Indian Cooperator

ഒരു സഹകരണബാങ്ക്മറ്റൊരു സംഘത്തിനു നല്‍കുന്നനിക്ഷേപപ്പലിശയ്ക്ക്ടി.ഡി.എസ്. ബാധകമല്ല- ബോംബെ ഹൈക്കോടതി

**  ഒരു സഹകരണബാങ്ക് ഒരു സഹകരണസംഘത്തിനു
    പലിശ നല്‍കുമ്പോള്‍ ടി.ഡി.എസ് പിടിക്കേണ്ടെന്ന
     ഇളവ് കിട്ടുമോ എന്നതായിരുന്നു തര്‍ക്കവിഷയം

**  ബാങ്കിങ്ബിസിനസ് നടത്തുന്നതുകൊണ്ടുമാത്രം
    ഒരു സഹകരണബാങ്ക് സഹകരണസംഘമല്ലാതാവുന്നില്ല

രു സഹകരണബാങ്ക് മറ്റൊരു സഹകരണസംഘത്തിന്റെ ഫിക്‌സഡ് ഡെപ്പോസിറ്റിനു നല്‍കുന്ന പലിശയ്ക്ക് ഉറവിടത്തില്‍നിന്നു ആദായനികുതി കുറയ്‌ക്കേണ്ടതില്ലെന്നു ( ടി.ഡി.എസ് ) ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. ഇത്തരം പെയ്‌മെന്റുകള്‍ക്കുള്ള നിലവിലെ ഇളവ് തുടരുമെന്നു ജസ്റ്റിസുമാരായ ജി.എസ്. കുല്‍ക്കര്‍ണി, ആരതി സാത്തെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിധിയില്‍ ചൂണ്ടിക്കാട്ടി. ആദായനികുതിനിയമത്തിലെ സെക്ഷന്‍ 194 എ (3) (v)  ചില തരത്തിലുള്ള പലിശനല്‍കലിനെ ( ഇന്ററസ്റ്റ് പെയ്‌മെന്റ് ) ടി.ഡി.എസ്സില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നു ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ബാങ്കിങ്ബിസിനസ് നടത്തുന്നതുകൊണ്ടുമാത്രം ഒരു സഹകരണബാങ്ക് സഹകരണസംഘമല്ലാതാവുന്നില്ലെന്ന സുപ്രധാന നിരീക്ഷണവും ജഡ്ജിമാര്‍ നടത്തിയിട്ടുണ്ട്.

ഒരു സഹകരണസംഘം മറ്റൊരു സഹകരണസംഘത്തിനു നല്‍കുന്ന പലിശയ്ക്കു ബാധകമായ ടി.ഡി.എസ്. ഇളവ് ഒരു സഹകരണബാങ്ക് ഒരു സഹകരണസംഘത്തിനു പലിശ നല്‍കുമ്പോള്‍ കിട്ടുമോ എന്നതായിരുന്നു ഹൈക്കോടതിയ്ക്കു മുന്നിലുണ്ടായിരുന്ന തര്‍ക്കം. 2015 ലെ CBDT  ( പ്രത്യക്ഷനികുതിയ്ക്കായുള്ള കേന്ദ്ര ബോര്‍ഡ് ) 19-ാം നമ്പര്‍ സര്‍ക്കുലറനുസരിച്ച് ഒരു സഹകരണബാങ്ക് അതിലെ അംഗങ്ങള്‍ക്കു നല്‍കുന്ന പലിശയുമായി ബന്ധപ്പെട്ട വ്യവസ്ഥയാണു പാര്‍ലമെന്റ് ഭേദഗതി ചെയ്തിട്ടുള്ളതെന്നും ഒരു സഹകരണസംഘം മറ്റൊരു സഹകരണസംഘത്തിനു നല്‍കുന്ന പലിശയ്ക്കു ടി.ഡി.എസ്. കുറയ്‌ക്കേണ്ടതില്ലെന്ന വ്യവസ്ഥയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഒരു ഭവനനിര്‍മാണ സഹകരണസംഘമോ മറ്റേതെങ്കിലും സഹകരണസംഘമോ ഒരു സഹകരണബാങ്കില്‍ ഫിക്‌സഡ് നിക്ഷേപം ഇട്ടിട്ടുണ്ടെങ്കില്‍ ആ നിക്ഷേപത്തിനുള്ള പലിശ നല്‍കുംമുമ്പ് സഹകരണബാങ്ക് ടി.ഡി.എസ്. പിടിക്കേണ്ട ആവശ്യമില്ലെന്നു കോടതി വ്യക്തമാക്കി.

