Indian Cooperator

ഗുജറാത്തില്‍ ബി.ജെ.പി.യ്ക്കു വന്‍തിരിച്ചടി; സഹകരണ പഞ്ചസാരഫാക്ടറിയിലെ 20 വര്‍ഷത്തെ കുത്തക തകര്‍ന്നു

കേന്ദ്ര സഹകരണമന്ത്രി അമിത് ഷായുടെ തട്ടകമായ ഗുജറാത്തിലെ സഹകരണമേഖലയില്‍ ബി.ജെ.പി.യ്ക്കു തിരിച്ചടി കിട്ടിത്തുടങ്ങിയതായി സൂചന. സംസ്ഥാനത്തെ ഏറ്റവും വലിയ സഹകരണ പഞ്ചസാരഫാക്ടറിയുടെ ഭരണസമിതിയിലേക്ക് ആഗസ്റ്റ് 16 നു നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിപിന്തുണയുള്ള സ്ഥാനാര്‍ഥികള്‍ തോറ്റമ്പി. ആകെയുള്ള 15 സീറ്റില്‍ പതിന്നാലും കരിമ്പു കര്‍ഷകരുടെ കിസാന്‍ പരിവര്‍ത്തന്‍ പാനല്‍ വിജയിച്ചു. ബി.ജെ.പി. പിന്തുണച്ച സഹകാര്‍ പാനലിന് ഒറ്റ സീറ്റിലേ ജയിക്കാന്‍ കഴിഞ്ഞുള്ളു. എതിരില്ലാതെയാണ് ഈ സീറ്റ് ജയിച്ചത്. കിസാന്‍ പരിവര്‍ത്തനു കോണ്‍ഗ്രസ്സിന്റെ പിന്തുണയുണ്ടായിരുന്നു.

20 വര്‍ഷമായി ബി.ജെ.പി.യുടെ കൈവശമുള്ള ബര്‍ദോളി സഹകരണ പഞ്ചസാരഫാക്ടറി ഭരണസമിതിയിലേക്കാണു വാശിയേറിയ തിരഞ്ഞെടുപ്പു നടന്നത്. തോറ്റ ബി.ജെ.പി.യുടെ സീനിയര്‍ നേതാക്കളില്‍ ബര്‍ദോളി എം.എല്‍.എ. ഈശ്വര്‍ പാര്‍മറും ഉള്‍പ്പെടും. 1955 ല്‍ സൂറത്ത് ജില്ലയിലെ ബര്‍ദോളിയില്‍ സ്ഥാപിച്ച ഈ സഹകരണ പഞ്ചസാരഫാക്ടറിയുടെ വാര്‍ഷിക വിറ്റുവരവ് 600 കോടി രൂപയാണ്. ഏഷ്യയിലെത്തന്നെ വന്‍കിട സഹകരണ പഞ്ചസാരഫാക്ടറികളിലൊന്നാണിത്. ഗുജറാത്തിലെ ആദ്യത്തെ സഹകരണ പഞ്ചസാരഫാക്ടറിയാണു ബര്‍ദോളിയിലേത്. സൂറത്ത് ജില്ലയിലെ ബി.ജെ.പി. പ്രവര്‍ത്തനത്തിന്റെ പ്രധാന കേന്ദ്രമാണ് ഈ ഫാക്ടറി. സ്ഥാനമൊഴിഞ്ഞ ഭരണസമിതിയില്‍ കിസാന്‍ പരിവര്‍ത്തനില്‍പ്പെട്ട രണ്ടംഗങ്ങള്‍ മാത്രമേയുണ്ടായിരുന്നുള്ളു.

ബര്‍ദോളിയില്‍നിന്നുള്ള ബി.ജെ.പി. നിയമസഭാംഗമായ ഈശ്വര്‍ പാര്‍മറിനെ പട്ടികജാതി / പട്ടികവര്‍ഗ സംവരണസീറ്റില്‍ തോല്‍പ്പിച്ചതു തരുണ്‍കുമാര്‍ വഗേലയാണ്. 2022 ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് ഈശ്വര്‍ പാര്‍മറോട് തോറ്റയാളാണു തരുണ്‍കുമാര്‍. കരിമ്പുകര്‍ഷകരുടെയും വിതരണക്കാരുടെയും പ്രശ്‌നങ്ങള്‍ ഏറ്റെടുത്തതിനാലാണു തങ്ങള്‍ക്കു മികച്ച വിജയം നേടാനായതെന്നു തരുണ്‍കുമാര്‍ പറഞ്ഞു. സൂറത്ത് ജില്ലാ പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റും ബര്‍ദോളി പഞ്ചസാരഫാക്ടറിയുടെ വൈസ് ചെയര്‍മാനും തോറ്റവരില്‍പ്പെടും. മുകേഷ് പട്ടേലിന്റെ നേതൃത്വത്തിലുള്ള കിസാന്‍ പരിവര്‍ത്തന്‍ പാനലില്‍ ജയിച്ചവരില്‍ രണ്ടു വനിതകളും ഉള്‍പ്പെടും. കിസാന്‍ പരിവര്‍ത്തന്റെ തിരഞ്ഞെടുപ്പുചിഹ്നം ട്രാക്ടറായിരുന്നു.

പഞ്ചസാരഫാക്ടറിയുടെ തുടക്കത്തിലെ ഓഹരിമൂലധനം ഇരുപതു ലക്ഷം രൂപയായിരുന്നു. 2016 ല്‍ ഇതു 2.94 കോടി രൂപയാണ്. 5691 അംഗങ്ങളാണു സംഘത്തിലുള്ളത്. തുടക്കത്തില്‍ പ്രതിദിനം 850 ടണ്‍ കരിമ്പാണു പിഴിഞ്ഞിരുന്നത്. ഇപ്പോഴതു 10,000 ടണ്ണാണ്. സ്വാതന്ത്ര്യസമരചരിത്രത്തിലെ മറക്കാനാവാത്ത സ്ഥലമാണു ബര്‍ദോളി. 1922 ല്‍ മഹാത്മാ ഗാന്ധി സത്യാഗ്രഹസമരത്തിനു തുടക്കം കുറിച്ചത് ഇവിടെയാണ്. ബര്‍ദോളിയിലെ ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പുപരാജയം ഇന്ത്യന്‍ കോഓപ്പറേറ്റീവും ദേശീയ ഇംഗ്ലീഷ്പത്രങ്ങളും വലിയ വാര്‍ത്തയാക്കിയിട്ടുണ്ട്.

Related posts

ഏഴ് നഗരങ്ങളില്‍ സൂപ്പര്‍ ഹിറ്റ്; മൂന്നു വര്‍ഷത്തിനകം ഭാരത് ടാക്സി ഇന്ത്യയിലെങ്ങും ഓടും

Indian Cooperator

790 മള്‍ട്ടിസ്‌റ്റേറ്റ് സംഘങ്ങള്‍ക്ക് കേന്ദ്രസഹകരണ രജിസ്ട്രാര്‍ നോട്ടീസ് നല്‍കി

Indian Cooperator

സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് സ്വന്തം നിയമാവലിയുടെ അടിസ്ഥാനത്തിലെന്ന് ഹൈക്കോടതി

Indian Cooperator
error: Content is protected !!