ദേശീയം, കേരളീയം എന്നീ വിഭാഗങ്ങളിലായി 19 അധ്യായങ്ങള്‍. വര്‍ത്തമാനകാല സഹകരണ മേഖലയെ സമഗ്രമായി വിശകലനം ചെയ്യുന്ന പുസ്തകമാണ് എന്‍.കെ.രാമചന്ദ്രന്റെ ‘പാഠം, പഠനം, പ്രതിരോധം.’ ജീവിത സാഹചര്യത്തില്‍ വന്ന മാറ്റം, നിയമഭേദഗതികള്‍, കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളും പരിഷ്‌കാരങ്ങളും, കേരളത്തിന്റെ സഹകരണ സാഹചര്യം എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് ഈ 19 ലേഖനങ്ങളും തയ്യാറായിരിക്കുന്നത്.
ഏഴ് പഠനങ്ങളാണ് ദേശീയ സാഹചര്യത്തിന്റെ അടിസ്ഥാനത്തിലുള്ളത്. നബാര്‍ഡ് സര്‍വേ ഒരു മുന്നറിയിപ്പ്, കേന്ദ്രം കര്‍ഷകരുടെ കണ്ണുകെട്ടുന്നു, അനിവാര്യമായ സാങ്കേതിക വിപ്ലവം, വരുന്നത് ശാന്തമായി ഇരിക്കാവുന്ന കാലമല്ല, കടന്നുകയറാന്‍ കേന്ദ്രം, തിരിച്ചറിയുന്നുണ്ടോ സഹകരണം എന്ന തൊഴില്‍ദാതാവിനെ എന്നിവയാണ് ആറ് ലേഖനങ്ങള്‍. പുസ്തകത്തിന്റെ പേര് ഉള്‍ക്കൊള്ളുന്ന ‘പാഠം, പഠനം, പ്രതിരോധം’ എന്ന ലേഖനവും ദേശീയ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇത് ദേശീയ-സംസ്ഥാന സാഹചര്യം അനുസരിച്ച് സഹകരണ പ്രസ്ഥാനം ഉള്‍ക്കൊള്ളേണ്ട കാര്യങ്ങള്‍ സമഗ്രമായി അവലോകനം ചെയ്യുന്ന ലേഖനമാണ്.
12 ലേഖനങ്ങളാണ് ‘കേരളീയം’ എന്ന വിഭാഗത്തിലുള്ളത്. ഈ ലേഖനങ്ങളെല്ലാം സമീപകാലത്ത് കേരളത്തില്‍ ചര്‍ച്ചയായതും തര്‍ക്കമായതും ആശങ്കയുണ്ടാക്കിയതുമായ എല്ലാവിഷയങ്ങളുടെയും ക്രോഡീകരണവും പഠനവുമാണ്. തര്‍ക്കിച്ചുപോകുന്നതല്ല, മുന്‍വിധിയില്ലാതെ പഠിക്കുകയും പ്രായോഗികതയിലൂടെ പരിശോധിക്കുകയും ചെയ്യുന്നുവെന്നതാണ് ഈ ലേഖനങ്ങളില്‍ സ്വീകരിച്ചിരിക്കുന്ന പൊതുരീതി. സഹകരണ ജീവനക്കാരുടെ സംഘടനയായ കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ ജനറല്‍ സെക്രട്ടറിയാണ് എന്‍.കെ.രാമചന്ദ്രന്‍. അതുകൊണ്ടുതന്നെ, സഹകരണ ജീവനക്കാരുടെ രീതിയും സമീപനവും എങ്ങനെയാവണമെന്നത് ആത്മവിമര്‍ശനത്തോടെ ഇതില്‍ ചേര്‍ത്തിട്ടുണ്ട്. ‘സഹകരണത്തില്‍ നിയമം വാളാവരുത്’ എന്ന ലേഖനമാണ് പുസ്തകത്തില്‍ അവസാനമായി ചേര്‍ത്തിട്ടുള്ളത്. അത് കേരളത്തില്‍ വന്നിട്ടുള്ള നിയമപരിഷ്‌കാരങ്ങളെ കുറിച്ചുള്ള വിലയിരുത്തലാണ്.
‘ തനിക്ക് ചുറ്റുമുള്ളവരുടെ ജീവിതമാണ് ഈ പുസ്തകത്തിന്റെ പ്രത്യേയശാസ്ത്രമാക്കി എന്‍.കെ.രാമചന്ദ്രന്‍ മാറ്റിയത്. മാനവികതയാണ് ഇതിലെ സന്ദേശം. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ ഊടും പാവും നെയ്തതെടുത്തത് അവരുടെ ജീവിതം കൊണ്ടാണ്.അതിന് കാലാന്തരത്തില്‍ സംഭവിക്കുന്ന അപകടകരമായ മാറ്റത്തെ ആശങ്കയോടെ നോക്കിക്കാണുന്ന ഒരു സഹകാരിയുടെ മനസ് ഈ പുസ്തകത്തിലുണ്ട്’ – എളമരം കരീം
അറിയാനും വിലയിരുത്താനും പഠിക്കാനും സഹകരണ മേഖലയിലെ ഓരോരുത്തരും വായിച്ചിരിക്കേണ്ട പുസ്തകമാണിത്. സഹകരണ മേഖലയെക്കുറിച്ച് പഠനങ്ങള്‍ ഉണ്ടാകുന്നില്ലെന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്‌നം. സഹകരണ പ്രസ്ഥാനത്തെ വിമര്‍ശനാത്മകമായി പഠിക്കുകയും വര്‍ത്തമാനകാല സാഹചര്യം വിലയിരുത്തുകയും ചെയ്തുകൊണ്ട് ഒരു പതിറ്റാണ്ടിനിടയില്‍ കേരളത്തില്‍ ഇറങ്ങിയ ഏകപുസ്തകമാണ് ‘പാഠം, പഠം, പ്രതിരോധം’. 250 രൂപയാണ് വില. ആഗസ്റ്റ് 29ന് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ പുസ്തകം പ്രകാശനം ചെയ്യും. കോപ്പികള്‍ മുന്‍കൂട്ടി ഉറപ്പാക്കാന്‍ 8281442855 എന്ന നമ്പറില്‍ അറിയിക്കുക.. നേരത്തെ ബുക്ക് ചെയ്യുന്നവര്‍ക്ക് 200 രൂപയ്ക്ക് ലഭിക്കും. തപാലിൽ വേണ്ടവർ അതിൻ്റെ ചെലവിലേക്ക് 30 രൂപ നൽകണം.
സഹകരണമേഖലയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും അറിവുകളും പങ്കുവെക്കപ്പെടാന്‍ കഴിയുന്നില്ലെന്നതാണ് കേരളത്തിലെ ഇന്നത്തെ സ്ഥിതി. ആശയങ്ങളും വിശകലനങ്ങളും സഹകരണ സംഘങ്ങളുടെ നേട്ടങ്ങളുമൊന്നും പ്രസിദ്ധീകരിക്കാന്‍ കഴിയുന്നില്ല. ഇതിന് ഒരു വഴിയൊരുക്കുകയാണ് ‘സഹ’ ബുക്സ് ചെയ്യുന്നത്. നിങ്ങളുടെ എഴുത്തുകള്‍ പുസ്തകങ്ങളാക്കുന്നതിനും ആശയങ്ങള്‍ എഴുത്തുകളാക്കി തീര്‍ക്കുന്നതിനും സംഘങ്ങളുടെ ചരിത്രം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതിനും 8281442855 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
