Indian Cooperator

സഹകരണബാങ്ക് ജീവനക്കാരുടെ സര്‍വീസ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യാന്‍ രജിസ്ട്രാര്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി

ജീവനക്കാരുടെ പ്രമോഷനുമായി ബന്ധപ്പെട്ട സര്‍വീസ്ചട്ടങ്ങള്‍ ഭേദഗതി ചെയ്യാന്‍ സഹകരണസംഘം രജിസ്ട്രാര്‍ക്കു നിയമപരമായ അധികാരമുണ്ടെന്നു സുപ്രീം കോടതി വിധിച്ചു. ഛത്തീസ്ഗഢ് ഹൈക്കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ടാണു സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവുണ്ടായത്. ടെക്‌നിക്കല്‍ജീവനക്കാര്‍ക്ക് അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളിലേക്കു പ്രമോഷന്‍ നല്‍കുന്നതിനെതിരായ വ്യവസ്ഥ രജിസ്ട്രാര്‍ ഭേദഗതി ചെയ്തതിനാല്‍ ഛത്തീസ്ഗഢ് ഹൈക്കോടതിയുടെ വിധി നിലനില്‍ക്കുന്നതല്ലെന്നു സുപ്രീംകോടതി നിരീക്ഷിച്ചു. ഹര്‍ജിക്കാരനായ എസ്.പി. ചന്ദ്രാകറിന്റെ റദ്ദാക്കിയ പ്രമോഷന്‍ തിരിച്ചുനല്‍കാന്‍ ഉത്തരവിട്ടുകൊണ്ടാണു ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, അഗസ്റ്റിന്‍ ജോര്‍ജ് മാസി എന്നിവരടങ്ങിയ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞത്.

ഛത്തീസ്ഗഢിലെ റായ്പൂര്‍ ജില്ലാ കേന്ദ്ര സഹകരണബാങ്കിലെ ടെക്‌നിക്കല്‍ എന്‍ജിനിയറായ ചന്ദ്രാകറിന്റെ പ്രമോഷനാണു കോടതി കയറിയത്. അസി. എന്‍ജിനിയറായാണു ചന്ദാകറിനെ ആദ്യം നിയമിച്ചിരുന്നത്. 2010 ഡിസംബറില്‍ അദ്ദേഹത്തെ അഡീഷണല്‍ മാനേജരായി പ്രമോട്ട് ചെയ്തു. വകുപ്പുതലത്തിലുള്ള പ്രമോഷന്‍ കമ്മിറ്റിയാണു ചന്ദാകറിന്റെ പ്രമോഷന്‍ ശുപാര്‍ശ ചെയ്തത്. മറ്റൊരു ജീവനക്കാരനായ കിഷോര്‍ ബാഘ് ഇതിനെ ചോദ്യം ചെയ്തു. ടെക്‌നിക്കല്‍ വര്‍ക്കിനു നിയമിച്ച ഒരു ജീവനക്കാരനു ടെക്‌നിക്കല്‍ അല്ലാത്തതോ ഭരണപരമോ ആയ തസ്തികകളിലേക്കു സ്ഥാനക്കയറ്റം നല്‍കുന്നതു 1982 ലെ ഛത്തീസ്ഗഢ് ജില്ലാ സഹകരണ ജീവനക്കാരുടെ സര്‍വീസ്ചട്ടങ്ങളിലെ 5 (3) (എ) വ്യവസ്ഥയനുസരിച്ച് തടയുന്നുണ്ടെന്നായിരുന്നു കിഷോര്‍ ബാഘിന്റെ വാദം. ഛത്തീസ്ഗഢ് ഹൈക്കോടതിയിലെ സിംഗിള്‍ ജഡ്ജി ഈ വാദം അംഗീകരിച്ച് ചന്ദ്രാകറിന്റെ പ്രമോഷന്‍ റദ്ദാക്കി. ഇത്തരത്തില്‍ പ്രമോഷന്‍ നല്‍കുന്നത് അനുവദിച്ചുകൊണ്ട് നിയമപരമായ ഭേദഗതികളൊന്നും ഉണ്ടായിട്ടില്ലെന്നു ചൂണ്ടിക്കാട്ടി പിന്നീട് ഡിവിഷന്‍ ബെഞ്ചും സിംഗിള്‍ ബെഞ്ചിന്റെ വിധി ശരിവെച്ചു. ഇതിനെയാണു ചന്ദ്രാകര്‍ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തത്.

