Indian Cooperator

27 അര്‍ബന്‍ബാങ്കുകളില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി റിസര്‍വ് ബാങ്ക്

2021 നുശേഷം 87 അര്‍ബന്‍ സഹകരണബാങ്കുകളെ റിസര്‍വ് ബാങ്ക് ഓള്‍ ഇന്‍ക്ലൂസീവ് ഡയറക്ഷന്‍സ് ( All Inclusive Directions – AID ) എന്ന കര്‍ശന നിയന്ത്രണത്തിനു കീഴില്‍ കൊണ്ടുവന്നിട്ടുണ്ട്. 2026 ജൂലായ് 27 ന്റെ കണക്കനുസരിച്ച് ഇപ്പോഴും 27 അര്‍ബന്‍ സഹകരണബാങ്കുകള്‍ ഈ നിയന്ത്രണത്തിലാണു പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസം ലോക്സഭയില്‍ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ഒരു ചോദ്യത്തിന് എഴുതിക്കൊടുത്ത മറുപടിയിലാണ് ഇക്കാര്യമറിയിച്ചത്.

ഒരു ബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ പ്രതിസന്ധിയോ തകര്‍ച്ചയോ ഉണ്ടാകുമ്പോള്‍ നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കാന്‍ റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തുന്ന സമ്പൂര്‍ണമായ നിയന്ത്രണങ്ങളെയാണു ഓള്‍ ഇന്‍ക്ലൂസീവ് ഡയറക്ഷന്‍സ് എന്നു വിളിക്കുന്നത്. ഇത്തരം ഉത്തരവുകള്‍ പുറപ്പെടുവിച്ചാല്‍ ബാങ്കിലെ പണമിടപാടുകള്‍ക്കു കര്‍ശന നിയന്ത്രണം വരും. നിക്ഷേപകര്‍ക്കു നിശ്ചിതതുകയില്‍ക്കൂടുതല്‍ പിന്‍വലിക്കാനാവില്ല. റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതെ പുതിയ വായ്പകള്‍ നല്‍കാനാവില്ല. പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാനും പറ്റില്ല.

2021 നുശേഷം ഓള്‍ ഇന്‍ക്ലൂസീവ് ഡയറക്ഷന്‍സിനു വിധേയമായ അര്‍ബന്‍ബാങ്കുകളില്‍ മുന്നില്‍ നില്‍ക്കുന്നതു മഹാരാഷ്ട്രയാണ്. 41 എണ്ണം. കര്‍ണാടകത്തിലും ഉത്തര്‍പ്രദേശിലും 12 ബാങ്കുകളെ വീതവും ഗുജറാത്തില്‍ നാലും അസമില്‍ മൂന്നും ബാങ്കുകളെയും ഈ നിയന്ത്രണത്തിന്‍കീഴില്‍ കൊണ്ടുവന്നിട്ടുണ്ട്. ഇപ്പോള്‍ നിയന്ത്രണം നേരിടുന്ന അര്‍ബന്‍ബാങ്കുകളില്‍ കൂടുതലും മഹാരാഷ്ട്രയില്‍ത്തന്നെയാണ്. പത്തെണ്ണം. കര്‍ണാടക – 04, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, അസം – 02 വീതം, കേരളം, ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ – 01 വീതം എന്നിങ്ങനെയാണു നടപടി നേരിടുന്ന അര്‍ബന്‍ബാങ്കുകളുടെ കണക്ക്. 2021 നുശേഷം റിസര്‍വ് ബാങ്കിന്റെ വിവിധ നിയന്ത്രണവ്യവസ്ഥകള്‍ ലംഘിച്ചതിനു 327 അര്‍ബന്‍ബാങ്കുകള്‍ക്കു പിഴശിക്ഷ വിധിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും മഹാരാഷ്ട്രയാണു മുന്നില്‍. 108 ബാങ്കുകള്‍. ഗുജറാത്തിലെ 81, തമിഴ്നാട്ടിലെ 35, ഉത്തര്‍പ്രദേശിലെ 21, കര്‍ണാടകത്തിലെ 16 ബാങ്കുകളും പിഴശിക്ഷയ്ക്കു വിധേയമായി.

ലിക്വിഡേഷനിലോ നിയന്ത്രണത്തിനു കീഴിലോ ഉള്ള 488 സഹകരണബാങ്കുകളിലെ നിക്ഷേപകര്‍ക്കു നിക്ഷേപ ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗാരണ്ടി കോര്‍പറേഷന്‍ ( ഡി.ഐ.സി.ജി.സി ) വഴി 18,931.40 കോടി രൂപ തിരിച്ചുകൊടുത്തിട്ടുണ്ട്. 2026 ജൂണ്‍ 30 വരെ അര്‍ബന്‍ബാങ്കുകളടക്കമുള്ള രാജ്യത്തെ ബാങ്കുകളില്‍ പെയ്മെന്റുമായി ബന്ധപ്പെട്ട് 489 കോടി രൂപയുടെ 3.53 ലക്ഷം ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്.

Related posts

300 കോടിരൂപ മൂലധനവും പത്തുവര്‍ഷമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സഹകരണ സംഘങ്ങള്‍ക്ക് ബാങ്കിങ് ലൈസന്‍സിന് അപേക്ഷിക്കാം

Indian Cooperator

സഹകരണസംഘങ്ങളുടെയുംസര്‍ക്കിള്‍ സഹകരണയൂണിയനുകളുടെയുംകാലാവധി മൂന്നു മാസം നീട്ടി

Indian Cooperator

റസിഡന്‍ഷ്യല്‍ കോംപ്ലക്സിലെഷോപ്പുകള്‍ക്കു മാത്രമായി പ്രത്യേകംസഹകരണസംഘമുണ്ടാക്കാനാവില്ല

Indian Cooperator
error: Content is protected !!