ഫിക്‌സഡ് ഡെപ്പോസിറ്റിന്മേല്‍ നല്‍കിയ പലിശയ്ക്കു ടി.ഡി.എസ്. പിടിച്ചില്ലെന്നാരോപിച്ച് തങ്ങളെ വീഴ്ച വരുത്തിയ നികുതിദായകനായി (Assessee in default ) പ്രഖ്യാപിച്ച ആദായനികുതിവകുപ്പിന്റെ തീരുമാനം ശരിവെച്ചുകൊണ്ടുള്ള ആദായനികുതി അപ്പലറ്റ് ട്രിബ്യൂണലിന്റെ പൊതു ഉത്തരവിനെതിരെ മുംബൈ ബോറിവലിയിലെ സിറ്റിസന്‍ വായ്പാ സഹകരണബാങ്ക് ലിമിറ്റഡ് സമര്‍പ്പിച്ച ഒരു കൂട്ടം അപ്പീലിന്മേലാണു ബോംബെ ഹൈക്കോടതിയുടെ ഉത്തരവുണ്ടായത്. ( ശമ്പളത്തില്‍നിന്നോ മറ്റു പെയ്‌മെന്റുകളില്‍നിന്നോ നിയമപ്രകാരം ഉറവിടത്തില്‍നിന്നു കുറയ്‌ക്കേണ്ട നികുതി – Tax Deducted at Source  – കുറയ്ക്കാതിരിക്കുകയോ കുറച്ച തുക കൃത്യസമയത്തു സര്‍ക്കാരിലേക്ക് അടയ്ക്കാതിരിക്കുകയോ ചെയ്യുമ്പോഴാണ് ഒരു സ്ഥാപനത്തെയോ വ്യക്തിയെയോ വീഴ്ച വരുത്തിയ നികുതിദായകനായി പ്രഖ്യാപിക്കുന്നത് ). ഇത്തരത്തില്‍ പലിശത്തുക കൈമാറുംമുമ്പ് സഹകരണബാങ്കുകള്‍ 2015 ലെ ഫിനാന്‍സ് നിയമമനുസരിച്ച് ഉറവിടത്തില്‍നിന്നുള്ള നികുതിപിടിത്തം ( TDS ) നടത്തിയിരിക്കണമെന്ന വ്യവസ്ഥ സിറ്റിസന്‍ വായ്പാ സഹകരണബാങ്ക് ലംഘിച്ചു എന്നതാണ് ആദായനികുതിവകുപ്പിന്റെ കേസ്.

