Indian Cooperator

എം.ലിജു സഹകരണവകുപ്പ് മന്ത്രിയാകും; ഔദ്യോഗിക വിജ്ഞാപനം പിന്നീട്

വി.ഡി. സതീശന്‍ മന്ത്രിസഭയില്‍ കായംകുളം എം.എല്‍.എ.കൂടിയായ എം.ലിജു മന്ത്രിയാകും. സഹകരണ വകുപ്പിന്റെ ചുമതല അദ്ദേഹത്തിനായിരിക്കും. കോണ്‍ഗ്രസ് നേതാക്കളുടെ ചര്‍ച്ചയില്‍ വകുപ്പുകളുടെ കാര്യത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്. ലിജുവിന് എക്‌സൈസ് വകുപ്പിനൊപ്പം സഹകരണം കൂടി നല്‍കാനാണ് തീരുമാനം. യു.ഡി.എഫ്. സര്‍ക്കാരില്‍ സഹകരണ വകുപ്പിന്റെ മന്ത്രിസ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് നേരത്തെ നേതാക്കള്‍ തീരുമാനിച്ചിരുന്നു. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഓരോ മന്ത്രിമാരുടെയും വകുപ്പുകള്‍ സംബന്ധിച്ച പട്ടിക ഗവര്‍ണര്‍ക്ക് കൈമാറും. ഗവര്‍ണറുടെ അനുമതിയോടെ ഇത് വിജ്ഞാപനമായി പുറത്തിറങ്ങുകയാണ് ചെയ്യുക.

യു.ഡി.എഫ്. സര്‍ക്കാരില്‍ സി.എം.പി.ക്ക് പ്രതിനിധിയുണ്ടാകുമ്പോള്‍ സഹകരണ വകുപ്പ് അവര്‍ക്കായിരുന്നു നല്‍കിയിരുന്നത്. എം.വി.രാഘവന്‍ മന്ത്രിസഭയിലെത്തിയ ഘട്ടം മുതലാണ് ഈ കീഴ് വഴക്കുമുണ്ടായത്. സ്ഥിരമായി സഹകരണ വകുപ്പ് സി.എം.പി.ക്ക് നല്‍കുന്നതിനോട് കോണ്‍ഗ്രസില്‍ എതിര്‍പ്പുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ സി.എം.പി.ക്ക് പ്രതിനിധി ഉണ്ടായിരുന്നില്ല. ഈ സര്‍ക്കാരില്‍ കോണ്‍ഗ്രസാണ് സഹകരണ വകുപ്പിന്റെ ചുമതല വഹിച്ചത്. സി.എന്‍.ബാലകൃഷ്ണനായിരുന്നു മന്ത്രി. ഇടതുസര്‍ക്കാരിന്റെ കാലത്ത് സി.പി.എം. ആണ് സഹകരണ വകുപ്പിന്റെ ചുമതല വഹിക്കാറുള്ളത്. ഈ സഹാചര്യത്തിലാണ് സഹകരണ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന വികാരം പാര്‍ട്ടിക്കുള്ളില്‍ ശക്തമായത്. അത് അംഗീകരിക്കപ്പെട്ടു.

സഹകരണം, എക്‌സൈസ് വകുപ്പുകള്‍ എം.ലിജുവിന് ലഭിക്കുമെന്നാണ് ഏറെക്കുറെ ഉറപ്പിച്ച വിവരം. സഹകരണ സംഘങ്ങള്‍ക്ക് വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാനുള്ള ലൈസന്‍സ് അനുവദിക്കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിട്ടുണ്ട്. പല സംഘങ്ങളും ഇതിനുള്ള പദ്ധതി തയ്യാറാക്കി സഹകരണ വകുപ്പിന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, എക്‌സൈസ് വകുപ്പിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാടല്ല ഉണ്ടായിട്ടുള്ളത്. സഹകരണം-എക്‌സൈസ് വകുപ്പുകള്‍ക്ക് ഒരുമന്ത്രി എത്തുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related posts

എന്താണ് സഹകരണ മേഖലയിലെ പ്രശ്‌നം; ജനങ്ങളുടെ ചോദ്യങ്ങൾ നേരിടാൻ ആദ്യമായി സഹകരണ സഭ

Indian Cooperator

സഹകരണ ജീവനക്കാരുടെ ക്ഷാമബത്ത 13 മുതല്‍ 47 ശതമാനം വരെ കൂട്ടി

Indian Cooperator

കണ്ടലബാങ്കിനു കാഞ്ഞിരം ബാങ്കിനും കേരള സഹകരണ ക്ഷേമവികസന പദ്ധതി വായ്പ 

Indian Cooperator
error: Content is protected !!