Indian Cooperator

സര്‍ക്കാര്‍ ജീവനക്കാര്‍ വായ്പയെടുത്ത് മുങ്ങിയാല്‍ പെന്‍ഷനില്‍ നിന്ന് പിടിക്കും

* ജാമ്യക്കാരെ കുടുക്കുന്ന രീതിവേണ്ടെന്ന് സര്‍ക്കാര്‍

സെക്രട്ടറിയേറ്റ് സഹകരണ സംഘത്തിലെ വായ്പ തിരിച്ചടക്കാതെ വിരമിച്ച അഡിഷ്ണല്‍ സെക്രട്ടറിയുടെ പെന്‍ഷന്‍ സര്‍ക്കാര്‍ തടഞ്ഞു. വായ്പ കുടിശ്ശിക തീര്‍ത്ത് ബാധ്യതാരഹിത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതുവരെ പെന്‍ഷന്‍ നല്‍കേണ്ടതില്ലെന്നാണ് ഉത്തരവ്. വളരെ നിര്‍ണായകമായ ഒരു നടപടിയാണ് സര്‍ക്കാരില്‍നിന്നുണ്ടായിരിക്കുന്നത്. പെന്‍ഷന്‍ തുക റിക്കവറിക്ക് ഉപയോഗിക്കരുതെന്ന മുന്‍ നിലപാടാണ് മാറ്റിയത്.  വായ്പ എടുത്തയാള്‍ തിരിച്ചടയ്ക്കാതെ ജോലിയില്‍നിന്ന് വിരമിക്കുകയും, ജാമ്യക്കാരുടെ ശമ്പളത്തില്‍നിന്ന് വായ്പാകുടിശ്ശിക തീര്‍ക്കാന്‍ പണം പിടിക്കുകയും ചെയ്യുന്ന രീതിയിലാണ് സര്‍ക്കാരിന്റെ ഈ ഉത്തരവ് നിര്‍ണായകമാകുന്നത്.

തിരുവനന്തപുരം ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ് സ്റ്റാഫ് കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍നിന്ന് ധനകാര്യ വകുപ്പില്‍ അഡിഷ്ണല്‍ സെക്രട്ടറിയായി ജോലിചെയ്ത ഒരു ഉദ്യോഗസ്ഥന്റെ വായ്പാകുടിശ്ശിക സംബന്ധിച്ച തര്‍ക്കത്തിലാണ്, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എല്ലാം ഭാവിയില്‍ ബാധകമാകുന്ന ഉത്തരവ് സര്‍ക്കാരില്‍നിന്നുണ്ടായത്. വായ്പ എടുത്ത അഡീഷണല്‍ സെക്രട്ടറി 2022 മെയ് മാസത്തില്‍ വിരമിച്ചു. 2017-ലാണ് ഇദ്ദേഹം സെക്രട്ടറിയേറ്റ് സ്റ്റാഫ് സഹകരണ സംഘത്തില്‍നിന്ന് വായ്പ എടുത്തത്. വിരമിക്കുന്നതുവരെ അദ്ദേഹം തിരിച്ചടച്ചില്ല. വായ്പ എടുക്കുന്നതിനായി ജാമ്യം മറ്റൊരു ഉദ്യോഗസ്ഥന് സംഘം നോട്ടീസ് നല്‍കി. വായ്പ തുക പൂര്‍ണ്ണമായും അടച്ചുതീര്‍ക്കാത്തതിനാല്‍ റിക്കവറി നോട്ടീസാണ് നല്‍കിയത്. ഇതിനെതിരെ ജാമ്യക്കാരന്‍ സര്‍ക്കാരിന് പരാതി നല്‍കി. വായ്പ എടുത്ത ഉദ്യോഗസ്ഥന്‍ വിരമിച്ചതിന് ശേഷവും വായ്പ തിരിച്ചടയ്ക്കാതെ വിശ്വാസവഞ്ചനയും സാമ്പത്തിക ക്രമക്കേടും നടത്തിയന്നൊയിരുന്നു ജാമ്യക്കാരന്റെ പരാതിയിലെ ആരോപണം.

ഈ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍  പോലീസ് തിരുവനന്തപുരം സിറ്റി ഡി.ഐ.ജി.യെ സര്‍ക്കാര്‍ നിയോഗിച്ചു. ഡി.ഐ.ജി. സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍, 2017ല്‍ സഹപ്രവര്‍ത്തകരുടെ ജാമ്യത്തില്‍ എടുത്ത വായ്പ ഇതുവരെ ക്ലോസ് ചെയ്തിട്ടില്ലെന്നും, ജാമ്യം നിന്ന ജീവനക്കാര്‍ക്ക് സാമ്പത്തിക ബാധ്യത ഉണ്ടായതായും കണ്ടെത്തി. അതിനാല്‍ ഇത്തരം ഉദ്യോഗസ്ഥരില്‍ നിന്നും റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളിലോ പെന്‍ഷനിലോ നിന്ന് കുടിശ്ശിക ഈടാക്കാന്‍ നടപടി സ്വീകരിക്കാമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുകയും ചെയ്തു.

കേരള സര്‍വീസ് ചട്ടത്തില്‍ (കെ.എസ്.ആര്‍. ഭാഗം II ചട്ടം 2(8)) ജോലിയില്‍നിന്ന് വിരമിച്ചാലും ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ആ വ്യവസ്ഥ അടിസ്ഥാനമാക്കി വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന് മുന്നോടിയായി ഇദ്ദേഹത്തിന് വിശദീകരണം നല്‍കാന്‍ നോട്ടീസ് കൊടുത്തു. പി.എസ്.സി.യോടും നിലപാട് ആരാഞ്ഞു. വായ്പ എടുത്ത ഉദ്യോഗസ്ഥന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ട് സര്‍ക്കാര്‍ തള്ളി. പെന്‍ഷന്‍ തടയാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തോട് കേരള പബ്ലിക് സര്‍വീസ് കമ്മീഷനും യോജിച്ചു. ഇതോടെയാണ്, ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഇതുപ്രകാരം സൊസൈറ്റിയിലുള്ള ബാധ്യതകള്‍ പൂര്‍ണ്ണമായും തീര്‍പ്പാക്കി ബാധ്യതരഹിത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതുവരെ  പെന്‍ഷന്‍ പൂര്‍ണ്ണമായും തടഞ്ഞുവയ്ക്കും.

Related posts

റിസ്‌ക് ഫണ്ടില്‍നിന്ന് സഹായം അനുവദിക്കാന്‍ സെക്രട്ടറിക്ക് ചുമതല

Indian Cooperator

സഹകരണസംഘം സെക്രട്ടറിമാര്‍ഇനി ജീവനക്കാരുടെ റേഷന്‍കാര്‍ഡുംപരിശോധിക്കണം

Indian Cooperator

രോഗബാധിതര്‍ക്കും മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും പ്രത്യേക ഇളവ്;  കൃത്യമായി തിരിച്ചടച്ചവര്‍ക്കും പലിശയിളവ്

Indian Cooperator
error: Content is protected !!