Indian Cooperator

കേരളാബാങ്കിന്റെ സാമ്പത്തിക സഹായം ലഭിച്ചത് 667 സംഘങ്ങള്‍ക്ക്; തുക 2464 കോടി

സംസ്ഥാനത്തു സാമ്പത്തികസഹായം ആവശ്യമായ സഹകരണസംഘങ്ങള്‍ക്ക് ഇതുവരെ 2,464 കോടി രൂപ കേരളബാങ്ക് വായ്പ അനുവദിച്ചിട്ടുണ്ടെന്നും 667 സംഘങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും കേരളബാങ്ക് പ്രസിഡന്റ് പി. മോഹനന്‍ മാസ്റ്റര്‍, വൈസ് പ്രസിഡന്റ് ടി.വി. രാജേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സംഘങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടി 15 ലക്ഷം രൂപയ്ക്കു മുകളിലുളള നിക്ഷേപങ്ങള്‍ക്കായി ബള്‍ക്ക് ഡെപ്പോസിറ്റ് സ്‌കീം ആരംഭിച്ച് 0.50 ശതമാനം പലിശ അധികം നല്‍കിവരുന്നു. കൂടാതെ, കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്ന പ്രാഥമിക സംഘങ്ങള്‍ക്ക് പലിശത്തുകയുടെ അഞ്ചു ശതമാനം ഇന്‍സെന്റീവായി തിരികെ നല്‍കുകയും ചെയ്യുന്നുണ്ട് – ഇരുവരും അറിയിച്ചു.

കേരളബാങ്കിന്റെ ആകെ ബിസിനസ് 1,01,204.41 കോടി രൂപയില്‍നിന്നു ഇപ്പോള്‍ 1,28,697.00 കോടി രൂപയിലെത്തി. 27,492.59 കോടി രൂപയുടെ വളര്‍ച്ച രേഖപ്പെടുത്തി. കേരളത്തിലെ ബാങ്കുകളില്‍ ബിസിനസ് അടിസ്ഥാനത്തില്‍ കേരളബാങ്ക് അഞ്ചാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം 7,700 കോടി രൂപയുടെ വളര്‍ച്ച രേഖപ്പെടുത്തി. ഇതു കേരള ബാങ്ക് രൂപവത്കരിച്ചതിനുശേഷമുളള ഏറ്റവും ഉയര്‍ന്ന വാര്‍ഷികവളര്‍ച്ചയാണ്. കേരളത്തിലെ മൊത്തം ബാങ്കിങ് ബിസിനസ്സിന്റെ ഏഴു ശതമാനം മാര്‍ക്കറ്റ്ഷെയര്‍ കേരളബാങ്കിനാണ്.

ബാങ്കിന്റെ തുടക്കകാലത്ത് 59 വായ്പാസ്‌കീമുകളാണുണ്ടായിരുന്നത്. വിവിധ വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ച് ഇപ്പോള്‍ 81 സ്‌കീമുകളില്‍ വായ്പാവിതരണം നടത്തുന്നുണ്ട്. കൃഷിയുമായി ബന്ധപ്പെട്ട കെ.സി.സി. ക്ഷീരമിത്ര, ഫിഷറീസ്വായ്പകളും പ്രവാസികള്‍ക്കായുളള വായ്പകളും ഇതിലുള്‍പ്പെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 33,900 കോടി രൂപയുടെ വായ്പാവിതരണം നടത്തി. ഇതു മുന്‍വര്‍ഷത്തേക്കാള്‍ 43 ശതമാനം കൂടുതലാണ്.

എം.എസ്.എം.ഇ.വായ്പകളില്‍ 5,596 കോടി രൂപ ബാക്കിനില്‍പുണ്ട്. ഇതു മൊത്തം വായ്പയുടെ 12 ശതമാനമാണ്. കഴിഞ്ഞ രണ്ടു വര്‍ഷംകൊണ്ട് 3,005 കോടി രൂപ 51,300 യൂണിറ്റുകള്‍ക്കായി വായ്പ നല്‍കി. ഇതുവഴി പുതിയ 75,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. ബാങ്കിന്റെ മൊത്തം വായ്പകളില്‍ 24 ശതമാനവും കാര്‍ഷിക മേഖലയിലെ വിവിധ വായ്പാ പദ്ധതികളിലൂടെ വിതരണം നടത്തിയതാണ്. ഇതില്‍ കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് നബാര്‍ഡ് വഴി കെ.സി.സി. വായ്പകളും അനുവദിക്കുന്നുണ്ട്.

