Indian Cooperator

ക്ഷേമപെന്‍ഷന്‍ വീട്ടിലെത്തിക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തി; കടുത്ത പ്രതിഷേധമുയര്‍ത്താന്‍ കെ.സി.ഇ.യു.; വെള്ളിയാഴ്ച ഏരിയാകേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം

ക്ഷേമപെന്‍ഷന്‍ വിതരണത്തില്‍നിന്ന് സഹകരണ സംഘങ്ങളെ ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിയില്‍ കടുത്ത പ്രതിഷേധവുമായി തെരുവിലിറങ്ങാന്‍ കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (കെ.സി.ഇ.യു.). സമരത്തിന്റെ ആദ്യഘട്ടമായി വെള്ളിയാഴ്ച സംസ്ഥാനത്ത് ഏരിയാകേന്ദ്രങ്ങളില്‍ സഹകരണ ജീവനക്കാര്‍ പ്രതിഷേധ പ്രകടനം നടത്തും. ഇതിന് തുടര്‍ച്ചയായി ശക്തമായ സമരങ്ങളുണ്ടാകുമെന്ന് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എൻ.കെ.രാമചന്ദ്രനും പ്രസിഡന്റ് പി.എം.വഹിദയും പറഞ്ഞു.

സാധാരണക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടികൂടിയാണ് സര്‍ക്കാരില്‍നിന്നുണ്ടായിരിക്കുന്നത്. പത്തുവര്‍ഷമായി ഇടതുസര്‍ക്കാര്‍ നടപ്പാക്കിയ ജനകീയ പരിഷ്‌കാരങ്ങളിലൊന്നായിരുന്നു, എല്ലാമാസവും കൃത്യമായി ക്ഷേമപെന്‍ഷന്‍ വീടുകളിലെത്തിച്ചു നല്‍കുക എന്നത്. കേരളത്തിലെ 1625 പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളെയാണ് ഇതിനുള്ള ചുമതല ഏല്‍പിച്ചത്. കോവിഡ് വ്യാപനമുണ്ടായഘട്ടത്തില്‍പോലും പെന്‍ഷന്‍ മുടങ്ങാതെ വീട്ടിലെത്തിച്ചുനല്‍കാന്‍ സഹകരണ ജീവനക്കാര്‍ തയ്യാറായി. എല്ലാവരും അഭിനന്ദിച്ച ഈ നടപടിയെയാണ് യു.ഡി.എഫ്. സര്‍ക്കാര്‍ ഒരു ചര്‍ച്ചപോലും കൂടാതെ ഇല്ലാതാക്കിയത്. ഇത് ജനവിരുദ്ധ നിലപാടിന്റെ പ്രത്യക്ഷ നടപടിയാണെന്ന് യൂണിയന്‍ നേതാക്കള്‍ കുറ്റപ്പെടുത്തി.

സഹകരണ സംഘങ്ങള്‍ക്ക് മേല്‍ കുറ്റപത്രം ചുമത്തിയാണ് ഈ ജനവിരുദ്ധ നിലപാടിലേക്ക് യു.ഡി.എഫ്. സര്‍ക്കാര്‍ എത്തിയത്.
വിതരണം ചെയ്യാത്ത പെന്‍ഷന്‍ തുകകള്‍ സമയത്ത് തിരിച്ചടയ്ക്കുന്നില്ലെന്നതാണ് ഒരു കുറ്റമായി പറയുന്നത്. ഇത്തരം വീഴ്ചകള്‍ ഇതുവരെ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയില്ല. കുറ്റക്കാര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചതായും അറിവില്ല. അര്‍ഹതയില്ലാത്തവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നുണ്ടെന്നാണ് സംഘങ്ങള്‍ക്കെതിരെയുള്ള മറ്റൊരാക്ഷേപം. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതും അതിനുള്ള അര്‍ഹത നിശ്ചയിക്കുന്നതും സഹകരണ സംഘങ്ങളല്ല. ഇതെല്ലാം സര്‍ക്കാരാണ് ചെയ്യുന്നത്. എന്നിട്ടാണ് ഇത്തരമൊരു കുറ്റം ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവില്‍തന്നെ സഹകരണ സംഘങ്ങള്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്.

കോവിഡ് വ്യാപനം, പ്രളയം എന്നിങ്ങനെയുള്ള ഘട്ടത്തില്‍ സ്വന്തം ജീവന്‍പോലും പണയംവെച്ചാണ് സഹകരണ ജീവനക്കാര്‍ ഓരോ വീട്ടിലും പെന്‍ഷന്‍ എത്തിച്ചത്. കേരളം പോലുള്ള സംസ്ഥാനത്ത്, ഗ്രാമീണ മേഖലയില്‍ ബാങ്കിങ് സൗകര്യം തുലോം പരിമിതമാണ്. യാത്രയും ദുഷ്‌കരമാണ്. ഈ സാഹചര്യത്തില്‍ പ്രായാധിക്യമുള്ളവര്‍ക്ക് ബാങ്കുകളിലെത്താനോ എ.ടി.എം.വഴി പണം പിന്‍വലിക്കാനോ കഴിയില്ല. അവര്‍ക്കെല്ലാം ഒരു ആശ്രയമായാണ് സഹകരണ ജീവനക്കാര്‍ മാറിയത്. ഓരോ ഗുണഭോക്താവിന്റെ കൈകളില്‍ പെന്‍ഷന്‍ പണം എത്തിക്കുന്ന ജനകീയ മാതൃകയാണ് ഈ സര്‍ക്കാര്‍ ഇല്ലാതാക്കിയത്. പോസ്റ്റല്‍ വകുപ്പിന് നല്‍കിയരുന്ന പണമാണ് ഇന്‍സെന്റീവായി സഹകരണ ജീവനക്കാര്‍ക്ക് നല്‍കിയത്. അത് അവര്‍ക്കും ഒരു ആശ്വാസമായിരുന്നു. പെന്‍ഷന്‍കാരും സഹകരണ സംഘങ്ങളിലെ ജീവനക്കാരും അടങ്ങുന്ന സാധാരണക്കാരായവരെ പരിഗണിക്കാതെ, വാണിജ്യ ബാങ്കുകളുടെ അക്കൗണ്ടുകളില്‍ പണമെത്തിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് ഈ നടപടിക്ക് പിന്നിലുള്ളത്. ഇതിനെതിരെ ശക്തമായ സമരത്തിന് എംപ്ലോയീസ് യൂണിയന്‍ രംഗത്തിറങ്ങും. പൊതുജനങ്ങളും സഹകരണ ജീവനക്കാരും ഈ സമരത്തിനൊപ്പം നില്‍ക്കുമെന്നും എന്‍.കെ.രാമചന്ദ്രനും വഹീദയും പറഞ്ഞു.

Related posts

നിക്ഷേപ ഗാരണ്ടിസ്‌കീമില്‍ ചേരാത്ത സംഘങ്ങള്‍ക്ക് നിക്ഷേപവിലക്കും പിഴയും

Indian Cooperator

സഹകരണസംഘങ്ങള്‍ക്ക്ബാങ്കിങ് പ്രവര്‍ത്തനംനടത്താം – കേരള ഹൈക്കോടതി

Indian Cooperator

സഹകരണസര്‍വീസ്പരീക്ഷാബോര്‍ഡിന്റെഉദ്യോഗക്കയറ്റ ഒ.എം.ആര്‍.പരീക്ഷകള്‍ മെയ് മൂന്നിന്

Indian Cooperator
error: Content is protected !!