Indian Cooperator

ജില്ലാബാങ്കുകളില്‍നിന്ന് വിരമിച്ചവര്‍ക്ക് പെന്‍ഷന്‍ കിട്ടാതെ ഏഴുമാസം

സഹകരണ ജീവനക്കാര്‍ക്ക് പെന്‍ഷന്‍പോലും കിട്ടാത്ത വിധത്തില്‍ സഹകരണ മേഖലയില്‍ ഭരണ പ്രതിസന്ധി രൂക്ഷം. ജില്ലാ ബാങ്കുകളില്‍നിന്ന് വിരമിച്ചവര്‍ക്കാണ് ഏഴുമാസമായി പെന്‍ഷന്‍ മുടങ്ങിക്കിടക്കുന്നത്. ഇവരുടെ പെന്‍ഷന്‍ ചുമതല പെന്‍ഷന്‍ ബോര്‍ഡില്‍നിന്ന് മാറ്റിയിരുന്നു. കേരളാബാങ്ക് നേരിട്ടാണ് പെന്‍ഷന്‍ നല്‍കേണ്ടത്. ഇത് സംബന്ധിച്ച് ഉത്തരവിറങ്ങിയത് ഫിബ്രവരിയിലാണ്. ഇതിനായി, പെന്‍ഷന്‍ബോര്‍ഡിലെ ഫണ്ട് കേരളാബാങ്കിന് കൈമാറണമെന്നായിരുന്നു നിര്‍ദ്ദേശിച്ചിരുന്നു.

ഈ ഉത്തരവ് പൂര്‍ണമായി നടപ്പാക്കിയിട്ടില്ല. അതിനാല്‍, നേരത്തെയുണ്ടായിരുന്ന ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്ന് വിരമിച്ചവര്‍ക്ക് ഇപ്പോള്‍ ബോര്‍ഡും കേരളാബാങ്കും പെന്‍ഷന്‍ നല്‍കുന്നില്ല. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനാല്‍, സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കട്ടെയെന്നാണ് പെന്‍ഷന്‍ ബോര്‍ഡ് സ്വീകരിച്ചിരിക്കുന്ന നിലപാട്. സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഒരുനിലപാടും എടുത്തിട്ടുമില്ല. ഫലത്തില്‍ വിരമിച്ച ജീവനക്കാര്‍ക്ക് പെന്‍ഷന്‍ കിട്ടാത്ത സ്ഥിതിയാണ്.

ഭരണമാറ്റമുണ്ടായതോടെ, സഹകരണവകുപ്പിന് കീഴിലുള്ള വിവിധ ബോര്‍ഡുകളില്‍ പുതിയ മേലധികാരികളെ നിശ്ചയിച്ചിട്ടില്ല. കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ചവര്‍ ഒഴിയണമെന്നും അല്ലെങ്കില്‍ ഒഴിവാക്കുന്ന നടപടി സ്വീകരിക്കണമെന്നും സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച് എല്ലാ വകുപ്പുകള്‍ക്കും നിര്‍ദ്ദേശവും നല്‍കി. നിലവിലുള്ള ഭാരവാഹികള്‍ മിക്കവരും ഒഴിഞ്ഞു. പകരം ആളെ നിയമിക്കാത്തതാണ് ഭരണ പ്രതസിന്ധി രൂക്ഷമാകാന്‍ കാരണമായിട്ടുള്ളത്.

സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോ യീസ് പെന്‍ഷന്‍ ബോര്‍ഡ്, വെല്‍ ഫെയര്‍ ബോര്‍ഡ്, സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ്, സഹകരണ എക്‌സാമിനേഷന്‍ ബോര്‍ഡ്, ഡിപ്പോസിറ്റ് ഗ്യാരന്റി ഫണ്ട് ബോര്‍ഡ് എന്നിവിടങ്ങളിലാണ് ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ എന്നിവരില്ലാത്തത്. പരീക്ഷാബോര്‍ഡില്‍ പരീക്ഷകള്‍പോലും താളം തെറ്റിയ നിലവിലാണ്.

റിസ്‌ക് ഫണ്ട് ബോര്‍ഡിലും വെല്‍ഫയര്‍ഫണ്ട് ബോര്‍ഡിലും നിരവധി അപേക്ഷകളാണ് തീരുമാനമെടുക്കാതെ കെട്ടിക്കിടക്കുന്നത്. മാരകരോഗം ബാധിച്ചവര്‍ക്കുള്ള സഹായങ്ങളാണ് ഇതിലൂടെ നല്‍കേണ്ടത്. വെല്‍ഫയര്‍ഫണ്ട് ബോര്‍ഡില്‍ ആറായിരത്തിലേറെ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുണ്ട്. ഈ പദ്ധതിയുടെ വ്യവസ്ഥകള്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, അത് സംബന്ധിച്ചും ഉത്തരവുകളുണ്ടായിട്ടില്ല. അതിനാല്‍, അനിശ്ചിതത്വം തുടരുകയാണ്.

വായ്പ എടുത്തവരില്‍ രോഗത്തിന് അടിപ്പെട്ടവര്‍ക്കും മരണപ്പെട്ടവര്‍ക്കുമുള്ള ആനുകൂല്യമാണ് നിഷേധിക്കപ്പെടുന്നത്. റിസ്‌ക് ഫണ്ട് അപേക്ഷകള്‍ തീര്‍പ്പാക്കാത്തിതിനാല്‍ അഞ്ചുമാസത്തെ പലിശയും നഷ്ടമായി. എക്സാമിനേഷന്‍ ബോര്‍ഡിന്റെ തലപ്പത്ത് ആളില്ലാത്തതിനാല്‍ നിയമനങ്ങളും സ്ഥാനക്കയറ്റങ്ങളും വൈകുകയാണ്. ഡിപ്പോസിറ്റ് ഗ്യാരന്റി ഫണ്ടിലേക്ക് പുതിയ സഹകരണ സംഘങ്ങളെ ചേര്‍ക്കുന്നതും തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിലൊന്നിലും സഹകരണ വകുപ്പിന്റെ ഇടപെടലുണ്ടാകുന്നില്ല.

Related posts

എന്താണ് സഹകരണ മേഖലയിലെ പ്രശ്‌നം; ജനങ്ങളുടെ ചോദ്യങ്ങൾ നേരിടാൻ ആദ്യമായി സഹകരണ സഭ

Indian Cooperator

മില്‍മയില്‍ ജൂനിയര്‍ അസിസ്റ്റന്റ് ഉള്‍പ്പെടെ 14 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം

Indian Cooperator

കേരളബാങ്കിന് പുതിയ ഭരണസമിതി; ഇടതുപക്ഷത്തിന് പൂര്‍ണവിജയം

Indian Cooperator
error: Content is protected !!