കേരളബാങ്ക് രൂപവത്കരണത്തിനുശേഷം ആകെ നിക്ഷേപം 61,017.59 കോടി രൂപയില്‍നിന്നു 75,457 കോടി രൂപയായും വായ്പ 40,186.82 കോടി രൂപയില്‍നിന്നു 53,240 കോടി രൂപയായും വര്‍ധിച്ച് ആകെ ബിസിനസ്സില്‍ 27,492.59 കോടി രൂപയുടെ വര്‍ധനവുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതില്‍ സ്വര്‍ണപ്പണയ വായ്പയില്‍ കഴിഞ്ഞ വര്‍ഷം മാത്രം 6,000 കോടി രൂപയിലധികം വര്‍ധന വരുത്തിക്കൊണ്ട് ഇപ്പോള്‍ വായ്പാ ബാക്കിനില്‍പ് 12,400 കോടി രൂപയായിട്ടുണ്ട്.

കേരളബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിച്ചിട്ടുളള ഒമ്പതു ശതമാനത്തിനു മുകളിലാണ്. മൂലധന പര്യാപ്തതാ അനുപാതം നിലനിര്‍ത്താന്‍ തന്‍വര്‍ഷം 200 കോടി രൂപയുടെ ദീര്‍ഘകാല സബോര്‍ഡിനേറ്റ് ബോണ്ടുകള്‍ സംഘങ്ങളില്‍നിന്നു സമാഹരിച്ചിട്ടുണ്ട്. കൂടാതെ, നബാര്‍ഡില്‍നിന്നു 200 കോടി രൂപയുടെ വായ്പയെടുക്കുന്നതു സര്‍ക്കാരിന്റെ പരിഗണനയിലാണ്. ബാങ്ക് അടുത്തുതന്നെ പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ക്കും മറ്റിടപാടുകാര്‍ക്കും ഇന്റര്‍നെറ്റ് ബാങ്കിങ് സേവനങ്ങള്‍ നല്‍കും. ഇതുസംബന്ധിച്ചു റിസര്‍വ് ബാങ്കിന്റെ അംഗീകാരം താമസിയാതെ കിട്ടും.

പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങളുമായുള്ള ജൈവബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലതോറും പാക്സ് ഉപദേശകസമിതികളെയും റിലേഷന്‍ഷിപ്പ് മാനേജരെയും നിയമിച്ചുകൊണ്ട് ശക്തമായ ഇടപെടലുകള്‍ കേരളബാങ്ക് നടത്തിയിട്ടുണ്ട്. സംഘങ്ങളുടെ പുനരുദ്ധാരണ പാക്കേജ് സമര്‍പ്പിച്ച് നബാര്‍ഡിന്റെ ഉപസമിതിയുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്.

കഴിഞ്ഞ ഓഗസ്റ്റില്‍ പി.എസ്.സി.യില്‍നിന്നു ക്ലാര്‍ക്ക് തസ്തികയില്‍ 409 പേര്‍ക്ക് അഡൈ്വസ് ചെയ്തിരുന്നുവെങ്കിലും ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ നിയമനം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ബാങ്കിന്റെ ശക്തമായ ഇടപെടലിന്റെ ഭാഗമായി ഇപ്പോള്‍ പഴയ കോടതിനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പഴയ ജില്ലാ ബാങ്കുകളുടെ പി.എസ്.സി..ലിസ്റ്റില്‍നിന്നു 95 പേര്‍ക്കും കേരളബാങ്ക് ക്ലാര്‍ക്ക് ലിസ്റ്റില്‍നിന്നു 409 പേര്‍ക്കും നിയമന ഉത്തരവ് നല്‍കി. ഇവരെല്ലാം ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്.
കേരളബാങ്ക് രൂപവത്കരിച്ചതിനുശേഷം പി.എസ്.സി.വഴി പുതുതായി 795 പേര്‍ വിവിധ തസ്തികകളിലായി ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്. ഈ ഭരണസമിതി നിലവില്‍ വന്നശേഷം 382 കാഷ്യര്‍, 186 അസി. മാനേജര്‍, 104 ഓഫീസ് അറ്റന്‍ഡന്റ് അടക്കം 672 പേരുടെ നിയമനം നടത്തിയിട്ടുണ്ട്.

