കോഓപ്പറേറ്റീവ് എംപ്ലോയീസ് ബോര്‍ഡിന്റെ വ്യവസ്ഥകളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തി. ജീവനക്കാരും സംഘങ്ങളും ബോര്‍ഡിലേക്ക് അടക്കേണ്ട വിഹിതം കൂട്ടി. കൂടാതെ ആറ് മാസത്തില്‍ കൂടുതല്‍ ക്ഷേമ ബോര്‍ഡ് വിഹിതം കുടിശ്ശിക വരുത്തുന്നവര്‍ക്ക് ബോര്‍ഡ് സ്‌കീമിലെ ആനുകൂല്യങ്ങള്‍ ലഭിക്കില്ല. ശമ്പളമില്ലാത്ത അവധിയിലുള്ള ജീവനക്കാര്‍ ആ കാലയളവിലുളള ജീവനക്കാരന്റേയും, സ്ഥാപനത്തിന്റേയും വിഹിതം സ്വന്തം നിലയില്‍ ബോര്‍ഡിലേക്ക് ഒടുക്കി കുടിശ്ശിക ഒഴിവാക്കണം. മൂന്നു മാസത്തില്‍ കൂടുതല്‍ കാലയളവില്‍ വിഹിതം കുടിശ്ശിക വരുത്തിയവര്‍ കുടിശ്ശിക വിഹിതത്തോടൊപ്പം 12 ശതമാനം പലിശയും നല്‍കണം.
ഈ നിബന്ധനങ്ങള്‍ ഉള്‍പ്പെടുത്തി ബോര്‍ഡ് ചട്ടത്തില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. വര്‍ദ്ധിപ്പിച്ച നിരക്കിലുള്ള വിഹിതം 2026 ജുലായ് മാസം മുതല്‍ പ്രാബല്യത്തിലാകും. ജുലായ് മുതലുള്ള വിഹിതം പുതുക്കിയ നിരക്കിലാണ് ബോര്‍ഡിലേക്ക് നല്‍കേണ്ടത്. വെല്‍ഫെയര്‍ ബോര്‍ഡില്‍ അംഗങ്ങളായ സഹകരണ സംഘം ജീവനക്കാര്‍ക്ക് നല്‍കിവരുന്ന ചികിത്സാ ധനസഹായത്തിന്റെ ഘടനയിലും മാറ്റം വരുത്തിയിട്ടുണ്ട്. സേവനത്തില്‍നിന്നും പിരിഞ്ഞുപോകുന്ന ജീവനക്കാരുടെ റീഫണ്ടിനോടൊപ്പം നല്‍കുന്ന ഇന്‍സെന്റീവില്‍ മറ്റ് ആനുകൂല്യങ്ങളൊന്നും ബോര്‍ഡില്‍നിന്ന് കൈപ്പറ്റിയിട്ടില്ലെങ്കില്‍ രണ്ടുശതമാനം അധിക ഇന്‍സെന്റീവ് അനുവദിക്കും.
ക്ഷേമബോര്‍ഡ് വിഹിതം
ക്ഷേമബോര്‍ഡിലേക്ക് സംഘങ്ങളും ജീവനക്കാരും നല്‍കേണ്ട വിഹിതത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. 2024 ഫെബ്രുവരി മാസം മുതല്‍ 15,000 രൂപക്ക് താഴെ വേതനം ലഭിക്കുന്ന ജീവനക്കാരുടെ വിഹിതം 150 രൂപയായിരുന്നു. ഇത് 200 രൂപയാക്കി ഉയര്‍ത്തി. 15,000 രൂപ മുതല്‍ മുകളില്‍ വേതനം ലഭിക്കുന്നവരുടെ വിഹിതം 250 രൂപയില്‍നിന്ന് 300 രൂപയാക്കി. മൊത്ത ശമ്പളം (Grosspay/Consolidatedpay/Commission) ആണ് കണക്കാക്കുന്നത്. അതോടൊപ്പം രണ്ടു വിഭാഗത്തിലുമുള്ള ജീവനക്കാരുടെപേരില്‍ സംഘം നല്‍കേണ്ട വിഹിതം നിലവിലുള്ള 150 രൂപയില്‍നിന്ന് 200 രൂപയാക്കി.
