Indian Cooperator

ജ്യോതിഷിയില്‍നിന്നു ആള്‍ദൈവമായി മാറിയ പീഡകന് രണ്ട് സഹകരണ സംഘങ്ങളിലായി 130 അക്കൗണ്ടുകള്‍, 63 കോടിയുടെ ഇടപാട്

മഹാരാഷ്ട്രയിലെ നാസിക്കില്‍ ബലാത്സംഗ, വഞ്ചനക്കേസുകളില്‍ അറസ്റ്റിലായ സ്വയംപ്രഖ്യാപിത ആള്‍ദൈവത്തിനു രണ്ടു വായ്പാ സഹകരണസംഘങ്ങളില്‍ വിവിധ പേരുകളിലായി 130 ലധികം വ്യാജഅക്കൗണ്ടുകള്‍. ഈ അക്കൗണ്ടുകള്‍വഴി ഏതാനും വര്‍ഷത്തിനിടയില്‍ നടന്നത് 63 കോടി രൂപയുടെ ഇടപാടുകള്‍. എല്ലാ അക്കൗണ്ടുകളിലും നോമിനി ആള്‍ദൈവംതന്നെ. ജ്യോതിഷിയില്‍നിന്നു ആള്‍ദൈവമായി മാറിയ അശോക് ഖാരാട്ടിന്റെ കഥയാണിത്. മര്‍ച്ചന്റ് നേവിയിലെ മുന്‍ഓഫീസറായ ആള്‍ദൈവമിപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ഇതുവരെയായി പത്ത് എഫ്.ഐ.ആറുകളാണ് ഇയാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതില്‍ എട്ടെണ്ണം ലൈംഗികാതിക്രമം, സ്ത്രീകളെ ചൂഷണം ചെയ്യല്‍ എന്നിവയുമായി ബന്ധപ്പെട്ടാണ്. രണ്ടെണ്ണം വഞ്ചനക്കേസുകളാണ്. ഒരു പ്രത്യേകാന്വേഷണസംഘമാണു കേസുകള്‍ അന്വേഷിക്കുന്നത്.

അശോക് ഖാരാട്ട് തുറന്ന അക്കൗണ്ടുകളിലൊന്നു മഹാരാഷ്ട്രയിലെ മുന്‍ വനിതാക്കമ്മീഷന്‍ ചെയര്‍പേഴ്‌സന്റെ സഹോദരിയുടെ പേരിലാണെന്നു വാര്‍ത്താഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. ആരോപണവിധേയയായ വനിതാക്കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ ഖാരാട്ടിന്റെ അറസ്റ്റിനെത്തുടര്‍ന്നു കഴിഞ്ഞ മാസം രാജിവെക്കുകയുണ്ടായി. ബലാത്സംഗക്കേസിനു പുറമേ വഞ്ചനക്കേസും ഖാരാട്ടിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വഞ്ചനക്കേസില്‍ ഖാരാട്ടിന്റെ ഭാര്യ കല്‍പനയും മറ്റു മൂന്നു പേരുംകൂടി പ്രതികളാണ്. നാസിക്ക്ജില്ലക്കാരായ ഖാരാട്ട് ദമ്പതിമാര്‍ക്കെതിരെ ഷിര്‍ദിയിലെ നാലേക്കര്‍ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്നാണ് ഒരു കേസ്. ഭൂവുമടയ്ക്കു 5.52 കോടി രൂപയുടെ വായ്പ അനുവദിച്ചശേഷം ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്നാണു പറയപ്പെടുന്നത്. സംഭവത്തില്‍ രണ്ട് ഇടനിലക്കാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കല്‍പനയെയും മറ്റൊരാളെയും പോലീസ് തിരയുകയാണ്. രാജ്യം വിടാതിരിക്കാനായി കല്‍പനയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നു അഹല്യനഗര്‍ പോലീസ് സൂപ്രണ്ട് സോമനാഥ് ഖാര്‍ഗെ അറിയിച്ചു.

അഹല്യനഗര്‍ ജില്ലയിലെ രണ്ടു സഹകരണസംഘങ്ങളിലാണു വ്യാജഅക്കൗണ്ടുകള്‍ തുറന്നത്. ഒരു സംഘത്തില്‍മാത്രം 60 കോടിയിലധികം രൂപയുടെ ഇടപാടുകളാണു നടന്നത്. മറ്റൊന്നില്‍ 2.74 കോടി രൂപയിലധികം രൂപയുടെ ഇടപാടുകളും. എല്ലാ അക്കൗണ്ടുകളിലും നോമിനിയായി ഫോണ്‍നമ്പര്‍സഹിതം ഖാരാട്ടിന്റെ പേരാണു നല്‍കിയിട്ടുള്ളത്. ജ്യോതിഷിയായ ഖാരാട്ട് കിട്ടുന്ന പണമെല്ലാം ഈ അക്കൗണ്ടുകളിലാണു നിക്ഷേപിച്ചിരുന്നത്  – പോലീസ് അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇ.ഡി.യും കേസില്‍ ഇടപെടാനിടയുണ്ട്.

67 കാരനായ ആള്‍ദൈവത്തിനു മഹാരാഷ്ട്രയിലെ ഉന്നത രാഷ്ട്രീയക്കാരുമായും ഉദ്യോഗസ്ഥരുമായും ബന്ധമുണ്ടെന്നാണു പറയപ്പെടുന്നത്. പ്രത്യേകാന്വേഷണസംഘം തെളിവുകളും സാക്ഷിമൊഴികളും ശേഖരിച്ചുവരികയാണ്. 2019 മുതല്‍ ആള്‍ദൈവത്തിന്റെ ഓഫീസില്‍ ജീവനക്കാരനായിരുന്ന ഒരാളാണു അശോക് ഖാരാട്ടിന്റെ ദുഷ്‌ചെയ്തികള്‍ പുറത്തുകൊണ്ടുവന്നത്. ഈ ജീവനക്കാരന്റെ ഭാര്യയെപ്പോലും ആള്‍ദൈവം പല തവണ ലൈംഗികാതിക്രമത്തിനിരയാക്കുകയുണ്ടായി. ഏഴു മാസം ഗര്‍ഭിണിയായിരിക്കുമ്പോഴും ആള്‍ദൈവം ഇവരോട് അതിക്രമം കാണിച്ചിരുന്നു. ഇതറിഞ്ഞ ജീവനക്കാരന്‍ രഹസ്യമായി ക്യാമറ സ്ഥാപിച്ചാണു തെളിവുകള്‍ ശേഖരിച്ചത്. ഇവയല്ലാം പെന്‍ഡ്രൈവിലാക്കി പോലീസിനു കൈമാറുകയുണ്ടായി.

Related posts

പത്തു വര്‍ഷത്തെ കാലാവധിയും മൂന്നു വര്‍ഷത്തെ വിട്ടുനില്‍ക്കലും: സഹകരണരംഗത്ത് കണ്‍ഫ്യൂഷന്‍ തുടരുന്നു

Indian Cooperator

നിക്ഷേപം തിരിച്ചു നൽകിയില്ല; 30 ദിവസത്തിനകം പലിശ സഹിതം നൽകണമെന്ന് ഓംബുഡ്സ്മാൻ്റെ ഉത്തരവ്

Indian Cooperator

ബംഗാളില്‍ ഭരണമാറ്റത്തിന് പിന്നാലെ സഹകരണമേഖലയില്‍ അഴിമതി അന്വേഷണത്തിന് സി.ബി.ഐ.

Indian Cooperator
error: Content is protected !!