ഛത്തീസ്ഗഢ് സഹകരണസംഘംനിയമത്തിലെ സര്‍വീസ് ചട്ടം 5 (3) (എ), (ബി), (സി) എന്നിവ സഹകരണസംഘം രജിസ്ട്രാര്‍ നിയമപ്രകാരം ഭേദഗതി ചെയ്തിട്ടുണ്ടോ എന്നതായിരുന്നു സുപ്രീംകോടതിയുടെ മുന്നിലുണ്ടായിരുന്ന പ്രധാന ചോദ്യം. ഛത്തീസ്ഗഢ് സഹകരണസംഘംനിയമത്തിലെ നിയമപരമായ ചട്ടക്കൂട് പരിശോധിച്ച ഡിവിഷന്‍ ബെഞ്ചിനു സഹകരണസംഘം ജീവനക്കാരുടെ സേവനവ്യവസ്ഥകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങളുണ്ടാക്കാന്‍ ഛത്തീസ്ഗഢ് സഹകരണസംഘംനിയമത്തിലെ സെക്ഷന്‍ 55 സഹകരണസംഘം രജിസ്ട്രാര്‍ക്ക് അധികാരം നല്‍കുന്നുണ്ടെന്നു ബോധ്യമായി. ഈയൊരു അധികാരം സ്വാഭാവികമായും നിലവിലുള്ള ചട്ടങ്ങളില്‍ ഭേദഗതി വരുത്താനോ ചിലത് ഒഴിവാക്കാനോ രജിസ്ട്രാര്‍ക്ക് അവകാശം നല്‍കുന്നുണ്ടെന്നു കോടതി നിരീക്ഷിച്ചു. ചട്ടങ്ങള്‍ രൂപപ്പെടുത്താന്‍ ഒരാളെ അധികാരപ്പെടുത്തിയാല്‍ അയാള്‍ക്കു ചട്ടങ്ങള്‍ ഭേദഗതി ചെയ്യാനോ മാറ്റാനോ ഒഴിവാക്കാനോകൂടി അധികാരമുണ്ട് – സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ചട്ടങ്ങളോ വിജ്ഞാപനങ്ങളോ പുറപ്പെടുവിക്കാനുള്ള 1897 ലെ ജനറല്‍ ക്ലോസസ് നിയമത്തിലെ സെക്ഷന്‍ 21 ല്‍ അവ ഭേദഗതി ചെയ്യാനോ റദ്ദാക്കാനോ ഉള്ള അധികാരംകൂടിയുണ്ടെന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ചട്ടങ്ങള്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള അറിയിപ്പ് രജിസ്ട്രാര്‍ക്കു പകരം അഡീഷണല്‍ രജിസ്ട്രാറാണു പുറപ്പെടുവിച്ചത് എന്നതായിരുന്നു ഹൈക്കോടതിമുമ്പാകെ ഉയര്‍ത്തപ്പെട്ട ഒരു വാദം. ഈ വാദം സുപ്രീംകോടതി തള്ളി. രജിസ്ട്രാറുടെ ആജ്ഞപ്രകാരം പുറപ്പെടുവിക്കുന്ന വിജ്ഞാപനം എന്ന് അതില്‍ പ്രത്യേകം പറഞ്ഞിട്ടുണ്ടെന്നു സുപ്രീംകോടതി വ്യക്തമാക്കി. രജിസ്ട്രാറുടെ അധികാരത്തിന്‍കീഴിലാണു ഭേദഗതി വരുത്തിയതെന്നു ഛത്തീസ്ഗഢ് സര്‍ക്കാരും വ്യക്തമാക്കിയിരുന്നു. രജിസ്ട്രാര്‍ എടുത്ത ഒരു തീരുമാനം അഡീഷണല്‍ രജിസ്ട്രാര്‍ അറിയിക്കുന്നതില്‍ നിയമതടസ്സമൊന്നുമില്ലെന്നു സുപ്രീം കോടതി പറഞ്ഞു.

രജിസ്ട്രാറുടെ ഭേദഗതി അസാധുവാക്കിക്കൊണ്ടുള്ള ഹെക്കോടതിയുടെ വിധി തെറ്റായിപ്പോയെന്നു സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. തന്നില്‍ നിക്ഷിപ്തമായ നിയമാധികാരമുപയോഗിച്ചാണു രജിസ്ട്രാര്‍ സര്‍വീസ്ചട്ടങ്ങള്‍ ഭേദഗതി ചെയ്തത് എന്നതിനാല്‍ ഹര്‍ജിക്കാരന്റെ പ്രമോഷന്‍ അസാധുവാക്കാനാവില്ല. കോടതിനടപടികള്‍ നീണ്ടുപോയതുകാരണം സിംഗിള്‍ ബെഞ്ചിന്റെ വിധി വരുന്നതിനുമുമ്പു 13 വര്‍ഷം ഹര്‍ജിക്കാരന്‍ പ്രമോഷന്‍ കിട്ടിയ തസ്തികയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട് – കോടതി പറഞ്ഞു. ഹര്‍ജിക്കാരനായ ചന്ദ്രാകറിനു തസ്തിക തിരിച്ചുനല്‍കുകയും അദ്ദേഹത്തിന്റെ സീനിയോറിറ്റി സംരക്ഷിക്കുകയും സ്ഥാനക്കയറ്റംവഴി കിട്ടേണ്ട നിയമപ്രകാരമുള്ള ആനുകൂല്യങ്ങളെല്ലാം നല്‍കുകയും വേണം. അദ്ദേഹത്തിന്റെ തടഞ്ഞുവെച്ച വേതനത്തിന്റെ 50 ശതമാനം രണ്ടു മാസത്തിനുള്ളില്‍ നല്‍കണം. ഇതില്‍ വീഴ്ച വരുത്തിയാല്‍ ആറു ശതമാനം പലിശയും നല്‍കണം – സുപ്രീംകോടതി ഉത്തരവിട്ടു.

Related posts

പ്രാഥമികസംഘങ്ങളില്‍നവീകരണവുംആധുനികവത്കരണവുംസംരംഭകത്വവും പ്രോത്സാഹിപ്പിക്കാന്‍എന്‍.സി.ഡി.സി. വക ഗ്രാന്റ്

Indian Cooperator

ഊരാളുങ്കലിന്റെ പുതിയ പദ്ധതിക്ക് 75.85 കോടിരൂപ ചെലവ്; എന്‍.സി.ഡി.സി. നല്‍കുന്നത് 66.46 കോടി

Indian Cooperator

സഹകരണ വകുപ്പ് മരവിച്ചുകിടക്കുന്നു; പദ്ധതികളില്‍ തീരുമാനവും നടപടിയുമില്ല

Indian Cooperator
error: Content is protected !!