തിരികെ ലഭിക്കുന്നത്
സര്‍വീസില്‍നിന്ന് പിരിഞ്ഞുപോകുകയോ, വിരമിക്കുകയോ ചെയ്യുന്ന അവസരത്തില്‍ ജീവനക്കാരന് തിരികെ നല്‍കുന്ന ആകെ വിഹിതത്തോടൊപ്പം 10 ശതമാനം ഇന്‍സെന്റീവും നല്‍കിയിരുന്നു. സേവനകാലയളവില്‍ ബോര്‍ഡില്‍നിന്ന് യാതൊരുവിധ ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ലാത്തവര്‍ക്ക് രണ്ടുശതമാനം അധിക ഇന്‍സെന്റീവ്കൂടി അനുവദിക്കും. (അതിനായി സംഘം ചീഫ് എക്‌സിക്യൂട്ടീവിന്റെ പ്രത്യേക സാക്ഷ്യപത്രംകൂടി സമര്‍പ്പിക്കണം)
ചികിത്സാ ധനസഹായം
ഗവണ്‍മെന്റ് ഇന്‍ഷൂറന്‍സ് പരിരക്ഷയോ, സര്‍ക്കാരിന്റെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ സാമ്പത്തിക സഹായമോ ലഭിച്ച് ചികിത്സയ്ക്ക് വിധേയരായവര്‍ക്ക് അതേ ചികിത്സയ്ക്ക് ഈ സ്‌കീമില്‍ നിന്നുള്ള ചികിത്സാ സഹായത്തിന് അര്‍ഹതയില്ല. (ആയത് സംബന്ധിച്ച സംഘം ചീഫ് എക്‌സിക്യൂട്ടീവിന്റെ സാക്ഷ്യപത്രം അപേക്ഷയോടൊപ്പം ഹാജരാക്കണം). ബോര്‍ഡില്‍ അംഗമായ ജീവനക്കാര്‍, അവരുടെ ആശ്രിതര്‍ ഇന്‍പേഷ്യന്റ് ചികിത്സയ്ക്ക് വിധേയരാകുകയോ, സ്ഥിരമായ വൈകല്യം സാക്ഷ്യപ്പെടുത്തുകയോ ചെയ്താല്‍ മാത്രമേ ബോര്‍ഡ് ചട്ടത്തിലെ ഷെഡ്യൂള്‍ എ, ബി. എന്നീ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മെഡിക്കല്‍ ഗ്രാന്റ് ക്ലെയിമുകള്‍ അനുവദിക്കുകയുളളൂ. കാന്‍സര്‍ മുതല്‍ ഗര്‍ഭാശയം നീക്കംചെയ്യല്‍ വരെയുള്ള 30 രോഗങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.
ഈ വിഭാഗത്തില്‍ ബാധകമായ ചികിത്സകള്‍ക്ക് യഥാര്‍ത്ഥ ചികിത്സാ ചെലവോ, പരമാവധി 1,50,000 രൂപയോ അനുവദിക്കും. ഷെഡ്യൂള്‍ എ പ്രകാരമുള്ള ചികിത്സാ സഹായ തുകയുടെ പരമാവധിയായ 1,50,000 രൂപ യഥാര്‍ത്ഥ ചികിത്സാ ചെലവിന്റെ അടിസ്ഥാനത്തില്‍ ഭാഗീകമായി ക്ലെയിം ചെയ്ത്, ജീവനക്കാരന്റെ സേവന കാലയളവില്‍ ഷെഡ്യൂള്‍ എ യിലെ മറ്റ് ചികിത്സകള്‍ക്കുംകൂടി ലഭിക്കും. ആശ്രിതരുടെ ചികിത്സകള്‍ക്ക് യഥാര്‍ത്ഥ ചികിത്സാ ചെലവോ പരമാവധി 50,000 രൂപയോ അനുവദിക്കും. ഷെഡ്യൂള്‍ എ പ്രകാരമുള്ള ചികിത്സാ സഹായ തുകയുടെ പരമാവധിയായ 50,000 രൂപ യഥാര്‍ത്ഥ ചികിത്സാ ചെലവിന്റെ അടിസ്ഥാനത്തില്‍ ഭാഗീകമായി ക്ലെയിം ചെയ്ത്, ജീവനക്കാരന്റെ സേവനകാലയളവില്‍ മറ്റ് ചികിത്സകള്‍ക്കുംകൂടി ലഭിക്കും.
ഷെഡ്യൂള്‍ ബി പ്രകാരം ബാധകമായ ജീവനക്കാരുടെ ചികിത്സകള്‍ക്ക് പരമാവധി 30,000 രൂപയാണ് സഹായം ലഭിക്കുക. ചികിത്സാ ചെലവ് 30,000 രൂപയില്‍ കുറവായാല്‍ ബാക്കിത്തുക തുടര്‍ ചികിത്സയ്ക്കുള്ള ക്ലയിമായി നല്‍കും. ചികിത്സാ സഹായത്തിനുളള അപേക്ഷ സമര്‍പ്പിക്കുവാന്‍ കഴിയാതെ ജീവനക്കാരന്‍ ആശുപത്രി ചികിത്സയിലിരിക്കെ മരണമടഞ്ഞാല്‍ അവകാശ സര്‍ട്ടിഫിക്കറ്റ് പ്രകാരമുള്ള അവകാശി അപേക്ഷിച്ചാല്‍ സഹായം അനുവദിക്കും. സ്ഥിരമായ അംഗവൈകല്യം ഒഴികെയുളള മറ്റെല്ലാ ചികിത്സകള്‍ക്കും ചികിത്സിച്ച ആശുപത്രി അധികൃതര്‍ നല്‍കിയ ചികിത്സാ സര്‍ട്ടിഫിക്കറ്റ് പ്രകാരമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
