യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റ് രണ്ടരമാസം കഴിഞ്ഞിട്ടും സഹകരണ വകുപ്പില്‍ അനക്കമില്ല. പല പദ്ധതികളുടെയും കാര്യത്തില്‍ തീരുമാനമില്ല. 13,000ത്തിലേറെ സഹകരണ സംഘങ്ങളുടെ മേല്‍നോട്ട ചുമതലയുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ് സഹകരണ സംഘം രജിസ്ട്രാര്‍. ആ പദവിയില്‍ രണ്ടാമത്തെ ഉദ്യോഗസ്ഥനാണ് ഇപ്പോഴുള്ളത്.
യു.ഡി.എഫ്. സര്‍ക്കാര്‍ ചുമതലയേറ്റ ശേഷം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ആദ്യ സ്ഥലം മാറ്റത്തിലാണ് സഹകരണ സംഘം രജിസ്ട്രാറെ ആദ്യം മാറ്റിയത്. എസ്.പ്രേംകൃഷ്ണനെ രജിസ്ട്രാറായി നിയമിച്ചു. സര്‍ക്കാരിന്റെ രണ്ടാം സ്ഥലം മാറ്റം പട്ടികയിലും സഹകരണ സംഘം രജിസ്ട്രാര്‍ പദവി വീണ്ടും ഉള്‍പ്പെട്ടു. ചുമതലയേറ്റ് 38-ാമത്തെ ദിവസം പ്രേം കൃഷ്ണന്‍ രജിസ്ട്രാര്‍ സ്ഥാനത്തുനിന്ന് മാറി. പകരം, ഇന്‍പ ശേഖര്‍ രജിസ്ട്രാറായി. എന്നാല്‍, അദ്ദേഹത്തിന് രജിസ്ട്രാര്‍ പദവി അധിക ചുമതലമാത്രമാണിപ്പോള്‍. സഹകരണ മന്ത്രിപോലും അറിയാതെയായിരുന്നു പ്രേംകൃഷ്ണന്റെ മാറ്റം. ഫലത്തില്‍ സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസ്, സംഘങ്ങളെ ബാധിക്കുന്ന തീരുമാനങ്ങളൊന്നും എടുക്കാതെ ഇപ്പോള്‍ നിശ്ചലമാണ്.
സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് വേഗം കൂട്ടാന്‍ ഓരോ വകുപ്പുകളും 100 ദിവസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. സഹകരണ വകുപ്പ് എട്ട് പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിലേറെയും സഹകരണ വകുപ്പ് സാധാരണ ചെയ്തുവരുന്ന പദ്ധതികളുമാണ്. എല്ലാവര്‍ഷവും നടത്തുന്ന കുടിശ്ശിക നിവാരണ പദ്ധതിയാണ് 100 ദിന പരിപാടിയില്‍ ഉള്‍പ്പെട്ട ഒരു പദ്ധതി. മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന സംഘങ്ങള്‍ക്ക് പുരസ്‌കാരം നല്‍കലാണ് മറ്റൊന്ന്. ഇതും സഹകരണ ദിനാഘോഷ ചടങ്ങില്‍ എല്ലാവര്‍ഷവും നടത്തുന്നതാണ്. ഈ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയായിരുന്നു ഇത്തവണത്തെ സഹകരണ ദിനാഘോഷം. അതിലും സംഘങ്ങള്‍ക്ക് പുരസ്‌കാരം നല്‍കിയിട്ടുണ്ട്. ആ പുരസ്‌കാര വിതരണത്തെയാണ്, അതിന് ശേഷം തയ്യാറാക്കിയ 100 ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തിയത്.
അംഗസമാശ്വാസ നിധിയില്‍നിന്ന് കൂടുതല്‍ സഹായം നല്‍കുക, നിക്ഷേപം തിരിച്ചുനല്‍കാന്‍ കഴിയാത്ത സംഘങ്ങളെ സഹായിക്കാനുള്ള പദ്ധതി, മാരക രോഗം ബാധിച്ചവര്‍ക്കടക്കം ആറുമാസത്തിലധികം കുടിശ്ശിക ഉണ്ടായാല്‍ ആനുകൂല്യം നിഷേധിക്കുന്ന തരത്തിലുള്ള വ്യവസ്ഥകള്‍ ഒഴിവാക്കിക്കൊണ്ട് കൂടുതല്‍ പേര്‍ക്ക് ആനുകൂല്യം ലഭിക്കത്തക്ക രീതിയില്‍ കേരള സഹകരണ റിസ്‌ക് ഫണ്ട് പദ്ധതി പരിഷ്‌കരിക്കും എന്നിവയാണ് മറ്റുപദ്ധതികളിലെ മൂന്നെണ്ണം. ഇവയെല്ലാം കഴിഞ്ഞ സര്‍ക്കാരിന്റെ കാലം മുതല്‍ നിലനില്‍ക്കുന്ന പദ്ധതികളാണ്. അവയില്‍ ചില ഭേദഗതികള്‍ കൊണ്ടുവരുമെന്നതാണ് 100 ദിന പരിപാടിയായി പറഞ്ഞിട്ടുള്ളത്. ഇതെല്ലാം എത്രയും വേഗം പൂര്‍ത്തിയാക്കേണ്ട വകുപ്പിന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വരുന്നവയാണ്. അതില്‍പോലും തീരുമാനമെടുക്കാനാകാത്ത സ്ഥിതിയാണ് ഇപ്പോള്‍ വകുപ്പിലുള്ളത്.
