Indian Cooperator

ക്ഷേമപെന്‍ഷന്‍ വിതരണത്തില്‍നിന്ന് സഹകരണ സംഘങ്ങളെ ഒഴിവാക്കി; ഇനി പെന്‍ഷന്‍ അക്കൗണ്ടുവഴി

ക്ഷേമപെന്‍ഷന്‍ വിതരണം വീട്ടിലെത്തിച്ചുനല്‍കുന്ന രീതി സര്‍ക്കാര്‍ അവസാനിപ്പിച്ചു. ഇനി പൂര്‍ണമായും കിടപ്പിലായ രോഗികളുടെ പെന്‍ഷന്‍ മാത്രമാണ് വീട്ടിലെത്തിച്ചുനല്‍കുക. അല്ലാത്തവ അക്കൗണ്ടിലൂടെ നല്‍കും. പെന്‍ഷന്‍ വിതരണത്തിന്റെ ചുമതലയില്‍നിന്ന് സഹകരണ സംഘങ്ങളെയും ഒഴിവാക്കി. 2016 ആഗസ്റ്റ് മുതലാണ് പെന്‍ഷന്‍ വീട്ടിലെത്തിച്ചുനല്‍കാനുള്ള തീരുമാനം എല്‍.ഡി.എഫ്. സര്‍ക്കാര്‍ എടുത്തത്. ഇതിന് സഹകരണ സംഘങ്ങളെ ചുമതലപ്പെടുത്തുകയും ചെയ്തു.

2026 ജൂലൈ 27-ന് ധനവകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് പെന്‍ഷന്‍ വിതരണത്തിന്റെ രീതി മാറ്റിയത്. സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനുകള്‍ ഇനി മുതല്‍ ഗുണഭോക്താക്കള്‍ക്ക് Direct Benefit Transfer (DBT) സംവിധാനത്തിലൂടെ അവരുടെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നല്‍കാനാണ് തീരുമാനം. സഹകരണ സംഘങ്ങളിലെ കളക്ഷന്‍ ഏജന്റുമാര്‍ മുഖേനയായിരുന്നു പെന്‍ഷന്‍ വീട്ടിലെത്തിച്ചുനല്‍കിയരുന്നത്. പെന്‍ഷന്‍കാര്‍ക്ക് മാത്രമല്ല, കളക്ഷന്‍ ഏജന്റുമാര്‍ക്കും ഇത് വലിയ ആശ്വാസമായിരുന്നു. പെന്‍ഷന്‍ വിതരണത്തിന് നല്‍കുന്ന ഇന്‍സെന്റീവ് നഷ്ടമുണ്ടാക്കുന്നുവെന്നാണ് യു.ഡി.എഫ്. സര്‍ക്കാരിന്റെ കണ്ടെത്തല്‍. ബജറ്റ് പ്രഖ്യാപനത്തില്‍തന്നെ ക്ഷേമപെന്‍ഷന്‍ വിതരണം അക്കൗണ്ടിലൂടെയാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെയുള്ള സഹകരണ സംഘങ്ങള്‍ വഴി വീടുകളില്‍ പെന്‍ഷന്‍ വിതരണം ചെയ്യുന്നതില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് ധനവകുപ്പിന്റെ ഉത്തരവില്‍ പറയുന്നത്. കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ കമ്പനി ഇത് സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.പെന്‍ഷന്‍ അക്കൗണ്ട് വഴി വിതരണം ചെയ്യുന്നത് പരിഗണിക്കണമെന്ന നിര്‍ദ്ദേശമാണ് പെന്‍ഷന്‍ കമ്പനിയും മുന്നോട്ടുവെച്ചത്. ഇതാണ് അംഗീകരിച്ചിട്ടുള്ളതെന്നാണ് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നത്.

വിതരണം ചെയ്യാത്ത പെന്‍ഷന്‍ തുകകള്‍ സമയത്ത് തിരിച്ചടയ്ക്കുന്നതിലും രേഖപ്പെടുത്തുന്നതിലും വീഴ്ചകള്‍ ഉണ്ടായിരുന്നതായാണ് സര്‍ക്കാര്‍ കണ്ടെത്തി. ഇതുമൂലം പെന്‍ഷന്‍ നല്‍കിയതിന്റെ കണക്ക് ഒത്തുനോക്കല്‍ നടത്താന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അര്‍ഹതയില്ലാത്തവര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നുണ്ടോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. ഒരാള്‍ക്ക് ഒന്നിലധികം തവണ പെന്‍ഷന്‍ ലഭിക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടായതായി ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സര്‍ക്കാരിന്റെ DBT മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തത് സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കാന്‍ ഇടയാകുന്ന സാഹചര്യവും ഉണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സഹകരണ സംഘങ്ങളെ ഒഴിവാക്കുന്നതെന്നാണ് വിശദീകരണം.

സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ കമ്പനിയാണ് പെന്‍ഷന്‍ സംബന്ധിച്ച കണക്കുകള്‍ കൈകാര്യം ചെയ്തിരുന്നത്. അര്‍ഹരായ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് തദ്ദേശ വകുപ്പാണ്. മസ്റ്ററിങ് അടക്കമുള്ള കാര്യങ്ങള്‍ ഇതിനായി കൃത്യമായി നടത്താറുണ്ട്. അതിനാല്‍, സഹകരണ സംഘങ്ങളെ പെന്‍ഷന്‍ വിതരണം ഏല്‍പിച്ചതുകൊണ്ട്, അനര്‍ഹര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്നും കണക്ക് കൃത്യമാകുന്നില്ലെന്നുമുള്ള വാദം അടിസ്ഥാന രഹിതമാണ്. പെന്‍ഷന്‍ വിതരണം മാറ്റുന്നതിനുള്ള ന്യായീകരണത്തിന് സഹകരണ സംഘങ്ങളെ മോശമാക്കുകമാത്രമാണ് ഇതിലൂടെ സര്‍ക്കാര്‍ ചെയ്തത്.

please clik here for related Order

Related posts

നെല്ലുസംഭരണം സഹകരണ സംഘങ്ങളെ ഏല്‍പിച്ചുകൊണ്ട് സപ്ലൈകോ ഉടന്‍ ഉത്തരവിറക്കും

Indian Cooperator

നെല്ല് സംഭരണത്തില്‍നിന്ന് സഹകരണ സംഘങ്ങളെ ഒഴിവാക്കി

Indian Cooperator

മാനദണ്ഡങ്ങള്‍ ലംഘിച്ചമൂന്നു സഹകരണബാങ്കുകള്‍ക്ക്രണ്ടു ലക്ഷം രൂപവീതം പിഴ

Indian Cooperator
error: Content is protected !!