Indian Cooperator

കേന്ദ്ര ഏജന്‍സികള്‍ സഹകരണ മേഖലയിലേക്ക് വരുന്നത് നല്ല ഉദ്ദേശത്തോടെയല്ല- എം.വി.ജയരാജന്‍

സഹകരണ മേഖലയെ ശക്തമാക്കി നിലനിര്‍ത്തുന്നതിന് കക്ഷിരാഷ്ട്രീയത്തിന് അതീതമായ കൂട്ടായ്മയാണ് ഉണ്ടാവേണ്ടതെന്ന് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും പ്രമുഖ സഹകാരിയുമായ എം.വി.ജയരാജന്‍ പറഞ്ഞു. സഹകരണ മേഖലയ്ക്ക് രാഷ്ട്രീയമുണ്ട്. അത് അരാഷ്ട്രീയ മേഖലയല്ല. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും രാഷ്ട്രീയമുണ്ട്. എന്നാല്‍, അത് കക്ഷിരാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകളില്‍ കുടുങ്ങിക്കിടക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു.) സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി മുതലക്കുളത്ത് നടത്തിയ സഹകരണസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സഹകരണ മേഖലയിലെ ചില തെറ്റായ രീതികളുണ്ടായിട്ടുണ്ട്. എന്നാല്‍, അത് ഈ മേഖലയെ ആകെ തകര്‍ക്കുന്ന രീതിയില്‍ പ്രചരണത്തിന് ഉപയോഗിക്കുകയാണ്. അത്തരത്തിലാണ് മാധ്യമങ്ങളും വാര്‍ത്ത നല്‍കുന്നത്. തെറ്റായ രീതികളെ എതിര്‍ക്കുകയും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യുന്നുണ്ട്. അത് ഇനിയും ഉണ്ടാകണം. പക്ഷേ, ഇതിന്റെ പേരില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പോലുള്ള കേന്ദ്ര ഏജന്‍സികള്‍ കേരളത്തിലെ സഹകരണ മേഖലയെ തേടിവരുന്നത് നല്ല ഉദ്ദേശത്തോടെയല്ല. കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം കേരളത്തിലെ സഹകരണ മേഖലയെ ഇല്ലാതാക്കുകയാണ്. അതിന് സഹായകമാകുന്ന ഇടപെടലാണ് റിസര്‍വ് ബാങ്കിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് ജയരാജന്‍ പറഞ്ഞു.

സംസ്ഥാനത്തെ സഹകരണമേഖലയെ ലക്ഷ്യം വെച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഇടപെടല്‍ ആരംഭിച്ചത് കരുവന്നൂര്‍ സഹകരണ ബാങ്കില്‍നിന്നാണ്. കരുവന്നൂരിലുണ്ടായ സാമ്പത്തിക ക്രമക്കേട് നിസ്സാരമല്ലെന്ന് അംഗീകരിക്കുന്നു. എന്നാല്‍, മുഖ്യപ്രതികളായ രണ്ടുപേരെ മാപ്പുസാക്ഷികളാക്കി ആ ബാങ്കിനെതിരായാണ് നടപടി സ്വീകരിച്ചത്. സഹകരണ സ്ഥാപനത്തിലെ ഒന്നോ രണ്ടോ ആളുകള്‍ തെറ്റുചെയ്താല്‍ ആ സ്ഥാപനത്തെ തകര്‍ക്കാന്‍ പാടുണ്ടോയെന്ന് ജയരാജന്‍ ചോദിച്ചു. ആദായനികുതി വകുപ്പിനെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ സഹകരണമേഖലയെ വേട്ടയാടുകയാണ്. പൊതുമേഖലാ ബാങ്കുകളെയോ ന്യൂജെന്‍ ബാങ്കുകളെയോ ഇവര്‍ തൊടില്ല. സഹകരണ പ്രസ്ഥാനത്തെ സങ്കുചിതമായ കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ നയിക്കുന്നത് ഒട്ടും അഭികാമ്യമല്ല. കക്ഷിരാഷ്ട്രീയാടിസ്ഥാനത്തില്‍ അതിനെ വിശകലനം ചെയ്താല്‍ അപകടത്തില്‍ച്ചെന്ന് ചാടുമെന്നും അദ്ദേഹം പറഞ്ഞു.

സഹകാരികളായ എം. മെഹബൂബ്, മനയത്ത് ചന്ദ്രന്‍, എന്‍. സുബ്രഹ്മണ്യന്‍, മാതൃഭൂമി സീനിയര്‍ റിപ്പോര്‍ട്ടര്‍ ബിജു പരവത്ത്, കെ.വി. പ്രജീഷ്, ഇ. വിശ്വനാഥന്‍ എന്നിവര്‍ സഹകരണസഭയില്‍ പങ്കെടുത്ത് സംസാരിച്ചു. എന്‍.കെ. രാമചന്ദ്രന്‍ രചിച്ച ”പാഠം, പഠനം, പ്രതിരോധം” എന്ന പുസ്തകം ചടങ്ങില്‍ എം.വി. ജയരാജന്‍ പ്രകാശനം ചെയ്തു. സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ ടി. വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. കെ.സി.ഇ.യു. ജില്ലാ പ്രസിഡന്റ് ഇ. സുനില്‍കുമാര്‍, സെക്രട്ടറി എം.കെ. ശശി, എന്‍.കെ. രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Related posts

എം.ലിജു സഹകരണവകുപ്പ് മന്ത്രിയാകും; ഔദ്യോഗിക വിജ്ഞാപനം പിന്നീട്

Indian Cooperator

നെല്ലുസംഭരണം സഹകരണ സംഘങ്ങളെ ഏല്‍പിച്ചുകൊണ്ട് സപ്ലൈകോ ഉടന്‍ ഉത്തരവിറക്കും

Indian Cooperator

ക്ഷീരസംഘങ്ങളില്‍ കണക്ക് ശുദ്ധീകരണം; ഭൂമിവാങ്ങിയതിനും കെട്ടിടം നിര്‍മ്മിച്ചതിനുമുള്ള ‘എതിര്‍പ്പുകള്‍’ ഒഴിവാക്കി

Indian Cooperator
error: Content is protected !!