സഹകരണ സംഘങ്ങളുടെ പുനരുദ്ധാരണത്തിന് ഇടതുസര്‍ക്കാര്‍ ഒരു പ്രത്യേക പദ്ധതി തയ്യാറാക്കിയിരുന്നു. അതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എട്ടുസംഘങ്ങള്‍ക്ക് സഹായം നല്‍കുകയും ചെയ്തു. അതിനെ പൊടിതട്ടിയെടുത്ത് പരിഷ്‌കരിക്കുന്നതാണ് ആറാമത്തെ പദ്ധതി. അതെക്കുറിച്ചുള്ള പ്രഖ്യാപനം ഇതാണ്- കേരള സഹകരണ വികസന ക്ഷേമ ഫണ്ട് പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ളതും നിലവില്‍ നിക്ഷേപം മടക്കി നല്‍കാന്‍ കഴിയാതെ സാമ്പത്തിക പ്രതിസന്ധിയിലായും സാമ്പത്തിക സഹായം നല്‍കിയാല്‍ പുനരുദ്ധരിക്കാന്‍ കഴിയുന്നതുമായ സംഘങ്ങള്‍ക്ക് കേരള സഹകരണ വികസന ക്ഷേമ ഫണ്ട് ബോര്‍ഡ് വഴിയും സഹകരണ സംഘങ്ങളുടെ റിസര്‍വ്വ് ഫണ്ട് ഉപയോഗിച്ച് രൂപീകരിച്ചിട്ടുള്ള പുനരുദ്ധാരണ ഫണ്ട് വഴിയും സാമ്പത്തിക സഹായം നല്‍കി പദ്ധതിയുടെ ആനുകൂല്യം കൂടുതല്‍ സംഘങ്ങള്‍ക്ക് ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.
ഇനിയുള്ള രണ്ട് പദ്ധതിള്‍, പ്രഖ്യാപിച്ച പരിപാടികളില്‍ പ്രധാനപ്പെട്ടതാണെന്ന് പറയാം.
- സംസ്ഥാനത്തെ സഹകരണ മേഖലയിലെ പദ്ധതികളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും, സാമ്പത്തികമായി പ്രായോഗികവും സുസ്ഥിരവുമായ സംരംഭങ്ങള്‍ വികസിപ്പിക്കാനുമായി സഹകരണ സംഘം രജിസ്ട്രാറുടെ ഓഫീസില്‍ ബാങ്കിംഗ്, ധനകാര്യ, മാനേജ്മെന്റ്, സഹകരണ മേഖലയില്‍ നിന്നുള്ള പ്രഗത്ഭരായ പ്രൊഫഷണല്സ്സിന്റെ നേതൃത്വത്തില്‍ സഹകരണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും മെച്ചപ്പെട്ട Interns കളുടെ പിന്തുണയോടെ പദ്ധതികളുടെ സാങ്കേതിക സാധുത (Technical Viability), ധനകാര്യ സാധുത (Financial Feasibility) എന്നിവ പരിശോധിക്കാനും വിലയിരുത്താനുമായി Project incubation centre & supporting സംവിധാനം ഏര്‍പ്പെടുത്തും.
- സഹകരണ മേഖലയെ അഴിമതി/ക്രമക്കേട്/പണാപഹരണം എന്നിവയില്‍ നിന്നും മുക്തമാക്കുന്നതിനായി സഹകരണ നിയമം വകുപ്പ് 65, 66, 68 അന്വേഷണങ്ങളും പരിശോധനകളും ഊര്‍ജ്ജിതപ്പെടുത്തും. സര്‍ചാര്‍ജ്ജ് നടപടികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കി ഉത്തരവാദികളില്‍ നിന്നും ഈടാക്കേണ്ട തുക ഈടാക്കിയെടുക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കും. ഇതിനായി സഹകരണ സംഘം രജിസ്ട്രാര്‍ തലത്തില്‍ പ്രത്യേക മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തും. സഹകരണ വകുപ്പില്‍ നടപ്പിലാക്കിയിട്ടുള്ള ഓണ്‍ലൈന്‍ ഇന്സ്പെക്ഷന് മൊബൈല്‍ ആപ്ലിക്കേഷന്‍ (CIMA) യില്‍ വിശദ പരിശോധനകള്‍ കൂടി ഉള്‍പ്പെടുത്തി വകുപ്പിന്റ്റെ പരിശോധന സംവിധാനം പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്യും
ഈ രണ്ട് പദ്ധതികളില്‍ എന്താണ് പുരോഗതി എന്ന ചോദ്യത്തിന് സഹകരണ വകുപ്പില്‍ ആര്‍ക്കും ഉത്തരമില്ല.