ജൂലായ് 22നു ചേര്‍ന്ന ബാങ്ക് ഭരണസമിതിയോഗം 102 ഒഴിവുകള്‍ പി.എസ്.സി.ക്കു റിപ്പോര്‍ട്ട് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരുടെ ഒഴിവാണ്. നാല് അസി. മാനേജര്‍മാരുടെ യും 90 ക്ലാര്‍ക്ക് കാഷ്യര്‍മാരുടെയും ഒരു ഡ്രൈവര്‍-കം-അറ്റന്‍ഡന്റിന്റെയും അഞ്ചു പി.ആര്‍.ഒ.മാരുടെയും ഒഴിവാണുള്ളത്. കൂടാതെ, നിലവില്‍ എന്‍.ജെ.ഡി. ആയിട്ടുളള ഒഴിവുകളും മുന്‍കാലത്തെ എന്‍.സി.എ. ഒഴിവുകളും നികത്താനുളള നടപടിയും സ്വീകരിക്കുന്നുണ്ട്. ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം നടപ്പാക്കി. ഇക്കഴിഞ്ഞ മാര്‍ച്ച് മുതല്‍ പുതിയ ശമ്പളം അനുവദിച്ചു. ശമ്പളപരിഷ്‌കരണ കുടിശ്ശിക രണ്ടു ഗഡുക്കളായി നല്‍കും. അതില്‍ ആദ്യഗഡു ജൂലായിലെ ശമ്പളത്തോടൊപ്പം നല്‍കും.

സമസ്ത മേഖലയിലെയും സാമ്പത്തികാവശ്യങ്ങള്‍ക്കും കേരളബാങ്കിനെ ആശ്രയിക്കത്തക്കരീതിയില്‍ വിവിധ പദ്ധതികളും പ്രവര്‍ത്തനങ്ങളും ആവിഷ്‌കരിക്കുന്നുണ്ട്. അതിന്റെ ഭാഗമായി വിവിധവിഭാഗം ജനങ്ങളുമായി സംവദിക്കുന്നതിനു പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. നോര്‍ക്കയുമായി സഹകരിച്ച് പ്രവാസികളുടെയും പ്രവാസി സംരംഭകരുടെയും സംഗമം കോഴിക്കോട്ട് നടത്തും. സ്റ്റാര്‍ട്ടപ് മിഷനുമായി സഹകരിച്ച് ഐ.ടി. അധിഷ്ഠിത സംരംഭകരെയും ഈ മേഖലയിലെ നവീനങ്ങളായ ആശയങ്ങള്‍ പ്രധാനം ചെയ്യുന്നവരെയും ഉള്‍ക്കൊളളിച്ച് ഐ.ടി. മീറ്റ് നടത്തും. എം.എസ്.എം.ഇ.സംരംഭകരെയും പുതിയ സംരംഭകരെയും ഉള്‍ക്കൊളളിച്ച് എം.എസ്.എം.ഇ.മീറ്റ്, കാര്‍ഷിക മേഖലയിലെ സംരംഭകരെയും കര്‍ഷകരെയും കര്‍ഷകസംഘടനകളെയും പങ്കെടുപ്പിച്ച് കോട്ടയത്തു കാര്‍ഷികസംഗമം, നിലവിലുളള വ്യവസായസംരംഭകരുടെ പുതിയ പദ്ധതികള്‍ക്ക് സഹായകമാകുന്ന രീതിയില്‍ തൃശ്ശൂരില്‍ സംരംഭകസംഗമം, വയനാട്ടില്‍ ക്ഷീരകര്‍ഷക സംഗമം എന്നിവയും നടത്തും – മോഹനന്‍ മാസ്റ്ററും രാജേഷും അറിയിച്ചു.

കേരളബാങ്ക് സി.ഇ.ഒ. ജോര്‍ട്ടി എം. ചാക്കോ, എക്സിക്യുട്ടീവ് ഡയറക്ടര്‍ റോയ് എബ്രഹാം എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related posts

സഹകരണമേഖലയില്‍ ആധനുനിക സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്താന്‍ പദ്ധതിയുമായി സര്‍ക്കാര്‍

Indian Cooperator

സഹകരണ വാർത്തകൾ സമഗ്രതയോടെ വായിക്കാൻ ഇനി ഇന്ത്യൻ കോഓപ്പറേറ്റർ

Indian Cooperator

സംഘങ്ങളുടെ എം.ഡി.എസ്സുകള്‍ക്ക് ജി.എസ്.ടി. ബാധകമാക്കിയത് ഹൈക്കോടതി സ്റ്റേ ചെയ്തു

Indian Cooperator
error: Content is protected !!