തങ്ങളുടെ അംഗങ്ങളുടെ നിക്ഷേപത്തിന്മേല്‍ പലിശ നല്‍കുമ്പോഴാണു 2015 ലെ ഭേദഗതിപ്രകാരം സഹകരണബാങ്കുകള്‍ ടി.ഡി.എസ്. പിടിക്കേണ്ടതെന്നും ഒരു സംഘം മറ്റൊരു സംഘത്തിനു നല്‍കുന്ന പലിശയ്ക്കു ടി.ഡി.എസ്. ബാധകമാണെന്നു അതില്‍ പറയുന്നില്ലെന്നുമായിരുന്നു സിറ്റിസന്‍ വായ്പാ സഹകരണബാങ്കിന്റെ വാദം. നിയമപ്രകാരം ഒരു സഹകരണബാങ്ക് സഹകരണസംഘവുമാണെന്നതിനാല്‍ മറ്റൊരു സംഘത്തിനു കൊടുക്കുന്ന പലിശയ്ക്കു ടി.ഡി.എസ്. കുറയ്‌ക്കേണ്ടതില്ലെന്നും സിറ്റിസന്‍ വായ്പാ സഹകരണബാങ്ക് വാദിച്ചു. സഹകരണബാങ്കിന്റെ ഈ വാദം അംഗീകരിച്ചുകൊണ്ട് ബാങ്കിങ്ബിസിനസ് നടത്തുന്നതുകൊണ്ടുമാത്രം ഒരു സഹകരണബാങ്ക് സഹകരണസംഘമല്ലാതാവുന്നില്ലെന്നു ഹൈക്കോടതി നിരീക്ഷിച്ചു.

ആദായനികുതി ( അപ്പീല്‍സ് ) കമ്മീഷണറും ട്രിബ്യൂണലും പ്രത്യക്ഷനികുതിയ്ക്കായുള്ള കേന്ദ്ര ബോര്‍ഡിന്റെ ( CBDT ) 42.7 ഖണ്ഡിക അവഗണിച്ചതായി ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഒരു സഹകരണബാങ്ക് ഒരു സഹകരണസംഘത്തിനു പലിശ നല്‍കുമ്പോള്‍ ടി.ഡി.എസ്സില്‍ അനുവദിക്കുന്ന ഇളവ് സെക്ഷന്‍ 194 എ (3) (V) ല്‍ ഇപ്പോഴും നിലവിലുണ്ട്. അതിനു പകരം, സംഘാംഗങ്ങള്‍ക്കു നല്‍കുന്ന പലിശയെപ്പറ്റി പ്രതിപാദിക്കുന്ന അതേ സര്‍ക്കുലറിലെ 42.5 ഖണ്ഡികയെയാണു ആദായനികുതി വകുപ്പധികൃതര്‍ ആശ്രയിച്ചത്. ഇതാവട്ടെ തര്‍ക്കവിഷയത്തില്‍ ബാധകമല്ലാത്ത കാര്യമാണ്. വ്യത്യസ്ത സാഹചര്യങ്ങളില്‍ ബാധകമാക്കേണ്ട 194 എ (3) (V) ലെ രണ്ടു ഭാഗങ്ങള്‍ ഒരേപോലെ കണക്കാക്കുകവഴി ട്രിബ്യൂണല്‍ നിയമപരമായി തെറ്റാണു ചെയ്തത് – ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ( ബോറിവലിയിലെ സിറ്റിസന്‍ ക്രെഡിറ്റ് സഹകരണബാങ്ക് ലിമിറ്റഡും മുംബൈ ടി.ഡി.എസ്.വാര്‍ഡിലെ ഇന്‍കംടാക്‌സ് ഓഫീസറും തമ്മിലുള്ള ഈ കേസിന്റെ നമ്പര്‍ ഇന്‍കംടാക്‌സ് അപ്പീല്‍ (എല്‍) നമ്പര്‍ 2533 ഓഫ് 2026 ആണ് ).

Related posts

പെസഹാവ്യാഴം സഹകരണ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി രജിസ്ട്രാര്‍

Indian Cooperator

രോഗബാധിതര്‍ക്കും മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും പ്രത്യേക ഇളവ്;  കൃത്യമായി തിരിച്ചടച്ചവര്‍ക്കും പലിശയിളവ്

Indian Cooperator

പിണറായി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് കെ.സി.ഇ.എഫ്.; എങ്കില്‍ കാര്യങ്ങള്‍ പറഞ്ഞുതന്നെ പോകാമെന്ന് കെ.സി.ഇ.യു.

Indian Cooperator
error: Content is protected !!