ഥാനത്തിരിക്കുകയെന്നാല്‍ തുടര്‍ച്ചയായി പത്തു വര്‍ഷം സ്ഥാനത്തിരിക്കുന്നു എന്നാണു നിയമപ്രകാരം അര്‍ഥം – കോടതി വ്യക്തമാക്കി.
സഹകരണസംഘങ്ങള്‍ സംസ്ഥാനലിസ്റ്റില്‍ വരുന്നതാണെങ്കിലും സംഘങ്ങള്‍ നടത്തുന്ന ബാങ്കിങ്പ്രവര്‍ത്തനങ്ങള്‍ കേന്ദ്രലിസ്റ്റില്‍പ്പെടുമെന്നും അതിനാല്‍ത്തന്നെ കേന്ദ്രഭേദഗതികള്‍ സാധുവും നടപ്പാക്കേണ്ടതുമാണെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. നേരത്തേ നിശ്ചയിച്ചപ്രകാരം സംഘത്തിലേക്കുള്ള തിരഞ്ഞെടുപ്പു നടത്തണമെന്നു കോടതി നിര്‍ദേശിച്ചു. സഹകരണബാങ്ക് ഡയറക്ടര്‍മാരുടെ കാലാവധിസംബന്ധിച്ച് സമാനരീതിയിലുള്ള ഒരു ഹര്‍ജി ബോംബെ ഹൈക്കോടതിയുടെ കൊല്‍ഹാപ്പൂര്‍ സര്‍ക്യൂട്ട് ബെഞ്ചിലും ഈ മാസം വന്നിട്ടുണ്ട്. 2025 ലെ ബാങ്കിങ് നിയന്ത്രണനിയമഭേദഗതിയനുസരിച്ച് ചെയര്‍മാന്മാര്‍ക്കും ആജീവനാന്ത ഡയറക്ടര്‍മാര്‍ക്കുമല്ലാതെ തുടര്‍ച്ചയായി പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ മറ്റാര്‍ക്കും തത്സ്ഥാനത്തു തുടരാനര്‍ഹതയില്ലെന്നു റിസര്‍വ് ബാങ്കിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. ഇടക്കാലഉത്തരവിനായി കോടതി ഹര്‍ജി ഡിസംബര്‍ ഒമ്പതിലേക്കു മാറ്റിയിരിക്കുകയാണ്.
ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതിയിലാണ് പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ ‘ബാങ്ക്’ എന്ന പേര് ഉപയോഗിക്കരുതെന്ന വ്യവസ്ഥ വന്നത്. ഭരണസമിതി പിരിച്ചുവിടുന്നതിനുള്ള കേന്ദ്രവ്യവസ്ഥകള്‍, സഹകരണ ബാങ്കുകളിലെ മാനേജിങ് ഡയറക്ടറുടെ നിയമനം, ചെയര്‍മാന് യോഗ്യത നിശ്ചയിച്ച വ്യവസ്ഥ അങ്ങനെ ഒട്ടേറെ വ്യവസ്ഥകള്‍ സംബന്ധിച്ച് നിലവില്‍ കേസുണ്ട്. ഇത് സംബന്ധിച്ചുള്ള എല്ലാ കേസുകളും മദ്രാസ് ഹൈക്കോടതിയാണ് പരിഗണിക്കുന്നത്. സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. ഇതിന് പുറമെ വന്ന കേസിലാണ് ഇപ്പോള്‍ കല്‍ക്കത്ത ഹൈക്കോടതിയുടെ വിധി. കേരളം നല്‍കിയ ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഭരണഘടനാവ്യവസ്ഥകള്‍ക്ക് വിരുദ്ധമായി സഹകരണ മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണം കൊണ്ടുവരുന്നുവെന്നതാണ് കേരളത്തിന്റെ സ്യൂട്ട് ഹരജിയില്‍ പറഞ്ഞിട്ടുള്ളത്. മദ്രാസ് ഹൈക്കോടതിയുടെ വിധിക്ക് ശേഷമാകും ഇത് സുപ്രീംകോടതി പരിഗണിക്കുക. ഈ കേസുകളെയെല്ലാം സ്വാധീനിക്കുന്ന വിധിയാണ് ഇപ്പോള്‍ കല്‍ക്കത്ത ഹൈക്കോടതിയില്‍നിന്ന് ഉണ്ടായിട്ടുള്ളത്.

