Indian Cooperator

ഒരു ലിറ്റര്‍ പാലിന് ഒരു രൂപഓഫറുമായി ഇ-കൊമേഴ്‌സ് ഭീമന്‍;കര്‍ണാടകയില്‍ വന്‍പ്രതിഷേധം

വെറും ഒരു രൂപയ്ക്കു ഒരു ലിറ്റര്‍ പാല്‍ വില്‍ക്കാനുള്ള ഇ-കൊമേഴ്‌സ് ഭീമന്‍ ഫ്‌ളിപ്കാര്‍ട്ടിന്റെ ഫ്‌ളാഷ് സെയിലിനെതിരെ കര്‍ണാടകയില്‍ വന്‍പ്രതിഷേധം. സംസ്ഥാനത്തെ ക്ഷീരകര്‍ഷകരെ കുത്തുപാളയെടുപ്പിക്കുന്ന ഈ നീക്കത്തിനെതിരെ പ്രധാനമന്ത്രി ഇടപെടണമെന്നു ബംഗളൂരു സഹകരണ പാലുത്പാദകസംഘം ലിമിറ്റഡ് ( BAMUL ) പ്രസിഡന്റ് ഡി.കെ. സുരേഷ് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കോംപിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്കു ( CCI ) താന്‍ പരാതി അയച്ചതായി സുരേഷ് അറിയിച്ചു.

അതേസമയം, ഉപഭോക്തൃമൂല്യവര്‍ധന ഉദ്ദേശിച്ചു തങ്ങള്‍ കാലാകാലങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട ചില ഉത്പന്നങ്ങളില്‍ ബാങ്കിങ്പാര്‍ട്ട്ണര്‍മാരുടെ പങ്കാളിത്തത്തോടെ ഇത്തരം പ്രൊമോഷണല്‍ പ്രചാരണം നടത്താറുള്ളതാണ് എന്നാണ് ആരോപണത്തിനു മറുപടിയായി ഫ്‌ളിപ്കാര്‍ട്ട് പറയുന്നത്.

ഒരു ലിറ്റര്‍ പാല്‍ ഒരു രൂപയ്ക്കു വില്‍ക്കാനുള്ള നീക്കം സംസ്ഥാനത്തെ ക്ഷീരകര്‍ഷകരെ തകര്‍ക്കാനാണെന്നു സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാന-കേന്ദ്രസര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ രാജ്യമെങ്ങും പ്രതിഷേധം അലയടിയ്ക്കും. പാല്‍ എന്നത് ഒരു രൂപ ഫ്‌ളാഷ് വില്‍പനയ്ക്കുള്ള വസ്തുവല്ല. അതു ലക്ഷക്കണക്കിനു കര്‍ഷകരുടെ ജീവനോപാധിയാണ്. ഓരോ ലിറ്റര്‍ പാലിനു പിന്നിലും നമ്മുടെ ക്ഷീരകര്‍ഷകരുടെ വിയര്‍പ്പും അധ്വാനവുമുണ്ട്. ഡിസ്‌കൗണ്ടിങ്ങിലൂടെ ഇത്തരം ബിസിനസ് നടത്തുന്നവര്‍ ഇന്ത്യയിലെ ക്ഷീരോത്പാദകസഹകരണസംഘങ്ങളെ ക്ഷയിപ്പിക്കുകയും കര്‍ഷകരുടെ വരുമാനം ഇല്ലാതാക്കുകയുമാണു ചെയ്യുന്നത്- സുരേഷ് പറഞ്ഞു.

14.5 ലക്ഷം ലിറ്റര്‍ പാല്‍ ഒരു രൂപ നിരക്കില്‍ ഫ്‌ളിപ്കാര്‍ട്ട് വിറ്റതായി സുരേഷ് ആരോപിച്ചു. ഇതുസംബന്ധിച്ചു കമ്പനി വിപുലമായ പരസ്യങ്ങളാണു നല്‍കുന്നത്. തങ്ങളുടെ ക്ഷീരോത്പാദകസംഘങ്ങളുടെ പാല്‍വില്‍പനയില്‍ അരലക്ഷം ലിറ്റര്‍ കണ്ട് കുറഞ്ഞിട്ടുണ്ട്. ഒരു ലിറ്റര്‍ പാലിനു കര്‍ഷകനു 40 രൂപയാണു നല്‍കുന്നത്. ഇതെങ്ങനെ ഒരു രൂപയ്ക്കു വില്‍ക്കാനാവും. കമ്പനി വില്‍ക്കുന്ന പാല്‍ ആരില്‍നിന്നാണു വാങ്ങുന്നതെന്നും എവിടെനിന്നാണ് അതു വരുന്നതെന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു- സുരേഷ് പറഞ്ഞു.

ബഹുരാഷ്ട്രക്കമ്പനികള്‍ കര്‍ഷകരുടെ താത്പര്യങ്ങള്‍ക്കു വിരുദ്ധമായാണു പ്രവര്‍ത്തിക്കുന്നത്. ഇത്രയും കുറഞ്ഞ വിലയ്ക്കു എത്രകാലമാണു പാല്‍ വില്‍ക്കാന്‍ പോകുന്നത് എന്നു ഫ്‌ളിപ്കാര്‍ട്ട് പരസ്യങ്ങളില്‍ വ്യക്തമാക്കണം. കര്‍ഷകസമൂഹത്തെ അപകടത്തിലാക്കുന്ന ഈ നീക്കത്തില്‍നിന്നു കമ്പനി പിന്മാറണം- സുരേഷ് ആവശ്യപ്പെട്ടു.

Related posts

രണ്ടുലക്ഷം ജനസംഖ്യയുള്ള എല്ലാനഗരങ്ങളിലും അര്‍ബന്‍ ബാങ്ക് രൂപീകരിക്കാന്‍ കേന്ദ്രം

Indian Cooperator

ജ്യോതിഷിയില്‍നിന്നു ആള്‍ദൈവമായി മാറിയ പീഡകന് രണ്ട് സഹകരണ സംഘങ്ങളിലായി 130 അക്കൗണ്ടുകള്‍, 63 കോടിയുടെ ഇടപാട്

Indian Cooperator

ബാങ്കിങ് നിയന്ത്രണനിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി രണ്ട് അര്‍ബന്‍ ബാങ്കുകള്‍ക്കും ഒരു ജില്ലാബാങ്കിനും പിഴ

Indian Cooperator
error: Content is protected !!